മുംബൈ: ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി അവതരിപ്പിച്ച പ്രകടനപത്രികയ്‌ക്കെതിരെ ശിവസേന മുഖപത്രം സാമ്‌ന.
ബീഹാറിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി തന്നെ ലഭിക്കേണ്ടതാണെന്നും എന്നാല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ പാകിസ്താനില്‍ അല്ലെന്നും സാമ്‌നയിലെ എഡിറ്റോറിയലില്‍ ശിവസേന പറഞ്ഞു.
രാജ്യത്തെ ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ആളുകള്‍ കൊവിഡ് -19 നെതിരെ വാക്‌സിന്‍ നല്‍കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് ആവശ്യപ്പെടണമോ എന്നും എഡിറ്റോറിയലില്‍ ചോദിക്കുന്നുണ്ട്.
നേരത്തെ ശിവസേനാ നേതാവ് സഞ്ജയ് റാവത്തും ബി.ജെ.പിയുടെ പ്രകടന പത്രികയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
‘നേരത്തെ എനിക്ക് രക്തം തരുന്നു, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാം എന്നായിരുന്നു. ഇപ്പോള്‍ എനിക്ക് വോട്ട് തരൂ, ഞാന്‍ നിങ്ങള്‍ക്ക് വാക്‌സിന്‍ തരാം എന്നായി,” എന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനത്തെ പരിഹസിച്ചുകൊണ്ട് റാവത്ത് പറഞ്ഞത്.
കൊവിഡ് വാക്സിനെ രാഷ്ട്രീയായുധമാക്കിക്കൊണ്ടായിരുന്നു ബീഹാറില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക.
തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ബി.ജെ.പിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
കൊവിഡ് വാക്സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപി. കൊവിഡിനൊപ്പം ബി.ജെ.പിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് ജെയ്വര്‍ ഷെര്‍ഗില്‍ പറഞ്ഞത്.
ബി.ജെ.പിക്കെതിരെ ആര്‍.ജെ.ഡിയും രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വാക്സിന്‍ രാജ്യത്തിന്റേതാണ്, ബി.ജെ.പിയുടേതല്ല എന്നാണ് ആര്‍.ജെ.ഡിയുടെ പ്രതികരണം.
രോഗവും മരണവും ഉണ്ടാക്കുന്ന ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് വാക്സിനില്‍ രാഷ്ട്രീയം കളിച്ചതോടെ മനസ്സിലായെന്നും ആര്‍.ജെ.ഡി പറഞ്ഞു. ബീഹാറിലെ ജനങ്ങള്‍ ആത്മാഭിമാനമുള്ളവരാണെന്നും കുട്ടികളുടെ ഭാവി പണയം വെയ്ക്കരുതെന്നും രാഷ്ട്രീയ ജനതാദള്‍ ട്വീറ്റ് ചെയ്തു.
ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭിക്കില്ലേ എന്നാണ് ആം ആദ്മി പാര്‍ട്ടി ചോദിച്ചത്.
അതേസമയം, കൊവിഡ് -19 വാക്സിന്‍ വരുന്നതിന് മുന്‍പ് തന്നെ അത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാറിയിരിക്കുന്നെന്നും എല്ലാ സംസ്ഥാനങ്ങളോടും ഒരുപോലെ കാണേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നുമാണ് ശിവസേന ചോദിച്ചത്.
കൊറോണ വൈറസ് വാക്സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷന്‍ ലഭിക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക