കൊല്‍ക്കത്ത: രാജസ്ഥാനിലെ പി.സി.സി അധ്യക്ഷന്റെയും എം.എൽ.എയുടെയും, പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റയും വീട്ടിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. റേഷന്‍ വിതരണ അഴിമതി കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ജ്യോതിപ്രിയ മല്ലിക്കിന്റെ വീട്ടിലെ റെയ്ഡ്.
2021ല്‍ പശ്ചിമ ബംഗാള്‍ പരഗാനാസിലെ ഹബ്ര മണ്ഡലത്തില്‍ നിന്ന് മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ മമത ബാനര്‍ജിയുടെ സര്‍ക്കാരില്‍ വനംവകുപ്പ് മന്ത്രിയാണ്. കഴിഞ്ഞ മന്ത്രി സഭകളില്‍ ബംഗാള്‍ സര്‍ക്കാരിന്റെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു.
തൊഴില്‍പരമായി മല്ലിക്ക് വക്കീലാണെന്നും റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് കോടിയുടെ ആസ്തിയുണ്ടെന്നും അദ്ദേഹത്തിന്റെ പേരില്‍ നിലവില്‍ കേസുകളൊന്നും ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ എട്ട് ഇടങ്ങളിലായി റെയ്ഡ് നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കണക്കുകള്‍ പ്രകാരം 2019-20ല്‍ 40 ലക്ഷം രൂപയും 2018-19ല്‍ 52 ലക്ഷം രൂപയും 2017-18ല്‍ 12 ലക്ഷം രൂപയും ജ്യോതിപ്രിയ മല്ലിക്ക് നേടിയതായി പറയുന്നു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലമനുസരിച്ച് 22,000 രൂപ പണമായും ബാങ്ക് അക്കൗണ്ട് നിക്ഷേപം 4.8 കോടി രൂപയും മല്ലിക്കിനുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പശ്ചിമ ബംഗാളിലെ കോടികളുടെ റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കൊല്‍ക്കത്ത ആസ്ഥാനമായുള്ള വ്യവസായി ബാകിബുര്‍ റഹ്മാന്റെ 100 കോടിയിലധികം വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുക്കെട്ടിയിരുന്നു. പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്രായുടെ സ്ഥലങ്ങളിൽ റെയ്ഡ് നടന്നത്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് തുടരെ നടക്കുന്ന ഇ.ഡി റെയ്ഡുകള്‍ പ്രതിപക്ഷത്തോടുള്ള പകപോക്കലാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
Content Highlight: Bengal Minister Jyotipriya Mallick’s house raided