സ്‌ക്രിപ്റ്റ് ഞാന്‍ ചോദിച്ചാലും തരാറില്ല, മാറ്റം വന്നത് ആ ചിത്രത്തിന് ശേഷം: അസീസ് നെടുമങ്ങാട്
Film News
സ്‌ക്രിപ്റ്റ് ഞാന്‍ ചോദിച്ചാലും തരാറില്ല, മാറ്റം വന്നത് ആ ചിത്രത്തിന് ശേഷം: അസീസ് നെടുമങ്ങാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th October 2023, 9:25 pm

ജയ ജയ ജയ ഹേക്ക് ശേഷമാണ് അഭിനയിക്കാന്‍ വിളിച്ച സിനിമകളുടെ സ്‌ക്രിപ്റ്റ് ലഭിക്കാന്‍ തുടങ്ങിയതെന്ന് നടന്‍ അസീസ് നെടുമങ്ങാട്. അതിന് മുമ്പ് വരെ വിളിച്ച് ഇത്ര ഡേറ്റ് വേണമെന്ന് മാത്രമേ പറയാറുള്ളൂവെന്നും സ്‌ക്രിപ്റ്റ് ചോദിച്ചാലും ലഭിക്കാറില്ലെന്നും അസീസ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അസീസ്.

‘കണ്ണൂര്‍ സ്‌ക്വാഡിന് മുമ്പുള്ള ചിത്രങ്ങളിലും സ്‌ക്രിപ്റ്റ് അയച്ചുതന്നിട്ടുണ്ട്. അങ്ങനെയുണ്ടാവാന്‍ തുടങ്ങിയത് ജയ ജയ ജയ ജഹ ഹേക്ക് ശേഷമാണ്. അതിന് മുമ്പ് വരെ വിളിച്ചിട്ട് ‘അസീസേ ഇന്ന ദിവസം മുതല്‍ ഇന്ന ദിവസം വരെ ഡേറ്റ് വേണമെന്നാണ് പറയുന്നത്. അപ്പോള്‍ സ്‌ക്രിപ്റ്റ് ഒന്ന് വായിക്കാന്‍ അയച്ചുതരുമോ എന്ന് ഞാന്‍ അങ്ങോട്ട് ചോദിക്കും. അങ്ങനെ ചോദിച്ചാലും അയച്ചുതരാന്‍ അവര്‍ മറക്കും. പിന്നെ അയച്ചുതന്നില്ലെങ്കിലും കുഴപ്പമില്ലല്ലോ, നമ്മുടെ ഡേറ്റ് കിട്ടിയല്ലോ.

പിന്നേം വിളിച്ച് ചോദിക്കുമ്പോള്‍ എന്റെ പോര്‍ഷന്‍സ് മാത്രം അയച്ചുതരും. കഥ എന്താണെന്ന് എനിക്ക് അറിയാന്‍ പറ്റില്ല. പിന്നെ എന്റെ പോഷന്‍സ് ഞാന്‍ കാണാതെ പഠിക്കും. കഥ എന്താണെന്ന് അറിയാതെ ആട്ടം ആടുന്നു എന്ന് പറയുന്നത് പോലെയാണ്.

പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. ജയ ഹേ ഇറങ്ങിയതിന് ശേഷം വിളിച്ച് ചേട്ടാ ഒരു പടമുണ്ട് എന്നാണ് പറയാറുള്ളത്. അപ്പോള്‍ കഥയും കിട്ടു. സിനിമ ഏത് രീതിയിലാണ് പോകുന്നത് എന്ന് അറിയാന്‍ പറ്റും. അങ്ങനെ ചൂസ് ചെയ്യുന്നുണ്ട്,’ അസീസ് പറഞ്ഞു.

കണ്ണൂര്‍ സ്‌ക്വാഡിലെ ഒഴിവാക്കിയ രംഗങ്ങളെക്കുറിച്ചും അസീസ് സംസാരിച്ചിരുന്നു. ‘മാരക ഫൈറ്റ് ഉണ്ടായിരുന്നു. മമ്മൂക്കയുടെ കുറെ ഷോട്ടുകള്‍ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്തതിനു ശേഷം മമ്മൂക്കയുടെ വീട്ടില്‍ ചെന്ന് കാണിക്കുമല്ലോ. കാണിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞു ‘നമ്മുടെ സിനിമക്ക് ഇത്രയും വേണ്ട, ഇത്രയും ഈ സിനിമക്ക് പറ്റിയതല്ല’.

ആ ഫൈറ്റ് സീനുകളുടെ സമയത്ത് അദ്ദേഹത്തിനെ അമാനുഷികനായി തോന്നി. അതു കഴിഞ്ഞിട്ട് സാധാരണ മനുഷ്യനായി തോന്നും. മമ്മൂക്ക പറഞ്ഞു അത് വേണ്ട എന്ന്. മമ്മൂക്കയുടെ അതിഗംഭീരമായ ഫൈറ്റ് സീനുകള്‍ ഉണ്ടായിരുന്നു. അത് ഒഴിവാക്കിയപ്പോള്‍ സങ്കടമായി. നമ്മള്‍ ഫൈറ്റ് മാത്രം എഡിറ്റ് ചെയ്ത് കണ്ടപ്പോള്‍ അതിഗംഭീരമായിരുന്നു.

പക്ഷേ സിനിമയില്‍ നേരിട്ട് കണ്ടപ്പോള്‍ അത് ഒഴിവാക്കിയതില്‍ സങ്കടമുണ്ടായിരുന്നു. പക്ഷേ മമ്മൂക്ക അത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി അതൊക്കെ ഈ സിനിമക്ക് പറ്റിയ കാര്യങ്ങളല്ല എന്ന്,’ അസീസ് പറഞ്ഞു.

Content Highlight: Azees nedumangadu talks about the difference in career after jaya hey