മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് ബ്ലെസി. പദ്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികളില്‍ സംവിധാനസഹായിയായാണ് ബ്ലെസി തന്റെ സിനിമാജീവിതം ആരംഭിച്ചത്. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ റിലീസായ കാഴ്ചയിലൂടെ സ്വതന്ത്രസംവിധായകനായി മാറി.
20 വര്‍ഷത്തെ കരിയറില്‍ വെറും എട്ട് സിനിമകള്‍ മാത്രമേ ബ്ലെസി ചെയ്തിട്ടുള്ളൂ. മൂന്ന് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ബ്ലെസി നേടി. ഏറ്റവും ഒടുവിലിറങ്ങിയ ആടുജീവിതവും അവാർഡ് വേദിയിൽ തിളങ്ങിയിരുന്നു.
തനിക്ക് സമൂഹത്തോട് പ്രതിബദ്ധത ഉണ്ടെന്നും തന്റെ സിനിമകളിലൂടെ കുറേ നല്ല ചിന്തകള്‍ സമൂഹത്തിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബ്ലെസി പറയുന്നു. ഒരുപാട് ചികിത്സകൾ നടത്തിയിട്ടും മദ്യപാനം നിർത്താതെ ഒരാൾ തന്റെ തന്മാത്ര എന്ന സിനിമ കണ്ടപ്പോൾ മദ്യപാനം ഉപേക്ഷിച്ചെന്നും എന്നാൽ മദ്യപാനത്തെ കുറിച്ചുള്ള ഒരു സീനും താൻ തന്മാത്രയിൽ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നുവെന്നും ബ്ലെസി പറയുന്നു.
തന്മാത്രയിൽ കണ്ട കുടുംബ ബന്ധങ്ങളുടെ ആഴമാണ് അയാളെ അങ്ങനെ പ്രേരിപ്പിച്ചതെന്നും അയാളുടെ ഹൃദയത്തിലാണ് ആ വ്യത്യാസം ഉണ്ടായതെന്നും ബ്ലെസി പറഞ്ഞു. കാഴ്ചയിലെ നായകന്‍ മാധവന്‍ ഭിക്ഷയാചിച്ചുവന്ന ഒരു കുട്ടിക്ക് പത്തുരൂപ കൊടുക്കുന്ന രംഗം കണ്ടിട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളിനിറങ്ങിയ ഒരാൾ തനിക്ക് കത്തയച്ചിരുന്നുവെന്നും ബ്ലെസി കൂട്ടിച്ചേർത്തു. കലാകൗമുദിയോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
‘വ്യക്തിയെന്ന നിലയിലും സാമൂഹികജീവിയെന്ന നിലയിലുമാണ് എനിക്ക് സമൂഹത്തോട് പ്രതിബദ്ധതയുള്ളത്. ചലചിത്രകാരന്‍ എന്ന നിലയില്‍ എന്റെ സിനിമകള്‍ സമൂഹത്തോട് എന്ത് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത് ആ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ്. ഇതുവരെയുള്ള എന്റെ സിനിമകളിലൂടെ കുറേ നല്ല ചിന്തകള്‍ സമൂഹത്തിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതാണ് വിശ്വാസം.
ചികിത്സകള്‍ ഏറെ ചെയ്തിട്ടും മദ്യപാനം നിര്‍ത്താന്‍ കഴിയാതിരുന്ന അയര്‍കുന്നംകാരനായ മദ്യപാനിനായ ഒരാള്‍ തന്മാത്ര എന്ന സിനിമ കണ്ട് മദ്യപാനം നിര്‍ത്തിയതായറിയാം. മദ്യപാനത്തിനെതിരെ ബോധപൂര്‍വം ഒരു സന്ദേശവും തന്മാത്രയിലൂടെ ഞാന്‍ നല്‍കിയിട്ടില്ല.
മദ്യപിക്കുന്ന ഒരു സീനോ അതിനെതിരായ എന്തെങ്കിലും സന്ദേശമോ ഇല്ല. എങ്കിലും ആ മദ്യപാനിയില്‍ വ്യത്യാസം വരുത്തിയത് തന്മാത്രയിൽ കണ്ട കുടുംബ ബന്ധങ്ങളുടെ ആഴമാണ്. ആ സന്ദേശം ഒരു മദ്യപാനിയുടെ ഹൃദയത്തിലാണ് വ്യത്യാസമുണ്ടാക്കിയതെന്നത് വളരെ യാദൃശ്ചികമാണ്.
കാഴ്ചയിലെ നായകന്‍ മാധവന്‍ ഭിക്ഷയാചിച്ചുവന്ന ഒരു കുട്ടിക്ക് പത്തുരൂപ നല്‍കുന്നുണ്ട്. പത്തുരൂപ അന്ന് ഒരു ചെറിയ തുകയല്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളിനിറങ്ങിയ ഒരാള്‍ ആ സിനിമ കണ്ട് എനിക്കൊരു കത്തയച്ചു. ഒരാള്‍ക്ക് ഭിക്ഷ കൊടുക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണം കഴിക്കാനുള്ള തുകയെങ്കിലും കൊടുക്കണമെന്ന തിരിച്ചറിവ് ആ രംഗത്തില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നതായിരുന്നു കത്തിലെ ഉള്ളടക്കം,’ബ്ലെസി പറയുന്നു.
Content Highlight: Blessy About Thanmathra And Kazhcha Movie