ബെംഗളൂരു: അയോധ്യാക്കേസിലെ സുപ്രീംകോടതിയുടെ അനുനയ സമീപനം രാജ്യത്തെ വലതു ഭൂരിപക്ഷാധിപത്യമുള്ള ഒന്നാക്കി മാറ്റിയെന്നും അതു ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളോടു നീതി പുലര്‍ത്തുന്നതല്ലെന്നും സുപ്രീംകോടതി അഭിഭാഷകന്‍ കാളീശ്വരം രാജ്. ഭരണഘടനാ തത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും മതേതരത്വത്തിനുമേറ്റ വന്‍ തിരിച്ചടിയാണു വിധിയെന്നും അദ്ദേഹം ‘ദ ടെലഗ്രാഫി’നോടു പറഞ്ഞു.
‘പരമോന്നത കോടതിയുടെ വാക്കാണ് ഏറ്റവും അവസാനം. എല്ലാവരും അതു നിര്‍ബന്ധമായും അംഗീകരിക്കണം. ആരും സമാധാനം തകര്‍ക്കാനായി ഒന്നും ചെയ്യരുത്. പക്ഷേ ഇത്തരമൊരു പ്രധാനപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട വിധി ഏറെനാള്‍ ചര്‍ച്ച ചെയ്യപ്പെടണം.
അനധികൃതവും നിയമവിരുദ്ധവുമായ പ്രവൃത്തികളെന്നു കണ്ടെത്തിയ കാര്യങ്ങളെ മഹത്വവത്കരിക്കാനും ഇതേ കോടതി ശ്രമിച്ചിട്ടുണ്ടെന്നതാണ് അയോധ്യാ വിധിയിലെ വിരോധാഭാസം. നിയമ സങ്കല്‍പത്തിനാണ് ഇതുവഴി ഏറ്റവും കേടുപാട് പറ്റിയിരിക്കുന്നത്. അയോധ്യാ വിധി ഭരണഘടനാപരമായ ആശയത്തിനു നേര്‍വിപരീതമാണ്.
ഇരകള്‍ക്കൊപ്പം നില്‍ക്കാതെ കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കുന്നത് നിയമലംഘനമല്ലേയെന്നു ജനങ്ങള്‍ ചോദിക്കും. ബാബ്‌റി മസ്ജിദ് തകര്‍ത്തത് നിയമലംഘനമാണെന്നു പറയുന്ന കോടതി, അതേ സ്ഥലത്ത് ഒരു ക്ഷേത്രം നിര്‍മിക്കാനാണു പരിഹാരമായി പറയുന്നത്. ഈ പരസ്പരവിരുദ്ധത ഭാവിയിലും ചര്‍ച്ച ചെയ്യപ്പെടും.
രാഷ്ട്രീയാര്‍ഥത്തിലും ഇതു വളരെ കാര്യമായി ചര്‍ച്ച ചെയ്യപ്പെടും. നിലവിലെ സാഹചര്യത്തില്‍ ഒരിക്കല്‍ നിങ്ങള്‍ വിധി വായിച്ചാല്‍ സുപ്രീംകോടതിക്കു സ്വാതന്ത്ര്യം നിലനിര്‍ത്താനായിട്ടില്ല എന്നു മനസ്സിലാകും.
സ്വാതന്ത്ര്യമില്ലാത്ത ഒരു ഭരണകൂടത്തിന്റെ ഭാഗം തന്നെയാണ് സുപ്രീംകോടതിയെന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇതു ജനാധിപത്യത്തിന്റെ അപകടകരമായ പ്രവണതയാണ്.’- അദ്ദേഹം പറഞ്ഞു.
അയോധ്യാ വിധി തന്നെ അസ്വസ്ഥനാക്കുന്നുവെന്നായിരുന്നു സുപ്രീംകോടതി മുന്‍ ജഡ്ജി അശോക് കുമാര്‍ ഗാംഗുലി നേരത്തേ പ്രതികരിച്ചത്. ബാബറി മസ്ജിദില്‍ പ്രാര്‍ത്ഥന നടന്നിരുന്നതായി സുപ്രീംകോടതി അംഗീകരിക്കുന്നുണ്ടെങ്കില്‍ അതിനെ പള്ളിയായി പരിഗണിക്കണമെന്നും അശോക് കുമാര്‍ പറഞ്ഞു.
2022ല്‍ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്താല്‍ എന്ത് ചെയ്യും. ഭരണഘടനാപരമായ ധാര്‍മികതയ്ക്ക് അപ്പോള്‍ എന്ത് സംഭവിക്കുമെന്നും അശോക് കുമാര്‍ ചോദിച്ചു. 500 വര്‍ഷത്തിലധികമായി നിന്നിരുന്ന പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കം എങ്ങനെയാണ് പരിഗണിക്കുകയെന്നും അദ്ദേഹം ആരാഞ്ഞു.
പള്ളിക്കടിയില്‍ ഒരു നിര്‍മിതിയുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്നല്ലാതെ അത് ക്ഷേത്രത്തിന്റെ ആണെന്ന് പറഞ്ഞിട്ടില്ല. ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണ് പള്ളി പണിതതെന്നതിനും തെളിവുകള്‍ ഒന്നും ഇല്ല. പിന്നെ എന്തു പുരാവസ്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് 500 വര്‍ഷത്തിന് ശേഷം ഇത്തരമൊരു കേസില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മതവിശ്യാസ സ്വാതന്ത്ര്യവും അത് പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സൂപ്രീം കോടതി നല്‍കുന്നുണ്ട്. ഈ മൗലികാവകാശം എനിക്കുണ്ടെങ്കില്‍ അപ്പോള്‍ ആരാധനാലയം സംരക്ഷിക്കാനുള്ള അവകാശവും എനിക്കുണ്ട്. പള്ളി തകര്‍ക്കപ്പെട്ട ദിവസം ആ അവകാശവും തകര്‍ക്കപ്പെടുകയായിരുന്നെന്നും അശോക് കുമാര്‍ പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുന്‍ വിധിയില്‍ പറയുന്നത് 500 വര്‍ഷത്തിലധികം പഴക്കമുള്ള ആരാധനാലയം തകര്‍ത്തിട്ടുണ്ട് എന്നാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസിനോട് അദ്ദേഹം പറഞ്ഞു.