1971ല്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെ എതിര്‍ത്ത പോലുള്ള പാകിസ്ഥാന്‍ സാന്നിധ്യം ഇപ്പോഴുമുണ്ട്; വര്‍ഗീയ അക്രമങ്ങള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള തന്ത്രം; ബംഗ്ലാദേശ് മന്ത്രി എം. ഹസന്‍ മഹ്മൂദ്
കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ഇപ്പോള്‍ നടക്കുന്ന വര്‍ഗീയപരമായ അക്രമസംഭവങ്ങള്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ചിലരുടെ തന്ത്രമാണെന്ന് വിവരസാങ്കേതിക വകുപ്പ് മന്ത്രി എം. ഹസന്‍ മഹ്മൂദ്. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും, ജമാഅത്ത് ഇസ്‌ലാമിയുമാണ് രാജ്യത്ത് നിലവിലുള്ള വര്‍ഗീയപരമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും ഹസന്‍ മഹ്മൂദ് പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദു സമുദായത്തിലെ ആളുകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള മതമൗലിക വാദികളുടെ പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു. കൊല്‍ക്കത്ത പ്രസ് ക്ലബിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
‘അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ എടുക്കുന്നത്. വര്‍ഗീയതയേയും മതമൗലിക വാദത്തേയും വേരോടെ പിഴുതെറിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് മന്ത്രി പറഞ്ഞു.
”1971ല്‍ പാകിസ്ഥാനിലുള്ള ചിലര്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്യത്തിന് വേണ്ടിയുള്ള യുദ്ധത്തെ എതിര്‍ത്തിരുന്നു. അവരുടെ പിന്മുറക്കാര്‍ ഇപ്പോഴും ഇവിടെയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും ജമാഅത്ത് ഇസ്‌ലാമിയും വര്‍ഗീയതയില്‍ വിശ്വസിക്കുന്നു, അത് വളര്‍ത്തുന്നതിന് ഫണ്ട് ചെയ്യുന്നുണ്ട്,” ഹസന്‍ മഹ്മൂദ് പറഞ്ഞു.
ഒക്ടോബര്‍ 15നായിരുന്നു ബംഗ്ലാദേശില്‍ അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ ചില ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയായിരുന്നു.
ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ”പൂജാ മണ്ഡപത്തില്‍ ഖുറാനോ പള്ളിയില്‍ ഭഗവത് ഗീതയോ ആരും കൊണ്ടുവെയ്ക്കുമെന്ന് തോന്നുന്നില്ല. ഏതോ ഒരാള്‍ ദുര്‍ഗാ പൂജാ മണ്ഡപത്തില്‍ ഖുറാന്‍ കൊണ്ടുവെച്ചു. വേറെ ആരൊക്കെയോ അത് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
അക്രമസംഭവങ്ങളില്‍ ഇതുവരെ 129 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 1204 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളും വീടുകളും പുനര്‍നിര്‍മിക്കാനുള്ള നടപടികളാരംഭിക്കുമെന്നും പറഞ്ഞ മന്ത്രി രാജ്യത്തിന്റെ ഭരണഘടനയിലേയ്ക്ക് മതം കൊണ്ടുവന്നതിന് മുന്‍ പ്രസിഡന്റ് ജനറല്‍ മുഹമ്മദ് ഇര്‍ഷാദിനെ കുറ്റപ്പെടുത്തുകയും ചെയ്തു.