കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത ആഘാതമേല്‍പ്പിച്ചായിരുന്നു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സുവേന്തു അധികാരി പാര്‍ട്ടി വിട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയില്‍ വെച്ച് കഴിഞ്ഞ ദിവസം സുവേന്തു ബി.ജെ.പി അംഗത്വം സ്വീകരിക്കുകയും ചെയ്തു.
മൂന്ന് വര്‍ഷം മുന്‍പാണ് മമതയുടെ വലംകൈയായിരുന്നു മുകുള്‍ റോയ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയ ഈ രണ്ട് നേതാക്കളുടേയും മുന്‍കാലത്തെ അഴിമതി ചരിത്രം ഇപ്പോള്‍ ബി.ജെ.പിയെ വെട്ടിലാക്കുകയാണ്.
നാലുവര്‍ഷം മുമ്പ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ബി.ജെ.പിക്ക് തന്നെ ഇപ്പോള്‍ തിരിച്ചടിയായത്.
മുകുള്‍ റോയ്, സുവേന്തു അധികാരി എന്നിവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ 2016ല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവന്നിരുന്നു. അന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ ബി.ജെ.പി ഇത് വലിയ രാഷ്ട്രീയ ആയുധമാക്കുകയും സ്റ്റിങ് ഓപറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ ബി.ജെ.പിയുടെ ബംഗാള്‍ ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
2016 മാര്‍ച്ച് 14ലെ ഈ പോസ്റ്റ് ഇപ്പോഴും ബി.ജെ.പി നീക്കം ചെയ്തിട്ടില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അഴിമതി നടത്തിയവരെ പ്രതിക്കൂട്ടിയാക്കിയ ബി.ജെ.പി സ്വന്തം പാര്‍ട്ടിയില്‍ അവരെത്തിയതോടെ വിശുദ്ധരാക്കിയെന്നാണ് ഒരുവിഭാഗം പറയുന്നത്. അന്നത്തെ വീഡിയോ ഇനി ബി.ജെ.പി ഔദ്യോഗിക പേജില്‍ നിന്നും ഒഴിവാക്കുമായിരിക്കുമെന്നാണ് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
ബംഗാളില്‍ അടിത്തറയില്ലാതിരുന്ന അമിത് ഷായും സംഘവും തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് ഇറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ബി.ജെ.പി ആ ശ്രമം തുടങ്ങിവെച്ചിരുന്നു. അന്നും ബി.ജെ.പിയുടെ പ്രധാന ആയുധം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെയായിരുന്നു.
ശാരദ ചിട്ടിഫണ്ട് തട്ടിപ്പില്‍പ്പെട്ടു പോയ മമതയുടെ വിശ്വസ്തനായ മുകുള്‍റോയിയെ അന്ന് അന്വേഷണ ഏജന്‍സികള്‍ വലിയ രീതിയില്‍ വേട്ടയാടി അതിനൊടുവിലാണ് 2017ല്‍ മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേരുന്നത്.
കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ എത്തിയ മമതയുടെ വലംകൈ ആയിരുന്ന സുവേന്തു അധികാരിയാവട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണക്കുരുക്കിലായിരുന്നു. നേതാക്കളുടെ കാലുമാറ്റത്തിന് പിന്നാലെ ബി.ജെ.പിയുടെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള കളിയും ചര്‍ച്ചയാകുന്നുണ്ട്.
അതേസമയം മുകുള്‍റോയിയേക്കാള്‍ കനത്ത നഷ്ടമാണ് സുവേന്തുവിന്റെ കാലുമാറ്റത്തിലൂടെ തൃണമൂലിന് സംഭവിച്ചിരിക്കുന്നത്. തെക്കുകിഴക്കന്‍ ബംഗാളില്‍ വലിയ ജനസ്വാധീനമുള്ള നേതാവാണ് സുവേന്തു. മമതയുടെ സിംഗൂര്‍, നന്ദിഗ്രാം പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചതും സുവേന്തുവായിരുന്നു. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്ന ശിശിര്‍ അധികാരിയുടെ മകനാണ് സുവേന്തു അധികാരി.
294 അംഗ നിയമസഭയില്‍ 200 സീറ്റും പിടിച്ച് മമത ബാനര്‍ജിയെ വെറും പുല്‍ക്കൊടി മാത്രമാക്കി മാറ്റുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇക്കുറി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണങ്ങളും ബംഗാളില്‍ നടക്കുന്നത്.
ബംഗാള്‍ പിടിക്കാന്‍ ഏതറ്റം വരെയും ബി.ജെ.പി പോകുമെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏതാനും എം.എല്‍.എമാരെ കൂടി ബി.ജെ.പി ചാക്കിലാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക