ഗോവിന്ദ് വസന്തയുടെ സംഗീതവും ആനന്ദ് പകര്‍ത്തിയ പൂവാറും; ക്രിസ്റ്റിയുടെ പോസിറ്റീവുകള്‍
Film News
ഗോവിന്ദ് വസന്തയുടെ സംഗീതവും ആനന്ദ് പകര്‍ത്തിയ പൂവാറും; ക്രിസ്റ്റിയുടെ പോസിറ്റീവുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd February 2023, 5:37 pm

മാത്യു തോമസും മാളവിക മോഹനനും കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് ക്രിസ്റ്റി. കൗമാരക്കാരന് ട്യൂഷന്‍ ചേച്ചിയോട് തോന്നുന്ന പ്രണയമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ചെറുപ്പം മുതലേ കാണുന്ന ക്രിസ്റ്റി ചേച്ചിയുടെ വീട്ടില്‍ ട്യൂഷന് പോകുന്നതോടെയാണ് റോയിക്ക് അവരോട് പ്രണയമാകുന്നത്. ക്രിസ്റ്റിയാകട്ടെ ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച്, ആ ബന്ധം വേര്‍പിരിഞ്ഞ്, നിരാശപൂര്‍ണമായ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. ആ ജീവിതത്തിനിടയിലേക്ക് കടന്നുവരുന്ന റോയി അവള്‍ക്ക് ഒരു ആശ്വാസമാകുന്നു. ആ അടുപ്പം റോയിയില്‍ പ്രണയമാണ് ഉണ്ടാക്കുന്നത്.

കൗമാരക്കാരന്റെ നിഷ്‌കളങ്കമായ പ്രണയമാണ് ഉദ്ദേശിച്ചതെങ്കിലും അത് എന്‍ഗേജിങ്ങായി പറഞ്ഞുപോകുന്നതില്‍ ക്രിസ്റ്റി പരാജയപ്പെട്ടു. കാര്യമായ ഒരു ടേണിങ്ങുമില്ലാതെ സ്റ്റഡിയായി മുന്നോട്ട് പോകുന്ന ക്രിസ്റ്റി പല ഭാഗങ്ങളിലും വിരസതയാണ് ഉണ്ടാക്കിയത്.

ഇഴഞ്ഞുനീങ്ങുന്ന കഥയില്‍ മെച്ചമെന്ന് പറയാവുന്ന രണ്ട് ഘടകങ്ങള്‍ ആനന്ദ് സി. ചന്ദ്രന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും ഗോവിന്ദ് വസന്തയുടെ സംഗീതവുമാണ്. പൂവാര്‍ എന്ന തീരപ്രദേശത്തിന്റെ സൗന്ദര്യം ആനന്ദ് ക്രിസ്റ്റിയില്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേകിച്ചു കടലില്‍ നിന്നും കരയിലേക്ക് ചാല് കീറുന്ന ദൃശ്യങ്ങള്‍ പ്രേക്ഷകരെ പൂവാറിലേക്ക് അടുപ്പിക്കുന്നുണ്ട്.

ഗോവിന്ദ് വസന്ത പതിവ് പോലെ സിനിമയെ സംഗീതാത്മകമാക്കിയിട്ടുണ്ട്. സിനിമയെ പല ഭാഗങ്ങളിലും താങ്ങിനിര്‍ത്തുന്നത് അദ്ദേഹത്തിന്റെ മെലോഡിയസായ സംഗീതമാണ്. പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യുന്നതില്‍ സിനിമ പരാജയപ്പെടുമ്പോള്‍ ആശ്വസമാകുന്നത് ചില ദൃശ്യങ്ങളും പശ്ചാത്തല സംഗീതവുമാണ്.

ഇനി പ്രകടനത്തിലേക്ക് വന്നാല്‍ മുമ്പുള്ള പല സിനിമകളിലും കണ്ട മാത്യുവിനെ തന്നെയാണ് ക്രിസ്റ്റിയിലും കാണാനാവുന്നത്. ക്രിസ്റ്റിയുടെ വേദനയും നിസഹായവസ്ഥയും പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യുന്ന നിലയിലേക്ക് പ്രകടനം ഉയര്‍ത്താന്‍ മാളവികക്കുമായിട്ടില്ല. അതേസമയം കുറച്ച് സമയത്തേക്കാണെങ്കിലും ഷെല്ലിയച്ചനായി വന്ന രാജേഷ് മാധവന്റെ പ്രകടനം നന്നായിരുന്നു. പല ഭാഗത്ത് പ്രേക്ഷകരെ ചിരിപ്പിച്ചത് രാജേഷ് മാധവന്റെ കൗണ്ടറുകളായിരുന്നു.

Content Highlight; back ground music and camera, two positives of christy