Advertisement
national news
യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പീഡനാരോപണം; ബി.വി ശ്രീനിവാസിന് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കി അസം പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 24, 05:35 am
Monday, 24th April 2023, 11:05 am

ദിസ്പുര്‍: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.വി ശ്രീനിവാസിനെ ചോദ്യ ചെയ്യലിന് വിളിപ്പിച്ച് അസാം പൊലീസ്. പീഡന ആരോപണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് അങ്കിത ദത്തയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്.

ചോദ്യം ചെയ്യലിന് ന്യായമായ കാരണങ്ങളുണ്ടെന്നും അതിനാല്‍ മെയ് 2ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്നും ഗുവാഹത്തി പൊലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മൈത്രോയി ദേക നല്‍കിയ നോട്ടീസില്‍ പറഞ്ഞു.

ചോദ്യം ചെയ്യലില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു.

നിരവധി തവണ തന്നെ ശ്രീനിവാസന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്ന് അങ്കിത പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഐ.പി.സി സെഷന്‍ 509, 294, 341, 352, 354, 506 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച നടത്തിയ ട്വീറ്റ് പരമ്പരയിലൂടെയാണ് അങ്കിത ശ്രീനിവാസനെതിരെ പരാതികള്‍ ഉന്നയിച്ചത്.

2021ല്‍ അസാം യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു അങ്കിത. എന്നാല്‍ എ.വൈ.സിയുടെ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രീനിവാസ് പെട്ടെന്ന് തീരുമാനിച്ചെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു പ്രാധാന്യവും നല്‍കിയില്ലെന്നും അങ്കിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം അങ്കിതയെ ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പീഡന പരാതിയുമായി ബന്ധപ്പെട്ട് അങ്കിതയ്ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി. കൂടാതെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ യൂത്ത് കോണ്‍ഗ്രസ് മാനനഷ്ടക്കേസിന് അങ്കിതയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കര്‍ണാടക തെരഞ്ഞെടുപ്പിലെ പ്രചാരകരിലൊരാളായ ശ്രീനിവാസിന്റെ പ്രതിച്ഛായയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അങ്കിത ഇത് ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. അങ്കിത ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ അങ്കിതയുടെ ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നടപടി സ്വീകരിക്കാത്തതിനാലാണ് പൊലീസ് കേസില്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശര്‍മ പറഞ്ഞു.

content highlight: assam police summoned sreenivas B.Y