Film News
'അസീസ് എന്നെ അനുകരിക്കുന്നത് മോശമായിട്ട്; ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണല്ലോ പലരും കാണിക്കുക'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 26, 07:34 am
Thursday, 26th October 2023, 1:04 pm

തന്നെ അനുകരിക്കന്നവരെക്കുറിച്ച് സംസാരിക്കുകയാണ് നടൻ അശോകൻ. പല കോമഡി ആർട്ടിസ്റ്റുകളും അമരത്തിലെ താൻ ചെയ്ത ആ സീനാണ് ഇമിറ്റേറ്റ് ചെയ്യാറുള്ളതെന്നും എന്നാൽ അതിൽ നന്നായി തന്നെ അനുകരിക്കുന്നവരുണ്ടെന്നും അതുപോലെ തന്നെ മോശമായി അനുകരിക്കുന്നവരുമുണ്ടെന്നും അശോകൻ പറയുന്നു. അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് നന്നായിട്ട് തോന്നിയിട്ടില്ലെന്നും അശോകൻ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മിമിക്രിക്കാർ നല്ലതായി ചെയ്യുന്നവരുമുണ്ട്. അതുപോലെ നമ്മളെ വളരെ മോശമായിട്ട് അനുകരിക്കുന്ന ആളുകളുമുണ്ട്. നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്ന ആളുകളുമുണ്ട്. നല്ലതായിട്ട് ചെയ്ത പലരുമുണ്ട്. ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണല്ലോ പലരും കാണിക്കുക. അമരം സിനിമയിൽ ഞാനങ്ങനെ നോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.

എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റിൽ പിടിച്ചിട്ടാണ് അവർ വലിച്ച് നീട്ടുന്നത്. നമ്മളെ കളിയാക്കി ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. അവരൊക്കെ നമ്മളെപ്പോലെയുള്ള ആക്ടേഴ്സിനെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്നു , ജീവിക്കുന്നു. അവരങ്ങനെ ചെയ്തോട്ടെ. മനപ്പൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്. സ്നേഹം കൊണ്ട് ചെയ്യുമ്പോൾ ഒറിജിനൽ ആയിട്ടേ ചെയ്യുകയുള്ളൂ. അല്ലാതെ സ്ഥിരമായി തന്നെ ചെയ്യുന്ന പലരുമുണ്ട്,’ അശോകൻ പറഞ്ഞു.


കണ്ണൂർ സ്‌ക്വാഡിലെ പ്രധാന കഥാപാത്രമായ അസീസ് നെടുമങ്ങാട് തന്നെ നല്ല രീതിയിൽ ചെയ്യാറുണ്ട് എന്ന അവതാരികയുടെ പ്രസ്താവനയോട് തനിക്ക് അങ്ങനെ തോന്നുന്നില്ല എന്നാണ് അശോകൻ മറുപടി പറഞ്ഞത്. താൻ മുന്നേ പറഞ്ഞ മോശമായിട്ട് അനുകരിക്കുന്ന ഒരാളായിട്ടാണ് അസീസിനെ തോന്നിയതെന്നും അശോകൻ കൂട്ടിച്ചേർത്തു.

‘എനിക്ക് അത്രയും തോന്നുന്നില്ല. അസീസ് നന്നായിട്ട് മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് ഞാൻ മുമ്പേ പറഞ്ഞ ആളുകളിൽ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല,’ അശോകൻ പറയുന്നു.

അതേസമയം അശോകൻ അഭിനയിക്കുന്ന പുതിയ വെബ് സീരിസ് മാസ്റ്റര്‍ പീസ് ഇന്നലെ റിലീസ് ചെയ്തിരിക്കുകയാണ്. നിത്യ മേനോന്‍, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, ശാന്തി കൃഷ്ണ, മാല പാര്‍വതി തുടങ്ങിയവരാണ് ഈ സീരീസില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്രീജിത്ത് എന്‍. ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോര്‍ജ് ആണ് നിര്‍മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സീരീസ് സ്ട്രീം ചെയ്യുന്നത്.

Content Highlight: Ashokan about Asees nedumangad imitating him