കൊച്ചി: ബാര്‍ കോഴ കേസില്‍ ബിജു രമേശിനെതിരായ ആരോപണത്തില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ പ്രതികരണവുമായി ബിജു രമേശ്.
റെക്കോര്‍ഡിംഗ് ഉപകരണം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ചാല്‍ രമേശ് ചെന്നിത്തലയുടെ പങ്ക് വ്യക്തമാകുമെന്നാണ് ബിജു രമേശ് പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വ്യാജ സി. ഡി ഹാജരാക്കിയ സംഭവത്തിലായിരുന്നു ഹൈക്കോടതി നടപടി. ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയപ്പോള്‍ ആയിരുന്നു ബിജു രമേശ് എഡിറ്റഡ് സി. ഡി മജിസ്‌ട്രേറ്റിന് കൈമാറിയത്. ശബ്ദരേഖ അടങ്ങിയ സി. ഡി വിജിലന്‍സ് പരിശോധിക്കുകയും ഇതില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ബിജു രമേശിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി. എന്നാല്‍ കേസ് പരിഗണിക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.
നേരത്തെ രഹസ്യമൊഴി നല്‍കിയപ്പോള്‍ രമേശ് ചെന്നിത്തലയുടെ പേര് ബിജു രമേശ് പറഞ്ഞില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ രമേശ് ചെന്നിത്തല തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അതിനാലാണ് പേര് പറയാതിരുന്നതെന്നുമായിരുന്നു ബിജു രമേശ് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക