ബംഗ്ലാദേശ് : മികച്ച ജോലിയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്ത് ബംഗ്ലാദേശിലെ യുവതികളെ സിറിയയിലെത്തിച്ച് ലൈംഗിക വ്യാപാരത്തിനുപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ എത്തിക്കുന്ന ഭൂരിഭാഗം സ്ത്രീകളെയും ഗാര്‍ഹികജോലികള്‍ക്കായും ലൈംഗിക വ്യാപാരത്തിനായുമാണ് ഉപയോഗിക്കുന്നതെന്ന് ബംഗ്ലാദേശിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തിലുള്ള 45 ഓളം കേസുകളാണ് തങ്ങളുടെ ഗ്രൂപ്പിന് ലഭിച്ചതെന്ന് ബംഗ്ലാദേശ് പോലീസിലെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ തലവന്‍ കൂടിയായ ഇദ്ദേഹം പറയുന്നു. കയറ്റിയക്കപ്പെടുന്ന സ്ത്രീകളെ ക്രൂരമര്‍ദ്ദനത്തിനും കൂട്ടബലാത്സംഗത്തിനും ഇരയാക്കുകയാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ സിറിയയില്‍ എത്തിച്ചേര്‍ന്ന ഷാഹിനൂര്‍ എന്ന യുവതി അവിടെ നിന്നും രക്ഷപ്പെടുകയും തന്റെ അമ്മ വഴി പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ലെബനിലേക്കെന്ന വ്യാജേന ദുബായ് വഴി ഇവര്‍ക്കൊപ്പം അഞ്ച് സ്ത്രീകളെ കൂടി കൊണ്ടുപോയിരുന്നു. എന്നാല്‍ ഇവരെ എത്തിച്ചത് സിറിയയിലാണ്, തന്നെ പോലെ തന്നെ വില്‍പ്പനക്കായി എത്തിച്ച നിരവധി സ്ത്രീകളും ഇവിടെ ഉണ്ടായിരുന്നു. ചിലരെ ഗാര്‍ഹിക ജോലികള്‍ക്കായി ഉപയോഗിക്കുന്നു, ചിലരെയാകട്ടെ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
കൂട്ടത്തിലുള്ള 34 വയസായ സ്ത്രീ കടുത്ത അസുഖത്തിന്റെ പിടിയിലായിരുന്നു. അവര്‍ക്ക് ഒന്ന് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് സിറിയയിലെ ബംഗ്ലാദേശ് ഉദ്യോഗസ്ഥര്‍ അവരെ ധാക്കയിലേക്ക് കൊണ്ടുപോകുകയും കിഡ്‌നി രോഗത്തിന് ചികിത്സയ്ക്ക് വിധേയയാക്കുകയും ചെയ്തു.
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (IOM) കണക്ക് പ്രകാരം ഏതാണ്ട് 8 മില്യണ്‍ ബംഗ്ലാദേശികളാണ് രാജ്യത്തിന് പുറത്തായി തൊഴിലെടുക്കുന്നത്. ഇതില്‍ പലരും ഗള്‍ഫ്, അറബ് , സിംഗപൂര്‍ തുടങ്ങിയ നാടുകളിലാണ്. സൗത്ത് ഈസ്റ്റ് ഏഷ്യയിലും സൗത്ത് ഏഷ്യയിലും നിരവധി പേര്‍ തൊഴിലിനായി എത്തുന്നുണ്ട്.
ഗാര്‍ഹിക ജോലികള്‍ക്കായാണ് പലരും ഗള്‍ഫ് നാടുകളിലേക്ക് എത്തുന്നതെങ്കിലും പലരെയും ദുരുപയോഗം ചെയ്യുകയാണ്. പലര്‍ക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്.
സിറിയയില്‍ നിന്നുള്ള സരോവര്‍ പറയുന്നു. വര്‍ഷങ്ങളായി യുദ്ധം നടക്കുന്ന സിറിയയെയാണ് ലൈംഗിക വ്യാപാരത്തിനുള്ള തട്ടകമാക്കി ബംഗ്ലാദേശ് റിക്രൂട്ടിങ് ഏജന്‍സികളിലൂടെ സിറിയയില്‍ എത്തിക്കുന്നത്.
സിറിയയില്‍ എത്തിക്കുന്ന യുവതികളെ നിരവധി ആളുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയും അവര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ നിന്നും എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമസ്ഥരും ജോലിക്കാരുമാണ്. ഇവര്‍ അറിഞ്ഞുകൊണ്ടോ അറിയാതെയോ യുവതികളെ കടത്തിവിടുകയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ സിറിയയിലോ ലെബനനിലോ ജോര്‍ദ്ദാനിലോ ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. 200 ഡോളര്‍ മാസ ശമ്പളം വാഗ്ദാനം ചെയ്താണ് പാവപ്പെട്ട സ്ത്രീകളെ ഇത്തരത്തില്‍ കയറ്റിയക്കുന്നത്.
ഗ്രാമങ്ങളില്‍ നിന്നും വരുന്ന പാവപ്പെട്ട വിദ്യാഭ്യാസരഹിതരായ സ്ത്രീകളാണ് ഇത്തരം ചതിക്കുഴിയില്‍ പെടുന്നത്.അവര്‍ക്ക് സിറിയ എന്താണെന്നോ അവിടെ നടക്കുന്നത് എന്താണെന്നോ അറിയില്ല.
ലെബനനിലേക്കോ ജോര്‍ദാനിലേക്കോ ആണ് തങ്ങള്‍ പോകുന്നതെന്നും മികച്ച ജീവിതം അവിടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ഇതിനായി പുറപ്പെടുന്നതെന്നും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വ്യക്തമാക്കുന്നു.