ന്യൂദല്‍ഹി: ആപ്പിള്‍ എക്‌സിക്യൂട്ടീവ് വിവേക് തിവാരിയെ ഉത്തര്‍ പ്രദേശ് പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹിന്ദുവായിരുന്നിട്ടും ബി.ജെ.പി ഭരണത്തില്‍ വിവേക് എങ്ങനെ കൊല്ലപ്പെട്ടുവെന്നാണ് കെജ്‌രിവാളിന്റെ ചോദ്യം.
വിവേക് തിവാരിയുടെ കുടുംബം ബി.ജെ.പി അനുഭാവികളായിരുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിലാണ്, ഹിന്ദുവായിരുന്നിട്ടും വിവേക് എങ്ങിനെ കൊല്ലപ്പെട്ടുവെന്ന ചോദ്യം അദ്ദേഹം ചോദിച്ചത്. ബി.ജെ.പി ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടു പ്രവര്‍ത്തിക്കില്ലെന്നും വോട്ടര്‍മാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും കെജ്‌രിവാള്‍ പറയുന്നു.
അധികാരത്തിനായി ഹിന്ദുക്കളേയും ബി.ജെ.പിക്കാര്‍ കൊലപ്പെടുത്താന്‍ മടിക്കില്ല. വിവേക് ഹിന്ദുവായിട്ടു പോലും രക്ഷപ്പെടാന്‍ സാധിച്ചില്ല. മുസ്‌ലിങ്ങള്‍ക്കും ദളിതര്‍ക്കും ശേഷം ഹിന്ദുക്കള്‍ക്കും തങ്ങള്‍ ആക്രമിക്കപ്പെടുമെന്ന തിരിച്ചറിവുണ്ടായിട്ടുണ്ട്. – കെജ്‌രിവാള്‍ പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് വിവേക് തിവാരിയെ പൊലീസ് വെടിവെച്ചു കൊന്നത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഓടിച്ചുപോയെന്ന് പറഞ്ഞാണ് പൊലീസ് വെടിവെയ്പ് നടത്തിയത്.
സംഭവം നടക്കുമ്പോള്‍ വിവേക് തിവാരിയ്ക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് സനാ ഖാന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രണ്ട് കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം കൊലപാതകത്തെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് ജലസേചന വകുപ്പു മന്ത്രി ധരംപാല്‍ സിംഗ് രംഗത്തെത്തിയിട്ടുണ്ട്. ക്രിമിനലുകള്‍ മാത്രമേ ഇത്തരം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടാറുള്ളൂ എന്നാണ് മന്ത്രിയുടെ പരാമര്‍ശം.