വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ബേസില്‍ ജോസഫ്. 2015ല്‍ റിലീസായ കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ടൊവിനോയെ നായകനാക്കി ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളും ബേസില്‍ സംവിധാനം ചെയ്തു. സംവിധാനത്തോടൊപ്പം അഭിനയവും തനിക്ക് വഴങ്ങുമെന്ന് ബേസില്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
കരിയറിന്റെ തുടക്കത്തില്‍ ഹോംലി മീല്‍സ്, അപ് ആന്‍ഡ് ഡൗണ്‍ എന്നീ ചിത്രങ്ങളില്‍ ബേസില്‍ ചെറിയ റോളുകള്‍ ചെയ്തിരുന്നു. അതിനെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍. അപ് ആന്‍ഡ് ഡൗണ്‍ എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിച്ചതെന്നും ആ സിനിമയില്‍ ബൈജുവും ഉണ്ടായിരുന്നെന്ന് ബേസില്‍ പറഞ്ഞു. എന്നാല്‍ ബൈജുവിന് അക്കാര്യം ഇതുവരെ അറിയില്ലെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
വിപിന്‍ അറ്റ്‌ലീ സംവിധാനം ചെയ്ത ഹോംലി മീല്‍സിലാണ് കുറച്ച് ഡയലോഗുള്ള കഥാപാത്രത്തെ കിട്ടിയതെന്നും ആ സിനമയിലെ കഥാപാത്രത്തെ മാത്രമേ ആളുകള്‍ ഓര്‍ക്കുന്നുള്ളൂവെന്നും ബേസില്‍ പറഞ്ഞു. അപ് ആന്‍ ഡൗണില്‍ ക്ലൈമാക്‌സിലാണ് താന്‍ വരുന്നതെന്നും രണ്ട് ഡയലോഗ് മാത്രമേ ആ സിനിമയിലുണ്ടായിരുന്നുള്ളൂവെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.
‘ആദ്യമായി മുഖം കാണിച്ചത് അപ് ആന്‍ഡ് ഡൗണ്‍ എന്ന സിനിമയിലാണ്. ആ സിനിമയില്‍ ബൈജു ചേട്ടനും ഒരു ഇംപോര്‍ട്ടന്റ് ആയിട്ടുള്ള ക്യാരക്ടര്‍ ചെയ്തിട്ടുണ്ട്. പക്ഷേ ആ സിനിമയില്‍ ഞാനും അഭിനയിച്ചിട്ടുണ്ടെന്നുള്ള കാര്യം ബൈജു ചേട്ടന്‍ ഇപ്പോഴാണ് അറിയുന്നത്. വിപിന്‍ അറ്റ്‌ലീ സംവിധാനം ചെയ്ത ഹോംലി മീല്‍സിലാണ് കുറച്ച് ഡയലോഗുള്ള ക്യാരക്ടര്‍ കിട്ടുന്നത്.
എന്റെ ആദ്യത്തെ സിനിമ അതാണെന്നാണ് പലരും ചിന്തിച്ച് വെച്ചിരിക്കുന്നത്. ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത് അപ് ആന്‍ഡ് ഡൗണിലാണ്. അതിന്റെ ക്ലൈമാക്‌സിലാണ് എന്റെ ക്യാരക്ടര്‍ എത്തുന്നത്. വളരെ കുറച്ച് സമയം മാത്രമേ ഞാന്‍ സ്‌ക്രീനില്‍ ഉള്ളൂ. ആദ്യത്തെ സിനിമ ഏതാണെന്ന് ചോദിച്ചാല്‍ അപ് ആന്‍ഡ് ഡൗണാണെന്ന് പറയാം,’ ബേസില്‍ ജോസഫ് പറഞ്ഞു.
Content Highlight: Basil Joseph saying that he did a small role in Up and Down movie