കൊച്ചി: എറണാകുളത്ത് ഫ്‌ളാറ്റില്‍ നിന്നും വീണ് വീട്ടു ജോലിക്കാരി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം. എഫ്.ഐ.ആറില്‍ ഫ്‌ളാറ്റുടമയുടെ പേര് രേഖപ്പെടുത്താതെ അജ്ഞാതന്‍ എന്ന് ഉള്‍പ്പെടുത്തി പൊലീസ് പ്രതിയെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
നാട്ടില്‍ എല്ലാവരും വായിച്ചറിഞ്ഞ പേര് പൊലീസ് മാത്രം അറിഞ്ഞില്ലേ എന്നും അവിടെ ഫ്‌ളാറ്റുടമയുടെ പേര് ‘അജ്ഞാതന്‍’ എന്ന് വെച്ചത് കണ്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
നാടും വീടും വിട്ട് പണിയെടുത്ത് ജീവിക്കാന്‍ ഇവിടെയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയമെന്നും അത് പൊലീസിലെ കുറെ പേര്‍ക്ക് അറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതി.
കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മുമ്പില്‍ പൊലീസ് ഒട്ടക പക്ഷിയാകരുതെന്നും അദ്ദേഹം പറഞ്ഞു. അജ്ഞാതന്‍ എന്ന മാളമുണ്ടാക്കി കുറ്റവാളികളെ ഒളിപ്പിക്കുന്ന ഏജന്‍സിയായി പൊലീസിലെ ചിലരെങ്കിലും മാറുന്നത് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വേലയെടുത്ത് ജീവിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്കെല്ലാം സുരക്ഷിത ബോധം നല്‍കുംവിധം സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ബിനോയ് വിശ്വം പറഞ്ഞു.
കൊച്ചിയില്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും വീണ് പരിക്കേറ്റ കൂഡല്ലൂര്‍ സ്വദേശി കുമാരി കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. സത്രീ മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമ ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്ത്, അന്യായമായി യുവതിയെ വീട്ടു തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തി അടിമ വേല ചെയ്യിപ്പക്കല്‍ തുടങ്ങിയവയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
എന്നാല്‍ ഇംതിയാസ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഫ്‌ളാറ്റുടമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു.
ഫ്ളാറ്റ് ഉടമയായ അഡ്വ. ഇംതിയാസ് അഹമ്മദിന്റെ കുടുംബം തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും കേസുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു. കേസില്‍ നിന്നും പിന്മാറാനായി പണം വാഗ്ദാനം ചെയ്തെന്നും ശ്രീനിവാസന്‍ പറഞ്ഞു.
വീട്ടിലെത്തിയവര്‍ പല പേപ്പറുകളിലും ബലമായി വിരലടയാളവും ഒപ്പും പതിപ്പിച്ചുവെന്നും ശ്രീനിവാസന്‍ പറയുന്നു. കാഴ്ചാ പരിമിതിയുള്ളതിനാല്‍ ആ പേപ്പറുകളില്‍ എന്താണെന്ന് പോലും അറിയാനായില്ലെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 13നാണ് ഫ്ളാറ്റില്‍ നിന്നും വീണ് സേലം സ്വദേശി കുമാരി മരിച്ചത്. മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലാണ് സംഭവം നടന്നത്. ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് അര്‍ധരാത്രി സാരിയില്‍ തൂങ്ങിയിറങ്ങാന്‍ ശ്രമിച്ചതിനിടിയിലായിരുന്നു കുമാരി വീണ് മരിച്ചത്.
കുമാരിയുടെ മരണത്തില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ പൊലീസും അഡ്വ. ഇംതിയാസും ഒത്തുകളിക്കുകയാണെന്ന് ശ്രീനിവാസന്‍ ആരോപിച്ചു. ആശുപത്രികളും ഇതിന് കൂട്ടുനില്‍ക്കുയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
കുമാരി കൊവിഡ് പോസിറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ടുകളും തുടര്‍ന്ന് ധൃതിപ്പിടിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയതും ഈ കള്ളക്കളിയുടെ സൂചനകളാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നും വളരെ മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എറണാകുളം ഫ്‌ലാറ്റ് ദുരന്തത്തിന്റെ FIR സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കണ്ടു. ഫ്‌ലാറ്റ് ഉടമയുടെ പേര് unknown എന്ന് കണ്ടപ്പോള്‍ അത്ഭുതം തോന്നി. നാട്ടില്‍ എല്ലാവരും വായിച്ചറിഞ്ഞ ആ പേരു് പോലീസ് മാത്രം അറിഞ്ഞില്ലേ?
നാടും വീടും വിട്ട് പണിയെടുത്ത് ജീവിക്കാന്‍ ഇവിടെയെന്നുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുകയാണ് LDF സര്‍ക്കാര്‍ നയം. അത് പോലീസിലെ കുറേ പേര്‍ക്ക് അറിയില്ല. 10,000 രൂപക്ക് വേണ്ടി ബന്ദിയാക്കപ്പെട്ട ഒരു പാവം സ്ത്രീയുടെ പിടച്ചിലിന്റെ കഥയും ആ FIR പറയുന്നു. ആ പണം ഭര്‍ത്താവ് അയച്ചുകൊടുത്തെങ്കിലും ‘unknown’ ആയ ഫ്‌ളാറ്റ് ഉടമ ആ തൊഴിലാളിയെ വീട്ടില്‍ പോകാന്‍ സമ്മതിച്ചില്ല. ഇതും FIR വായിച്ച് മനസിലാക്കിയതാണ്.
ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മുമ്പില്‍ പോലീസ് ഒട്ടകപ്പക്ഷിയാകരുത്. ഭരണ ഘടനാപ്രമാണങ്ങള്‍ പ്രകാരമുള്ള LDF സര്‍ക്കാര്‍ നയം നടപ്പിലാക്കലാണ് പോലീസിന്റെ ചുമതല. unknown എന്ന മാളമുണ്ടാക്കി കുറ്റവാളികളെ ഒളിപ്പിക്കുന്ന ഏജന്‍സിയായി പോലീസിലെ ചിലരെങ്കിലും മാറുന്നത് അനുവദിക്കരുത് . വേലയെടുത്ത് ജീവിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്കെല്ലാം സുരക്ഷിതബോധം നല്‍കുംവിധം സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക