അഗര്‍ത്തല: സി.പി.ഐ.എമ്മിന്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യു നിരോധിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ ത്രിപുര നിയമസഭയില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി എം.എല്‍.എയായ രാമപ്രസാദ് പാല്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് സഭയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ സഭയില്‍ വാക്‌പോര് നടന്നു.
“ത്രിപുര മോട്ടോര്‍ ശ്രമിക് യൂണിയന്‍ എന്ന സി.ഐ.ടി.യുവിന്റെ കീഴിലുള്ള സംഘടനയുടെ നഗര്‍ജലയിലെ ഓഫീസില്‍ നിന്നുള്‍പ്പെടെ അനധികൃതമായി സൂക്ഷിച്ച ആയുധങ്ങളും വെടിയുണ്ടകളുമെല്ലാം കണ്ടെത്തി. സി.പി.ഐ.എമ്മിന്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യു സ്‌പോണ്‍സര്‍ ചെയ്യുന്ന അക്രമങ്ങളാല്‍ നഗര്‍ജല പോലുള്ള പ്രദേശങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഈ അവസരത്തില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെടുക മാത്രമല്ല, ത്രിപുരയില്‍ സി.ഐ.ടി.യു നിരോധിക്കാനും കൂടിയാണ് ഞാന്‍ ആവശ്യപ്പെടുന്നത്.” -രാമപ്രസാദ് പാല്‍ സഭയില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഉറപ്പു നല്‍കി.
നഗര്‍ജലയിലെ സി.ഐ.ടി.യു ഓഫീസിന്റെ ജനലുകള്‍ പൊലീസ് പരിശോധനയ്ക്കു ശേഷം തുറന്നിരുന്നത് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.ഐ.എം എം.എല്‍.എ സഹിദ് ചൗധരി ആവശ്യപ്പെട്ടു. ഈ ഓഫീസ് ബി.ജെ.പിക്കാര്‍ പിടിച്ചെടുത്തതാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന മാര്‍ച്ച് മൂന്നിനു ശേഷം ഒരു സി.പി.ഐ.എം പ്രവര്‍ത്തകന്‍ പോലും അങ്ങോട്ടു പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂരിഭാഗം സി.പി.ഐ.എം ഓഫീസുകളും അനധികൃത ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് മറ്റൊരു ബി.ജെ.പി എം.എല്‍.എയായ ബിസ്വ ബന്ധു സെന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ.എമ്മുകാര്‍ അപരാധികളാണെന്ന് ഐ.പി.എഫ്.ടി എം.എല്‍.എയും പറഞ്ഞു.
തങ്ങള്‍ അപരാധികളാണെന്നാണ് ബി.ജെ.പി പറയുന്നതെങ്കില്‍ അതിന് പാപ പരിഹാരം ചെയ്യാനുള്ള സാഹചര്യം സംസ്ഥാനത്ത് ഒരുക്കണമെന്ന് സി.പി.ഐ.എം എം.എല്‍.എ ഭാനു ലാല്‍ സാഹ പറഞ്ഞു. തങ്ങള്‍ക്ക് റാലി നടത്താനോ പാര്‍ട്ടി പ്രവര്‍ത്തനം നടത്താനോ കഴിയുന്നില്ലെങ്കില്‍ പ്രതിപക്ഷമെന്ന നിലയില്‍ തങ്ങള്‍ എങ്ങിനെ അതിജീവിക്കുമെന്നും അദ്ദേഹം ചോദിച്ചു.
Watch Video Report: പ്രജിത് ജയ്പാൽ കുതിക്കുകയാണ്, ചക്രക്കസേരയിൽ നിന്ന് കാറോടിച്ച് ഡൽഹിയിലേക്ക്