അഭിനേതാവായും സംവിധായകനായും തുടര്‍ച്ചയായി സിനിമകള്‍ പുറത്തുവരുന്നതിന്റെ സന്തോഷത്തിലാണ് ബേസില്‍ ജോസഫ്. മലയാളത്തിലെ യുവതാരനിരയെ അണിനിരത്തി നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ജാന്‍ എ മന്‍ എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഗണപതി, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നവംബര്‍ 19 തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്.
ചിദംബരത്തിന്റെ സംവിധാനത്തില്‍ അഭിനയിച്ചതിന്റെ രസകരമായ അനുഭവം പറയുകയാണ് ഇപ്പോള്‍ ബേസില്‍ ജോസഫ്. ജാങ്കോ സ്‌പേസ് ടി.വി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
നല്ല ഹ്യൂമര്‍ സെന്‍സുള്ള സംവിധായകനാണ് ചിദംബരമെന്നും ഒപ്പം വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ടബിളും രസകരവുമായിരുന്നെന്നാണ് ബേസില്‍ പറയുന്നത്.
”ചിദംബരം ഭയങ്കര ഇംപ്രസീവ് ആയിരുന്നു. ഭയങ്കര ബുദ്ധിയുള്ള ആളാണ് ചിദംബരം. നല്ല ഹ്യൂമര്‍ സെന്‍സുമുണ്ട്. മോണിറ്ററിന്റെ മുന്നിലൊക്കെ ഇരുന്ന് എപ്പോഴും കോമഡി അടിച്ചോണ്ടിരിക്കും.
ഞാന്‍ അഭിനയിച്ചിട്ടുള്ള സിനിമകളില്‍ എനിക്ക് പേഴ്‌സണലി ഭയങ്കര ഇഷ്ടപ്പെട്ട ഡയറക്ടര്‍മാരിലൊരാളാണ് ചിദംബരം. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് രസമാണ്,” ബേസില്‍ പറഞ്ഞു.
ടൊവിനൊ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന മലയാളത്തിലെ സൂപ്പര്‍ ഹീറോ സിനിമയെക്കുറിച്ചും ബേസില്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സംവിധായകനായി മിന്നല്‍ മുരളിയിലൂടെ ബേസില്‍ മാറുമോ എന്ന അവതാരകയുടെ ചോദ്യത്തിനും രസകരമായ മറുപടിയാണ് താരം നല്‍കിയത്.