അത് ഫാസില്‍ സാറിന്റെ ബുദ്ധി; അന്ന് സിബിയും പ്രിയദര്‍ശനും സിദ്ദിഖ്-ലാലും മണിച്ചിത്രത്താഴിന്റെ ഭാഗമായി: ബാബു ഷാഹിര്‍
Entertainment news
അത് ഫാസില്‍ സാറിന്റെ ബുദ്ധി; അന്ന് സിബിയും പ്രിയദര്‍ശനും സിദ്ദിഖ്-ലാലും മണിച്ചിത്രത്താഴിന്റെ ഭാഗമായി: ബാബു ഷാഹിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st March 2024, 8:39 pm

1993ലായിരുന്നു മധു മുട്ടം എഴുതി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റിലീസാകുന്നത്. മലയാളത്തിന്റെ പ്രിയ സംവിധായകരായ സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ എന്നിവരും ആ സിനിമയുടെ ഭാഗമായിരുന്നു.

മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ഒപ്പം നെടുമുടി വേണു, ഇന്നസെന്റ്, കെ.പി.എ.സി ലളിത, തിലകന്‍, ശ്രീധര്‍, വിനയ പ്രസാദ്, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ് തുടങ്ങിയ വന്‍താരനിരയായിരുന്നു അണിനിരന്നത്.

സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ എന്നിവര്‍ ആ സിനിമയുടെ ഭാഗമായതിനെ കുറിച്ച് പറയുകയാണ് പ്രൊഡ്യൂസര്‍ ബാബു ഷാഹിര്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈയ്മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഥ പറഞ്ഞപ്പോള്‍ ഞങ്ങളില്‍ പലരും പറഞ്ഞത് ഈ സിനിമക്ക് അവാര്‍ഡ് കിട്ടാന്‍ ചാന്‍സ് ഉണ്ടെന്നായിരുന്നു. എന്നാല്‍ ആ സിനിമ ഷൂട്ട് ചെയ്ത് തുടങ്ങാന്‍ വൈകി. പപ്പയുടെ സ്വന്തം അപ്പൂസ് സിനിമ വന്നിട്ട് ഒന്നര വര്‍ഷത്തെ ഗ്യാപ് വന്നു. ആഗസ്റ്റ് 17ന് തുടങ്ങാം എന്ന് പറഞ്ഞായിരുന്നു ഞങ്ങള്‍ നിന്നത്.

മാര്‍ച്ചില്‍ തിരക്കഥ പൂര്‍ണമാകുന്നതിന് മുമ്പായിരുന്നു ഈ തീരുമാനത്തില്‍ എത്തിയത്. ചിങ്ങം ഒന്നിന് നല്ല രാശി ആയത് കൊണ്ടായിരുന്നു ആ ഡേറ്റ് തീരുമാനിച്ചത്. എന്നാല്‍ ചിങ്ങം ഒന്നിനും കഥ എഴുതി തീര്‍ന്നില്ല.

സെപ്റ്റംബറും ഒക്ടോബറുമൊക്കെ കഴിഞ്ഞു നവംബര്‍ രണ്ടിനാണ് ഷൂട്ട് തുടങ്ങിയത്. ആ സമയത്ത് ഒരു നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ, ഡിസംബര്‍ 25ന് ഇത് റിലീസ് ചെയ്തിരിക്കണം. സെന്‍സര്‍ ചെയ്യണമെന്നും അവാര്‍ഡിന് അയക്കണമെന്നും നിര്‍ബന്ധമായി.

ഇത്രയും ദിവസം കൊണ്ട് ഷൂട്ടിങ്, എഡിറ്റിങ്, ഡബ്ബിങ്, മിക്‌സിങ് ഒക്കെ തീര്‍ത്ത് സിനിമ തിയേറ്ററില്‍ എത്തണം. 60 ദിവസം പ്ലാന്‍ ചെയ്ത ഷൂട്ടിങ് എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും ജനുവരിയും ഫെബ്രുവരിയുമൊക്കെ ആവും.

പിന്നീട് എല്ലാം ഫാസില്‍ സാറിന്റെ ബുദ്ധിയായിരുന്നു. ഹില്‍ പാലസിലേത് സിദ്ദിഖ് – ലാലിനെ കൊണ്ടും മറ്റ് ഭാഗങ്ങള്‍ പ്രിയദര്‍ശനെ കൊണ്ടും സിബിയെ കൊണ്ടും ഷൂട്ട് ചെയ്യിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ 30 ദിവസം കൊണ്ട് ആ സിനിമയുടെ ഷൂട്ടിങ് അവസാനിച്ചു,’ ബാബു ഷാഹിര്‍ പറഞ്ഞു.


Content Highlight: Babu Shahir Says How Sibi Malayil, Priyadarshan And Siddique-lal Were Part Of Manichithrathazhu