national news
റെയ്ഡില്‍ മഹാദേവ് ഓണ്‍ലൈന്‍ ആപ്പ് നടത്തിപ്പുക്കാരുമായി ബി.ജെ.പി ഒത്തു കളിക്കുകയാണ്: ഭൂപേഷ് ബാഗേല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 05, 10:29 am
Sunday, 5th November 2023, 3:59 pm

ന്യൂദല്‍ഹി: ബി.ജെ.പിക്ക് നേരിട്ട് യുദ്ധം ചെയ്യാന്‍ അറിയാത്തതിനാലാണ് അന്വേഷണ ഏജന്‍സികളുടെ സഹായം തേടുന്നതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍

മഹാദേവ് ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് ബാഘേല്‍ 508 കോടി രൂപ വാങ്ങിയെന്ന് ഇ.ഡി കണ്ടെത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പിനായി ബാഗേല്‍
ഹവാല പണം ഉപയോഗിച്ചെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാഗേലിന്റെ പ്രതികരണം.

മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന അന്വേഷണത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ചര്‍ച്ചകളെ തടസ്സപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഗൂഢാലോചന ജനങ്ങള്‍ കാണുമെന്നും തന്നെ കുടുക്കാന്‍ മഹാദേവ് ആപ്പിന്റെ ഓപ്പറേറ്റര്‍മാരുമായി മോദി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയെന്നും ബാഗേല്‍ ആരോപിച്ചു.

‘ഓരോ വാഹനവും പരിശോധിക്കുമ്പോള്‍ ഇത്രയും വലിയ തുക എവിടെ നിന്നാണ് വന്നത് ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്തത്? സി.ആര്‍.പി.എഫിനായി പ്രത്യേക വിമാനങ്ങളില്‍ കൂറ്റന്‍ പെട്ടികള്‍ എത്തുന്നുണ്ട്. എന്തുകൊണ്ടാണ് ആ പെട്ടികള്‍ പരിശോധിക്കാത്തത്?

ആരെങ്കിലും എന്റെ പേര് എടുത്താല്‍ ഞാന്‍ കുറ്റക്കാരനാണെന്ന് അനുമാനിക്കപ്പെടുമോ?

ആരെങ്കിലും പ്രധാനമന്ത്രിയുടെ പേര് എടുത്താലോ? എന്തുകൊണ്ടാണ് മഹാദേവ് ആപ്പ് നിരോധിക്കാത്തത്? എന്തുകൊണ്ട് അതിന്റെ നടത്തിപ്പുകാരായ സുനില്‍ ഉപ്പല്‍, സൗരഭ് ചന്ദ്രകര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നില്ല?

അവര്‍ എനിക്ക് കൊറിയര്‍ അയച്ചുവെന്നുപറയുമ്പോള്‍ ആരാണ് കൊറിയര്‍ അയച്ചത്?

നിങ്ങള്‍ എന്തുകൊണ്ട് അയച്ചയാളെ പിടിക്കുന്നില്ല? ഇതിനര്‍ത്ഥം കൊറിയര്‍ അയച്ച വ്യക്തിയും ബി.ജെ.പിയുമായി ഒത്തു കളിച്ചു എന്നാണ്. തന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്നതിന് വേണ്ടി ബി.ജെ.പി കളിക്കുന്ന നാടകം ആണിത്,’ റായ്പൂരില്‍ 5 കോടി പിടിച്ചെടുത്തത് പരാമര്‍ശിച്ചുകൊണ്ട് ബാഗേല്‍ പറഞ്ഞു.

Content Highlight: Bhoopesh bhagel on mahadev E.D raid