മോഹന്‍ലാലാണ് ആ വേഷം ദിലീപിന് കൊടുക്കാന്‍ പറഞ്ഞത്; അതിന് മുന്‍പ് ഒരു സിനിമയിലും ഞാന്‍ അദ്ദേഹവുമൊത്ത് സഹകരിച്ചിട്ടില്ല: ബി. ഉണ്ണികൃഷ്ണന്‍
Movie Day
മോഹന്‍ലാലാണ് ആ വേഷം ദിലീപിന് കൊടുക്കാന്‍ പറഞ്ഞത്; അതിന് മുന്‍പ് ഒരു സിനിമയിലും ഞാന്‍ അദ്ദേഹവുമൊത്ത് സഹകരിച്ചിട്ടില്ല: ബി. ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th March 2024, 2:49 pm

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി ഒരു നിലപാടും താന്‍ എടുത്തിട്ടില്ലെന്നും അദ്ദേഹത്തിനെ വെച്ച് ആ സമയത്ത് ഒരു സിനിമ ചെയ്യേണ്ടി വന്നത് അങ്ങനെ ഒരു സാഹചര്യം വന്നതുകൊണ്ടുമാത്രമാണെന്നും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തെ ആദ്യമായി ഒരു സംഘടനയില്‍ നിന്ന് (ഫെഫ്ക്ക) പുറത്താക്കുന്നത് താനാണെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ദി മലബാര്‍ ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബി. ഉണ്ണികൃഷ്ണന്‍.

‘ദിലീപിന്റെ ഈ ഇഷ്യൂ വന്ന സമയത്ത് ദിലീപിനെ ഒരു ചലച്ചിത്ര സംഘടനയില്‍ നിന്ന് ആദ്യം സസ്‌പെന്‍ഡ് ചെയ്യുന്നത് ഞാനാണ്. ഫെഫ്ക്കയില്‍ അദ്ദേഹം മെമ്പറാണ്. അദ്ദേഹത്തിന് അസി. ഡയറക്ടര്‍ കാര്‍ഡുണ്ട്. ആ വാര്‍ത്ത ചാനലില്‍ ബ്രേക്ക് ചെയ്ത് വരുമ്പോള്‍ ദിലീപ് കസ്റ്റഡിയിലാണ്. ദിലീപിനെ ഫോണ്‍ ഉപയോഗിക്കാന്‍ അവര്‍ സമ്മതിച്ചിരുന്നു.

ദിലീപ് അവിടെ നിന്ന് എന്നെ വിളിച്ചു. ഞാന്‍ ഇതില്‍ നിരപരാധിയാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, ആയിക്കോട്ടെ പക്ഷേ നിങ്ങള്‍ ആ ഒരു പ്രോസസിലൂടെ കടന്നുപോകണം. നിരപരാധിത്വം തെളിയിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്ന്. ഞാന്‍ ദിലീപിനൊപ്പം ഒരു പടം പോലും അന്ന് വരെ ചെയ്തിട്ടില്ല.

എനിക്ക് തോന്നുന്നു മലയാളത്തില്‍ ഇത്രയും സക്‌സസ് റേറ്റ് ഉള്ള മറ്റൊരു ഹീറോയില്ല എന്ന്. ബാക്ക് ടു ബാക്ക് പന്ത്രണ്ടോ പതിമൂന്നോ ബ്ലോക്ക് ബസ്റ്റര്‍ കൊടുത്ത നായകനാണ് ദിലീപ്. അദ്ദേഹത്തിന്റെ പ്രൈം പിരീഡില്‍ പോലും ഞാന്‍ അദ്ദേഹവുമായി ഒരു സിനിമയും ചെയ്തിട്ടില്ല. അടുത്ത സൗഹൃദബന്ധവും ഇല്ല.

ഞങ്ങള്‍ തമ്മില്‍ രണ്ടോ മൂന്നോ വട്ടം സിനിമ ചെയ്യാന്‍ അവസരം വന്നിട്ട് പല കാരണങ്ങള്‍ കൊണ്ട് അത് മാറിപ്പോയി. അങ്ങനെ ഒരു ഡിസ്‌കഷന്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, പല തവണയായല്ലോ നമ്മള്‍ തമ്മില്‍ സിനിമ ചെയ്യാന്‍ വിചാരിക്കുന്നു എന്തായാലും നമുക്ക് ഒരു സിനിമ ചെയ്യാം എന്ന്.

ആ സമയത്താണ് ഒരു വിക്കുള്ള വക്കീലിന്റെ കഥ ഞാന്‍ പറയുന്നത്.(കോടതി സമക്ഷം ബാലന്‍ വക്കീല്‍). ശരിക്കും പറഞ്ഞാല്‍ അത് ഞാന്‍ ആദ്യം മോഹന്‍ലാലിന് വേണ്ടി എഴുതിയതാണ്. അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത് ഇത് കുറച്ചുകൂടി ദിലീപിനായിരിക്കും ചേരുക എന്ന്. അത് ഞാന്‍ ദിലീപിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു.

അതിനൊരു പ്രൊഡക്ഷന്‍ കമ്മിറ്റ്‌മെന്റുണ്ടായി. പക്ഷേ അത് വൈകിപ്പോയി. ദിലീപ് ജാമ്യത്തില്‍ വന്ന് കഴിഞ്ഞ് സിനിമ ചെയ്യാന്‍ തുടങ്ങിയല്ലോ, പിന്നെ ഏത് മേഖലയിലും ഒരു ട്രയല്‍ നേരിടുന്ന ആള്‍ക്ക് അയാളുടെ ജോലി ചെയ്യാനുള്ള അവകാശമുണ്ട്. എന്റെ ഈ കമ്മിറ്റ്‌മെന്റ് എനിക്ക് വലിയൊരു ലീഗല്‍ ബാധ്യതയായി മാറി.

ഒരു കോര്‍പ്പറേറ്റുമായിട്ടാണ് കമ്മിറ്റ്‌മെന്റ്. ദിലീപിനും അതൊരു ലീഗല്‍ ബാധ്യതയായി മാറി. ഇതാണ് സാഹചര്യമെന്ന് അവരോട് പറഞ്ഞപ്പോള്‍ അവര്‍ ഈ പടം ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ പടം ചെയ്യുന്നത്. ആ പടത്തിന് ശേഷം ഒരു പടത്തിന്റെ ചര്‍ച്ച വന്നപ്പോള്‍ കേസൊക്കെ കഴിയട്ടെ എന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചത്.

ദിലീപിനോട് വ്യക്തിപരമായിട്ട് എനിക്ക് ഒരു തരത്തിലുള്ള വിരോധവുമില്ല. അദ്ദേഹം സഹപ്രവര്‍ത്തകനാണ് ആ രീതിയിലുള്ള സൗഹൃദമുണ്ട്.

അദ്ദേഹവുമായി ഈയൊരു പടം ചെയ്തു എന്നല്ലാതെ ഏതെങ്കിലും രീതിയില്‍ ദിലീപിന് എതിരെ നടക്കുന്ന കേസന്വേഷണത്തെ സ്വാധീനിക്കത്തക്ക വിധത്തിലോ പൊതു, സമൂഹത്തില്‍ അയാള്‍ക്ക് അനുകൂലമായിട്ടുള്ള ഒരു മാനസികാവസ്ഥയിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനോ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: B Unnikrishnan about Actress attack case and his movie with dileep