Entertainment
ഇപ്പോഴത്തെ പിള്ളേർക്ക് സ്ട്രേഞ്ചർ തിങ്സ് എങ്ങനെയാണോ അതുപോലെയാണ് എനിക്ക് ആ മമ്മൂക്ക ചിത്രം; ഗഗന ചാരി സംവിധായകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 03, 03:54 am
Wednesday, 3rd July 2024, 9:24 am

ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരയ്ക്കാര്‍, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രമാണ് ഗഗന ചാരി.

സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറില്‍ പെടുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. അന്യഗ്രഹ ജീവിയായിട്ടാണ് അനാർക്കലി മരയ്ക്കാർ ചിത്രത്തിൽ എത്തുന്നത്.

മലയാള സിനിമയിൽ ഏലിയൻസിനെ കുറിച്ച് താൻ ആദ്യമായി കേൾക്കുന്നത് മനു അങ്കിൾ എന്ന ചിത്രത്തിലാണെന്നും ഇന്റർനാഷണൽ സിനിമയിലൊക്കെ പറയുന്ന വാക്കുകൾ ഒരു മലയാള സിനിമയിൽ കേട്ട് താനന്ന് നോക്കി ഇരുന്നിട്ടുണ്ടെന്നും അരുൺ ചന്ദു പറയുന്നു.

ഇപ്പോഴത്തെ പിള്ളേർക്ക് സ്ട്രേഞ്ചർ തിങ്സ് എന്ന വെബ് സീരീസ് എങ്ങനെയാണോ അതുപോലെയായിരുന്നു തനിക്ക് മനു അങ്കിൾ എന്ന ചിത്രമെന്നും അരുൺ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയയോട് സംസാരിക്കുകയായിരുന്നു അരുൺ.

‘മനു അങ്കിൾ എന്ന സിനിമയിലാണ് ആദ്യമായി ഏലിയനെ കുറിച്ചൊക്കെ സംസാരിക്കുന്നത്. നമ്മൾ ഈ ഇന്റർനാഷണൽ സിനിമയിലൊക്കെ കാണുന്ന അല്ലെങ്കിൽ കേൾക്കുന്ന വാക്കുകളൊക്കെ മലയാള സിനിമയിൽ മമ്മൂക്ക പറയുന്ന സമയത്ത് ഞാൻ നോക്കിയിരുന്നിട്ടുണ്ട്.

ആ സിനിമയൊക്കെ ഇപ്പോഴും കാണുമ്പോൾ ഞാൻ ആലോചിക്കും. ആ കാലത്ത് പിള്ളേർക്ക് വേണ്ടി എല്ലാ സൂപ്പർ സ്റ്റാറുകളും ഒന്നിച്ച് വന്നൊരു പടം വലിയൊരു കാര്യമാണ്.

ഞങ്ങൾ ആദ്യത്തെ പടം അനൗൺസ് ചെയ്തപ്പോൾ തന്നെ യൂസ് ചെയ്ത സീനായിരുന്നു മമ്മൂക്ക ടെലിസ്കോപ്പിലൂടെ നോക്കുന്ന ഭാഗം. ഇപ്പോഴത്തെ പിള്ളേർക്ക് എങ്ങനെയാണോ സ്ട്രേഞ്ചർ തിങ്സ് അങ്ങനെയായിരുന്നു എനിക്ക് മനു അങ്കിൾ,’അരുൺ ചന്ദു പറയുന്നു.

ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മനു അങ്കിൾ. മമ്മൂട്ടിക്ക് പുറമേ കുട്ടികൾ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിൽ സോമൻ, ലിസി തുടങ്ങിയവരോടൊപ്പം മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ അതിഥി വേഷവും ഉണ്ടായിരുന്നു.

 

Content Highlight: Arun Chandhu Talk About Manu Uncle Movie