അരുവിക്കരയില്‍ 10128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ.എസ് ശബരീനാഥന് വിജയം
Daily News
അരുവിക്കരയില്‍ 10128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ.എസ് ശബരീനാഥന് വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2015, 11:58 pm

sabari തിരുവനന്തപുരം: അരുവിക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരീനാഥിന് വന്‍ വിജയം. 10,128 ശക്തമായ ഭൂരിപക്ഷത്തിനാണ് ശബരീനാഥന്‍ വിജയിച്ചത്. 56,448 വോട്ടുകളാണ് ശബരീനാഥ് നേടിയത്.

കഴിഞ്ഞ തവണ ജി.കാര്‍ത്തികേയന്‍ നേടിയ വോട്ടിനേക്കാള്‍ നേരിയ കുറവേ ശബരീനാഥന്റെ ആകെ വോട്ടില്‍ വന്നിട്ടുള്ളൂ. 56,797 വോട്ടുകളാണ് ജി.കാര്‍ത്തികേയന്‍ നേടിയത്. 10674 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജി.കാര്‍ത്തികേയന്‍ കഴിഞ്ഞതവണ വിജയിച്ചത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം വിജയകുമാറാണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹം 46320 വോട്ടുകളാണ് നേടിയത്. മുന്‍വര്‍ഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍.എസ്.പിയുടെ അമ്പലത്തറ ശ്രീധരന്‍ നായര്‍ക്ക് 46,123 വോട്ടുകളായിരുന്നു ലഭിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ യു.ഡി.എഫ് ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഒരു ഘട്ടത്തില്‍പ്പോലും യു.ഡി.എഫ് താഴേക്കു പോയില്ല. പഞ്ചായത്തുകളില്‍ അരുവിക്കരയില്‍ മാത്രമാണ് എല്‍.ഡി.എഫിനു നേട്ടം കൊയ്യാന്‍ സാധിച്ചത്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം യു.ഡി.എഫ് മുന്നേറ്റം കാഴ്ചവെച്ചു.

തൊളിക്കോട്, വിതുര, ആര്യനാട്, ഉഴമലയ്ക്കല്‍, വെള്ളനാട്, കുറ്റിച്ചില്‍, പൂവ്വത്തില്‍ പഞ്ചായത്തുകളിലെല്ലാം യു.ഡി.എഫ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. ന്യൂനപക്ഷ സ്വാധീനമുള്ള തൊളിക്കോട് പഞ്ചായത്തില്‍ ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ മൂന്നിരട്ടി വോട്ടുനേടി.

ശക്തമായ ത്രികോണമത്സരമാണ് അരുവിക്കരയില്‍ ദൃശ്യമായത്. കഴിഞ്ഞതവണ എട്ടായിരത്തില്‍ താഴെ മാത്രം വോട്ടുനേടിയ ബി.ജെ.പിയുടെ വോട്ട് ഇത്തവണ 34,000 കടന്നു. നാലാം സ്ഥാനത്ത് നോട്ടയാണ്. 1430 വോട്ടുകളാണ് നോട്ട നേടിയത്.

പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ മുന്നണിക്ക് 1197 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും വി.എസ്.ഡി.പിയുടെയും സജീവ പിന്തുണ പി.സി ജോര്‍ജിന്റെ സ്ഥാനാര്‍ഥി കെ.ദാസന് ഉണ്ടായിരുന്നെങ്കിലും വോട്ടിങ്ങില്‍ അത് പ്രതിഫലിച്ചില്ല. മുസ്‌ലിങ്ങള്‍ക്കും നാടാര്‍ സമുദായത്തിനും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നിട്ടു കൂടിയാണിത്.

പി.ഡി.പി സ്ഥാനാര്‍ഥി പൂന്തുറ സിറാജിന് 703 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.