കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ചോര്‍ച്ച; വിശദീകരണവുമായി ബി.ജെ.പി ഐ.ടി സെല്‍ മേധാവി
Karnataka Election
കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ചോര്‍ച്ച; വിശദീകരണവുമായി ബി.ജെ.പി ഐ.ടി സെല്‍ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th March 2018, 8:10 pm

ന്യുദല്‍ഹി: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും മുമ്പേ പുറത്ത് വിട്ട സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും അമിത് മാളവ്യയും. ഒരു വാര്‍ത്ത ചാനല്‍ തെരഞ്ഞെടുപ്പ് തീയതി വാര്‍ത്തയായി പുറത്തുവിട്ട ശേഷമാണ് ബി.ജെ.പി ഐ.ടി സെല്‍ ചുമതലയുള്ള അമിത് മാളവ്യ ട്വീറ്റ് ചെയ്‌തെന്ന് നഖ്‌വി പറഞ്ഞു.


Read Also : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനമാണോ  പ്രഖ്യാപിക്കുക; കോടിയേരി ബാലകൃഷ്ണന്‍


തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തെ ഇകഴ്ത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും നഖ്‌വി പറഞ്ഞു. തീയതി ട്വീറ്റിലൂടെ പുറത്തു വിട്ട സംഭവം വിവാദമായതിന് പിന്നാലെ നഖ്‌വിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അമിത് മാളവ്യ തന്റെ ഭാഗം വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് കത്തയച്ചു. 11.06 ന് ഇംഗ്ലീഷ് ന്യൂസ് ചാനല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന് ശേഷം 11.08 ന് ആണ് താന്‍ ട്വീറ്റ് ചെയ്തത്. കര്‍ണാടക കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും ഇതേ സമയത്ത് ട്വീറ്റ് ചെയ്തിരുന്നതായും അമിത് മാളവ്യ വിശദീകരിച്ചു. ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടും മറ്റ് ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും അമിത് തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ ഹാജരാക്കി.


Read Also : അമിത് ഷാ ജീ, അപ്പോള്‍ നിങ്ങള്‍ സത്യം പറയും അല്ലേ! അമിത് ഷായെ ട്രോളി ദിവ്യ സ്പന്ദനയും


2018 മെയ് 12 ന് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുമെന്നും മെയ് 18 ന് വോട്ടെണ്ണല്‍ നടക്കുമെന്നുമായിരുന്നു ട്വീറ്റ്. എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് എങ്ങനെ ബി.ജെ.പി ഐ.ടി സെല്‍ തലവന് തിയതി ലഭിച്ചുവെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും നിയമവിരുദ്ധമായി എന്ത് പ്രവര്‍ത്തനം നടക്കുകയാണെങ്കിലും അതിനെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞത്.

അതേസമയം പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി മാറ്റാന്‍ സാധ്യതയുണ്ട്.