വരാനിരിക്കുന്ന സമ്മര്‍ സീസണില്‍ ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്താനൊരുങ്ങി ബാഴ്‌സലോണ. സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനെ പുറത്താക്കി പകരം ഡാനി പരേജോയെ മധ്യനിരയിലെത്തിക്കാന്‍ ബാഴ്‌സ പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബുസ്‌ക്വെറ്റ്‌സിനെ പുറത്താക്കാന്‍ ബാഴ്‌സ തീരുമാനിച്ചത്. മുണ്ടോ ഡീപോര്‍ട്ടീവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അടുത്ത സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എല്ലാ ടൈറ്റിലുകളും പേരിലാക്കാനാണ് ബാഴ്‌സ പദ്ധതിയിടുന്നത്. പരേജോയ്ക്ക് മിഡ്ഫീല്‍ഡിലെ ബുസ്‌ക്വെറ്റ്‌സിന്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് ബാഴ്‌സ താരത്തെ ക്ലബ്ബിലെത്തിക്കുന്നത്. 34ാം വയസിലും മികച്ച പ്രകടനമാണ പരേജോ ഫുട്‌ബോളില്‍ കാഴ്ചവെക്കുന്നത്.
പരേജോ നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ വില്ലാറിയലുമായുള്ള കരാര്‍ 2024ലാണ് അവസാനിക്കുക. ക്ലബ്ബില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് അടുത്ത സമ്മര്‍ സീസണില്‍ താരത്തെ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ.
പരേജോക്ക് പുറമെ മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഇല്‍കായ് ഗുണ്ടോഗനെ ക്ലബ്ബിലെത്തിക്കാനും ബാഴ്‌സ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ സീസണില്‍ മോശം ഫോമില്‍ തുടരുന്ന റഫീഞ്ഞയെയും അന്‍സു ഫാറ്റിയെയും പുറത്താക്കാന്‍ ബാഴ്‌സ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
🚨🚨| JUST IN: It cannot be ruled out that FC Barcelona end up signing both İlkay Gündoğan & Dani Parejo this summer.@martinezferran [🎖️] pic.twitter.com/IbxBmcDoY4
— Managing Barça (@ManagingBarca) March 11, 2023
ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പയില്‍ നിന്നും പുറത്തായതോടെയാണ് ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ബാഴ്സലോണ പദ്ധതിയിട്ടത്. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായെങ്കിലും ലീഗില്‍ മികച്ച മുന്നേറ്റം കാഴ്ച്ചവെക്കുകയാണ് ബാഴ്‌സലോണ.
ലാ ലിഗയില്‍ നിലവില്‍ 24 മത്സരങ്ങളില്‍ നിന്നും 20 വിജയങ്ങളോടെ 62 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. മാര്‍ച്ച് 13ന് അത് ലറ്റിക്ക് ക്ലബ്ബിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം.
Content Highlights: Barcelona will sign with İlkay Gündoğan & Dani Parejo this summer