ഇരട്ട എന്ന ചിത്രത്തിലെ കഥാപാത്രങ്ങളിൽ ഒരു വേഷം താൻ ചെയ്യുമായിരുന്നില്ലേയെന്ന് ജോജുവിനോട് പറഞ്ഞിരുന്നെന്ന് നടൻ ബാബുരാജ്. ആ ചിത്രം ചെയ്യാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നെന്നും ഇരട്ടയിലെ രണ്ട് വേഷങ്ങളും ഒരുമിച്ച് ജോജു തന്നെ ചെയ്യേണ്ട കാര്യമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമകളിലെ ചില വേഷങ്ങളോട് അത്യാർത്തി തോന്നിയിട്ടുണ്ട്. ഈയിടെ ഇരട്ട കണ്ടപ്പോൾ അതിലെ ഒരു വേഷം എനിക്ക് തന്നൂടായിരുന്നോയെന്ന് ഞാൻ ജോജുവിനോട് പറഞ്ഞു. ജോജു ചോദിച്ചു ആ സിനിമയിലെ ഏത് വേഷം ആയിരുന്നെന്ന്, ഞാൻ പറഞ്ഞു ആ രണ്ട് വേഷങ്ങളിൽ ഏതെങ്കിലും ഒരെണ്ണം മതിയായിരുന്നെന്ന്. ഇത്രയും ആർത്തിപിടിച്ച് രണ്ടും കൂടി ഒരാൾ ചെയ്യേണ്ട കാര്യമില്ലലോ. വളരെ ഗംഭീരമായ സിനിമ ആയിരുന്നു അത്, വളരെ മനോഹരമായിട്ടാണ് ആ സിനിമ നിർമിച്ചിരിക്കുന്നത്,’ ബാബുരാജ് പറഞ്ഞു.
അഭിമുഖത്തിൽ യുവതലമുറയിലെ ലഹരി ഉപയോഗത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. യുവാക്കൾ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നത് തനിക്കിഷ്ടമല്ലെന്നും താൻ മദ്യപിക്കുന്നത് ആരോഗ്യം കൂടി പരിഗണിച്ചിട്ടാണെന്നും ബാബുരാജ് പറഞ്ഞു.
‘ഇപ്പോഴത്തെ യുവതലമുറ കെമിക്കലുകൾ (ലഹരി) ഉപയോഗിച്ച് അവരുടെ ആരോഗ്യം കളയുന്നതിനോട് എനിക്ക് താൽപര്യമില്ല. അപ്പോൾ നിങ്ങൾ ചോദിക്കും ഞാൻ മദ്യപിക്കാറില്ലേയെന്ന്, എന്റെ ശരീരത്തിന് പറ്റാവുന്ന രീതിയിലേ മദ്യപിക്കാറുള്ളു. ഞാൻ മദ്യപാനം തുടങ്ങിയ കാലം മുതൽ വളരെ ശാസ്ത്രീയമായിട്ടാണ് മദ്യപിക്കുന്നത്, അതായത് എന്റെ ശരീരത്തിന് പറ്റുന്ന രീതിയിൽ മാത്രം കഴിക്കും.
പണ്ടത്തെ ആളുകൾ മദ്യം ഉപയോഗിക്കുന്നതിന് പുറമെ കഞ്ചാവൊക്കെ ഉപയോഗിക്കുമായിരുന്നു. ഇന്ന് അതും കഴിഞ്ഞ് കെമിക്കൽ ആയിട്ടുള്ള സാധനങ്ങളൊക്കെയാണ് ഉപയോഗിക്കുന്നത്. അത് അവർ അറിയാതെതന്നെ അവരെ നശിപ്പിക്കുകയാണ്. എന്റെ മക്കൾ ആരും ഇതൊന്നും ഉപയോഗിക്കില്ല. വലിക്കുകയോ കുടിക്കുകയോ ചെയ്യില്ല. എന്റെ അച്ഛനും ഇതൊന്നും ഉപയോഗിക്കില്ലായിരുന്നു,’ ബാബുരാജ് പറഞ്ഞു.
Content Highlights: Baburaj on Joju and Iratta movie