15 ദിവസത്തിനുള്ളില്‍ രണ്ട് മന്ത്രിമാര്‍ കൂടി രാജിവെക്കും; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ വീഴുമെന്ന് ബി.ജെ.പി അധ്യക്ഷന്‍
Kerala
15 ദിവസത്തിനുള്ളില്‍ രണ്ട് മന്ത്രിമാര്‍ കൂടി രാജിവെക്കും; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ വീഴുമെന്ന് ബി.ജെ.പി അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th April 2021, 3:48 pm

മുംബൈ: വരുന്ന 15 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും രണ്ട് മന്ത്രിമാര്‍ കൂടി രാജിവയ്ക്കേണ്ടിവരുമെന്നും സംസ്ഥാനത്ത് ഇതോടെ രാഷ്ട്രപതി ഭരണം വരുമെന്നും മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍.

അഴിമതി ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു.

മറ്റൊരു മന്ത്രിയായ അനില്‍ പരാബും അഴിമതി ആരോപണത്തിന്റെ പിടിയിലാണ്. എന്നാല്‍ ശിവസേന നേതാവ് കൂടിയായ അനില്‍ പരാബ് തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് സംസ്ഥാന മന്ത്രിമാര്‍ക്ക് 15 ദിവസത്തിനകം രാജിവയ്ക്കേണ്ടിവരുമെന്ന ഭീഷണി ബി.ജെ.പി അധ്യക്ഷന്‍ ഉയര്‍ത്തിയത്.

ചിലര്‍ ഈ മന്ത്രിമാര്‍ക്കെതിരെ കോടതിയില്‍ പോകും. തുടര്‍ന്ന് അവര്‍ രാജിവെക്കേണ്ടിവരും, എന്നായിരുന്നു ആരുടേയും പേര് പരാമര്‍ശിക്കാതെ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞത്. രാഷ്ട്രപതിയുടെ ഭരണം ഇവിടെ വരാന്‍ മറ്റെന്താണ് വേണ്ടതെന്ന് വിദഗ്ധര്‍ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാത്തിനും കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ നിങ്ങള്‍ ശ്രമിക്കുന്നു. ഇങ്ങനെയൊക്കെ ഈ സംസ്ഥാനത്ത് സഭവിച്ചിട്ടും എന്തുകൊണ്ട് സംസ്ഥാനത്തിന്റെ ഭരണം കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ മടിക്കുന്നു, എന്നായിരുന്നു ബി.ജെ.പി നേതാവിന്റെ ചോദ്യം.

അതേസമയം സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തുന്നതിനായി താന്‍ രാജിവയ്ക്കുകയാണെന്നും അടുത്ത ദിവസം അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും രാജി കത്തില്‍ അനില്‍ ദേശ്മുഖ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Claims “2 More Maharashtra Ministers Will Quit,” Calls It “Fit Case For President’s Rule”