എ.ടി.എം കവര്‍ച്ച: പ്രതികള്‍ സെക്കന്ദരാബാദിലെന്ന് സൂചന
Kerala News
എ.ടി.എം കവര്‍ച്ച: പ്രതികള്‍ സെക്കന്ദരാബാദിലെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th October 2018, 11:36 am

കൊച്ചി: ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എ.ടി.എം കവര്‍ച്ച നടത്തിയ പ്രതികള്‍ സെക്കന്ദരാബാദില്‍ എത്തിയതായി സൂചന. തൃശൂരില്‍ നിന്നും രക്ഷപെട്ട ഏഴ് അംഗ എ.ടി.എം കവര്‍ച്ചാ സംഘമാണ് സെക്കന്ദരാബാദില്‍ എത്തിയതായി പൊലീസിനു വിവരം ലഭിച്ചത്.

സെക്കന്ദരാബാദിലെ മാര്‍ക്കറ്റില്‍ കവര്‍ച്ച സംഘത്തിന്റെ മുഖ സാദൃശ്യം ഉള്ളവരെ കണ്ടെത്തുകയും ഇവരുടെ ചിത്രങ്ങള്‍ സെക്കന്ദരാബാദ് പൊലീസ് കേരള പൊലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്. അന്വേഷണസംഘം ഇത് പരിശോധിച്ചുവരികയാണ്.


അതേസമയം, എ.ടി.എം കവര്‍ച്ച നടന്ന ചാലക്കുടിയിലും കോട്ടയത്തും പൊലീസ് വീണ്ടും പരിശോധന നടത്തും. കവര്‍ച്ചക്കാര്‍ വാഹനം മോഷിച്ച കോട്ടയത്തും വാഹനം ഉപേക്ഷിച്ച ചാലക്കുടിയിലുമാണ് അന്വേഷണ സംഘം വീണ്ടും എത്തുക.

കഴിഞ്ഞ ദിവസമാണ് ചാലക്കുടിയിലും കൊച്ചി ഇരുമ്പനത്തും എ.ടി.എം കവര്‍ച്ച നടന്നത്. കൊരട്ടയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപ കവര്‍ന്നു. തൃപ്പൂണിത്തറ ഇരുമ്പനത്ത് എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്ന് 25 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇരുമ്പനത്തിന് പുറമെ കളമശ്ശേരിയിലും കോട്ടയത്തും കവര്‍ച്ചാ ശ്രമവും നടന്നിരുന്നു.