“ഇന്ത്യയില്‍ അനാദികാലം മുതല്‍ ഹിന്ദുക്കള്‍ പാര്‍ത്തുപോരുന്നു. ഹിന്ദുക്കളാണ് ഈ രാഷ്ട്രം. കാരണം, എല്ലാ സംസ്‌കാരവും സംസ്‌കൃതിയും ജീവിതവും അവര്‍ മാത്രമാണ് സംഭാവനചെയ്യുന്നത്. അഹിന്ദുക്കള്‍ കടന്നുകയറ്റക്കാരോ അതിഥികളോ ആണ്. ഹിന്ദുപാരമ്പര്യങ്ങളെയും സംസ്‌കൃതിയേയും മറ്റും സ്വായത്തമാക്കാത്തിടത്തോളം കാലം അവരെ തുല്യരായി കണക്കാക്കുക വയ്യ; അഹിന്ദുക്കള്‍, പ്രത്യേകിച്ച് മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും എന്തെല്ലാം ഹിന്ദുവാണോ അതിനെല്ലാം എതിരായി നില്‍ക്കുന്നു. അതുകൊണ്ട് അവരെ ഭീഷണിയായി കാണണം. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം, പുരോഗതി എന്നാല്‍ ഹിന്ദുക്കളുടെ സ്വാതന്ത്ര്യം, പുരോഗതി എന്നാണ് അര്‍ഥം; ഇന്ത്യയുടെ ചരിത്രം ഈ അന്യദേശക്കാരുടെ കടന്നാക്രമണത്തിനെതിരേ സ്വന്തം മതത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കാനുള്ള ഹിന്ദുക്കളുടെ പോരാട്ടത്തിന്റെ ചരിത്രമാണ്.
ഈ രാജ്യത്ത് പാര്‍ക്കുന്നവരുടെയാകെ ഐക്യമാണ് ദേശീയഐക്യം എന്ന് പറയുന്നവര്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടുക എന്ന സ്വാര്‍ഥതാത്പര്യത്താല്‍ പ്രചോദിതരാണ്. അതുകൊണ്ട് അവര്‍ രാജ്യദ്രോഹികളാണ്. ഹിന്ദുക്കളുടെ ഐക്യവും ഏകോപനവുമാണ് കാലത്തിന്റെ അടിയന്തര ആവശ്യം. കാരണം ഹിന്ദുക്കള്‍ ശത്രുക്കളാല്‍ വളയപ്പെട്ടിരിക്കുന്നു. ഹിന്ദുക്കള്‍ വന്‍തോതില്‍ തിരിച്ചടിക്കാനുള്ള ശേഷിനേടണം. ഹിന്ദുക്കളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മൂലകാരണം അനൈക്യമാണ്. അതുമാറ്റി ഐക്യമുണ്ടാക്കുക എന്ന ദിവ്യനിയോഗത്തോടെയാണ് സംഘപരിവാര്‍ ജന്മംകൊണ്ടിട്ടുള്ളത്.”
കെ.ബി. ഹെഡ്‌ഗേവാറിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ആര്‍.എസ്.എസിന്റെ തീരുമാനങ്ങള്‍/അജന്‍ഡകളാണ് മേല്‍പ്പറഞ്ഞത്. 93 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ വര്‍ഗീയ വിഷവാക്കുകളല്ലാതൊന്നും ശാഖകളില്‍ പറഞ്ഞിട്ടില്ല/പറയുകയുമില്ല.
അതിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പോയാണ് 1969 മുതല്‍ സജീവരാഷ്ട്രീയത്തിലുള്ള കോണ്‍ഗ്രസുകാരനായ മുന്‍ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജി ഹെഡ്‌ഗേവാര്‍ ഇന്ത്യയുടെ മഹാനായ പുത്രനാണെന്ന് എഴുതി ഒപ്പിട്ടുകൊടുക്കുന്നത്.
സമീപകാലത്ത് കോണ്‍ഗ്രസില്‍നിന്ന് സംഘപരിവാറിലേക്ക് എത്രയോപേര്‍ സഞ്ചരിച്ചു. അപ്പോഴൊന്നുമില്ലാത്ത ആശങ്ക നമുക്കിപ്പോള്‍ തോന്നുന്നത് അയാള്‍ പ്രണബ് മുഖര്‍ജി ആയതുകൊണ്ട് കൂടിയാണ്. അത്രയ്ക്ക് ചെറിയ പേരല്ലല്ലോ അത്. ബംഗ്ലാകോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ പ്രണബ് അധികാരത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും എന്നും ആദ്യബെഞ്ചിലുണ്ടായിരുന്നു. ഇല്ലാതെയാകുമ്പോള്‍ പിണങ്ങിയിറങ്ങുകയും ചെയ്യുമാരുന്നു (രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ് ഉദാഹരണം).
1969ല്‍ രാജ്യസഭാംഗമായി പാര്‍ലമെന്ററി രംഗത്തെത്തിയ പ്രണബ് ഇന്ത്യന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് വ്യവസായ, പ്രതിരോധം, വിദേശകാര്യം, വാണിജ്യം, ധനകാര്യം തുടങ്ങി നിരവധി വകുപ്പുകളുടെ ചുമതലയും നിര്‍ണായ രാഷ്ട്രീയ നീക്കങ്ങളുടെ നെടുന്തൂണുമായിരുന്നു; യു.പി.എ. അടക്കം. അങ്ങനെയുള്ള ഒരാളാണ് പ്രസിഡന്റ് പദമൊഴിഞ്ഞശേഷം നാഗ്പൂരില്‍ പോയി ആര്‍.എസ്.എസിന് ദേശസ്‌നേഹത്തെപ്പറ്റി ക്ലാസെടുക്കുന്നത്. അതാണ് ജനാധിപത്യവിശ്വാസികളെ അസ്വസ്ഥപ്പെടുത്തുന്നതും.
നോക്കൂ, സമകാലിക ഇന്ത്യ അത്രമേല്‍ അസ്വസ്ഥമായ ഒരു കാലഘട്ടമാണിത്. സമസ്തമേഖലകളിലും സംഘപരിവാര്‍ ആധിപത്യമുറപ്പിച്ച് വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിതരണം ചെയ്യുന്ന കാലം. ചരിത്രമടക്കം തിരുത്തിയെഴുതി, ദളിതരെയും മുസ്‌ലീങ്ങളെയും കൊന്നൊടുക്കി ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാഗ്രഹിക്കുന്ന സംഘടന അധികാരത്തിലുള്ള കാലം. അക്കാലത്താണ് പ്രണബിന്റെ ഈ ഒറ്റ്.
“ദേശനിര്‍മാണത്തിനുള്ള ധാര്‍മിക-രാഷ്ട്രീയ അവകാശം ഹിന്ദുത്വത്തിന്റെ അടയാളം വഹിക്കുന്നവര്‍ക്ക് മാത്രമാണെന്നാണ് സവര്‍ക്കറുടെ മുഖ്യവാദം. ഹിന്ദുത്വ സങ്കല്പത്തിനു പിന്നിലുള്ള അടിസ്ഥാനപരമായ സ്ഥലതന്ത്രം ദേശത്തെ പുണ്യഭൂമിയായി പുനര്‍നിര്‍വചിക്കലായിരുന്നു” എന്ന് സതീശ് ദേശ്പാണ്ഡെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുറപ്പിക്കലാണല്ലോ സംഘപരിവാറിന്റെ പ്രവര്‍ത്തചരിത്രവും.
വര്‍ഗീയകലാപങ്ങളുടെ മാത്രം പ്രവൃത്തി/ഓര്‍മ മിച്ചമുള്ള പ്രത്യയശാസ്ത്രമാണല്ലോ ഹിന്ദുത്വം.
1925 ല്‍ സ്ഥാപിതമായതു മുതല്‍ ആര്‍.എസ്.എസിന്റെ താത്പര്യം ഹിന്ദുക്കളെ പ്രബലവും ഏകോപിതവുമായ ഒരു യുദ്ധശക്തിയാക്കി മാറ്റുക എന്നതായിരുന്നു. രാഷ്ട്രീയാഭിലാഷങ്ങള്‍ മതവികാരത്തോടൊപ്പം ചേര്‍ത്താണ് അവരെന്നും ഉപയോഗിക്കുന്നത്.
ഗോവധനിരോധനം മുതല്‍ അത് ആരംഭിക്കുന്നു. 1984 ല്‍ നടന്ന എട്ടാം പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് രണ്ടു സീറ്റായിരുന്നെങ്കില്‍ അഞ്ചുവര്‍ഷത്തിനു ശേഷം അത് 86 ആയി. അയോധ്യയാണ് അവര്‍ക്കത് വര്‍ധിപ്പിച്ചു നല്‍കിയതെന്ന് എടുത്തുപറയണം.
1990 ലെ അദ്വാനിയുടെ രഥയാത്ര എട്ടു സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് വി.എച്ച്.പി.യുടെ ആയുധധാരികളുടെ അകമ്പടിയോടെ എത്തുമ്പോഴേക്കും തുടര്‍ച്ചയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. (നരസിംഹറാവുവിന്റെ അന്നത്തെ നിശ്ശബ്ദത അടിയന്തരാവസ്ഥ പോലെ തന്നെ കോണ്‍ഗ്രസിനെ അസ്ഥസ്ഥപ്പെടുത്തും/പെടുത്തേണ്ടതാണ്). അതിന്റെ തുടര്‍ച്ചയില്‍ എത്രയോ മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ടു, വീട് നഷ്ടപ്പെട്ടു, അഭയാര്‍ഥികളായി, അരക്ഷിതരായി. അധിക ദേശസ്‌നേഹത്തിനവരെ നിര്‍ബന്ധിതരാക്കി. ഇന്ത്യയോടുള്ള കൂറ് മുസ്‌ലീങ്ങള്‍ നിരന്തരം തെളിയിക്കേണ്ടതായി. അവരുടെ മതവും പ്രാര്‍ഥനായോഗങ്ങളും ഗൂഢാലോചനയായി.
തെലുഗു കവി ഖാദര്‍ മൊഹിയുദ്ദീന്‍ തീവ്രമായി ഒരിക്കലെഴുതി; “എന്‍ മാതൃഭൂമിയെ ഞാനെത്രമേല്‍ സ്‌നേഹിക്കുന്നുവെന്നതല്ല/എത്രമേല്‍ ഞാനന്യഭൂമിയെ വെറുക്കുന്നുവെന്നതാണ് മുഖ്യം.”
ബാലസാഹിബ് താക്കറെ പാര്‍ട്ടി പത്രമായ “സാംന”യില്‍ 1992 ഡിസംബര്‍ 10 ന് എഴുതിയ പത്രാധിപക്കുറിപ്പില്‍ ഇങ്ങനെ പറഞ്ഞു; “ഒരു പ്രതിക്രിയാ യുദ്ധത്തിന്റെ യുഗാരംഭം മാത്രമാണ്. ഈ യുഗത്തില്‍ ഈ രാജ്യത്തിന്റെ മാത്രമല്ല, ഈ ലോകത്തിന്റെ മുഴുവന്‍ ചരിത്രവും ഭൂമിശാസ്ത്രവും മാറാന്‍ പോകുകയാണ്. അഖണ്ഡ ഹിന്ദുരാഷ്ട്രം സാക്ഷാത്കരിക്കപ്പെടാന്‍ പോകുകയാണ്. മതഭ്രാന്തന്മാരായ പാപികളുടെ (അതായത് മുസ്‌ലീങ്ങളുടെ) നിഴല്‍പോലും നമ്മുടെ മണ്ണില്‍നിന്ന് അപ്രത്യക്ഷമാകും. ഇനി നമ്മള്‍ സന്തോഷപൂര്‍വം ജീവിക്കും, സന്തോഷപൂര്‍വം മരിക്കും.”
(ഇന്ത്യ ഗാന്ധിക്ക് ശേഷം, പുറം 814-815)
രണ്ടുവര്‍ഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 161 സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. പിന്നീടുള്ളത് സമകാലിക രാഷ്ട്രീയ ചരിത്രമായതിനാല്‍ അധികം വിശദീകരിക്കേണ്ടതില്ലല്ലോ. ആര്‍.എസ്.എസ്. ആനുകാലികമായ “പാഞ്ചജന്യം” 2000 ല്‍ എഴുതിയത്; ഹിന്ദി ഫിലിം വ്യവസായത്തിലെ മൂന്ന് നായക നടന്മാര്‍ മുസ്‌ലീങ്ങളാണ് ( ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍). ഈ യാദൃശ്ചികതയില്‍ ഒരു കറുത്ത ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചന തകര്‍ക്കാന്‍ ഏക “ഹിന്ദു” വെല്ലുവിളിയായ ഹൃതിക് റോഷനെ പ്രോത്സാഹിപ്പിക്കണം.
ഇതൊക്കെ പറഞ്ഞത് പ്രണബ്കുമാര്‍ മുഖര്‍ജി പോയത് എത്രമേല്‍ വിഷത്തലച്ചോറുകളുടെ കൂടാരത്തിലേക്കാണ് എന്നോര്‍ത്തിട്ടാണ്.
സമീപകാലത്ത് നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും നേതൃത്വത്തില്‍ സംഘപരിവാര്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി ഭയപ്പെടുത്തിയും പ്രതിപക്ഷത്തെ വിഘടിപ്പിച്ചും ഇനി ഒരിക്കലും ഇന്ത്യ പഴയതുപോലെയാകരുതെന്ന് ആഗ്രഹിച്ചുറപ്പിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, ന്യൂനപക്ഷസമുദായങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമേ ഇല്ലെന്ന് കരുതുമ്പോഴാണ്, ഭരണഘടന അട്ടിമറിക്കാന്‍ ആലോചിക്കുമ്പോഴാണ്, സാമൂഹികബന്ധങ്ങള്‍ക്കും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും ചങ്ങലപ്പൂട്ടിടുമ്പോഴാണ് പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ പ്രവേശനം ജനാധിപത്യ ഇന്ത്യയോടുള്ള സമാനതകളില്ലാത്ത ചതിയായി മാറുന്നത്.
സംഘപരിവാറിന്റെ താത്പര്യങ്ങളോ അജന്‍ഡകളോ അറിയാത്തയാളാണ് പ്രണബ് മുഖര്‍ജി എന്നു വിശ്വസിക്കുന്നില്ല. തന്നെ പ്രധാനമന്ത്രിയാക്കാത്ത കോണ്‍ഗ്രസിനോടുള്ള പ്രണബിന്റെ വിയോജിപ്പായി പലരും നാഗ്പൂര്‍യാത്രയെ വ്യഖ്യാനിക്കുന്നത് കണ്ടു. ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍
മുമ്പില്ലാത്തവിധം താത്പര്യത്തോടെ പ്രതിപക്ഷം ബി.ജെ.പി.ക്കെതിരേ കൈചേര്‍ത്തുപിടിക്കുമ്പോള്‍ ഇത്രകാലംകൂടെനിന്നിട്ടുള്ള പ്രണബിന്റെ ഈ നിലപാട് വിയോജിപ്പെന്ന ചെറിയ വാക്കിലൊതുക്കിയാല്‍ പോരാ.
പ്രണബിന്റെ മകള്‍ ശര്‍മിഷ്ഠാ മുഖര്‍ജി പറഞ്ഞതാണ് കൃത്യം. “ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടുകള്‍ പ്രണബ് തന്റെ പ്രസംഗത്തില്‍ അംഗീകരിക്കുമെന്ന് അവര്‍ പോലും വിശ്വസിക്കുന്നില്ല. പ്രണബിന്റെ പ്രസംഗം മറക്കും. എന്നാല്‍, ദൃശ്യങ്ങള്‍ നിലനില്‍ക്കും. വ്യാജ പ്രസ്താവനകളോടെ അവ പ്രചരിക്കും”.
(കൃത്യമായ വാക്കുകളായിരുന്നു അവ. സംഘപരിവാര്‍ തൊപ്പിയിട്ട പ്രണബ് മുഖര്‍ജിയുടെ ചിത്രം തയ്യാറായിട്ടുണ്ടല്ലോ).
തന്റെ ജീവിതം കൊണ്ട് ഹിന്ദുത്വത്തിനെതിരേ പോരാടിയ ഡോ. ബി.ആര്‍. അംബേദ്കറെയും നിരീശ്വരവാദിയായ ഭഗത്സിങ്ങിനെയും വരെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരത്തിനാണ് പ്രണബ് അങ്ങോട്ടുപോയി വേഷമിട്ട് ആടിക്കൊടുത്തത്.
നിശ്ചയമായും പ്രണബ്കുമാര്‍ മുഖര്‍ജി ഒരു രാഷ്ട്രത്തെ, ഡോ. ബി.ആര്‍. അംബേദ്കറെ, മഹാത്മാഗാന്ധിയെ, ജവഹര്‍ലാല്‍ നെഹ്‌റുവിനെ, ഇന്ത്യന്‍ ഭരണഘടനയെ, അദ്ദേഹത്തെ രൂപപ്പെടുത്തിയ പ്രസ്ഥാനത്തെ, ഇന്ത്യന്‍ ജനാധിപത്യത്തെ, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ, സംഘപരിവാറിനെതിരായി ഇന്ത്യയില്‍ ദീര്‍ഘകാലമായി നടക്കുന്ന സമരങ്ങളെയൊക്കെയാണ് ഒരാലോചനപോലുമില്ലാതെ ഒറ്റുകൊടുത്തത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും നിശ്ചയമായും പുനരാലോചനകള്‍ നടത്തേണ്ട സന്ദര്‍ഭമാണിത്. ഇത്രയും വര്‍ഷം ഒപ്പംനിന്ന്, അധികാരത്തിലും പദവിയിലും സമാനതകളില്ലാത്ത സ്ഥാനങ്ങള്‍ ലഭിച്ച ഒരാള്‍ക്ക്; പാര്‍ട്ടിയുടെ ഏറ്റവും അനാരോഗ്യകാലത്ത് ഇങ്ങനെ പ്രവര്‍ത്തിക്കാനാകുന്നത് എന്തുകൊണ്ടാണ് എന്ന് പരിശോധിച്ചേ മതിയാകൂ. തങ്ങളുടെ രാഷ്ട്രീയവിദ്യാഭ്യാസം തിരുത്തിയേതീരൂ. ഫാസിസമെന്നത് എഴുതുമ്പോള്‍ ചെറിയൊരു പദമാണ്. പ്രയോഗത്തിലത് അങ്ങനെയല്ല. കോണ്‍ഗ്രസാണ് അത് ആദ്യം മനസ്സിലാക്കേണ്ടത്.
ഒറ്റക്കാര്യം കൂടി:- കോണ്‍ഗ്രസിനോടും പ്രണബ് മുഖര്‍ജിയോടും ജവഹര്‍ലാല്‍ നെഹ്‌റുവിനെ വായിക്കേണ്ടതിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത് ദു:ഖകരമാണ്. എങ്കിലും,
ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ നെഹ്‌റുവിന്റെ പ്രസംഗം നമ്മള്‍ വായിക്കേണ്ടതാണ്. വര്‍ഗീയതയ്‌ക്കെതിരേ, സംഘപരിവാറിനെതിരേ അദ്ദേഹം പറഞ്ഞതൊക്കെയും ഇന്ന് പ്രധാനപ്പെട്ടതാണ്.
“വര്‍ഗീയതയ്‌ക്കെതിരേ സന്ധിയില്ലാ സമരം. സര്‍ക്കാര്‍ അയിത്തവും ഭൂപ്രഭുത്വവും അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. വര്‍ഗീയവാദികളാണ് മുഖ്യശത്രുക്കള്‍. അവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കില്ല. സര്‍വശക്തിയും ഉപയോഗിച്ച് കീഴ്‌പ്പെടുത്തും. ജനസംഘം ആര്‍.എസ്.എസിന്റെയും ഹിന്ദുമഹാസഭയുടേയും ജാരസന്തതിയാണ്”.
നെഹ്‌റു ഉടനീളം എതിര്‍ത്ത വര്‍ഗീയശക്തികളാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. അവരോടേറ്റുമുട്ടാന്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ടുമ്പോഴാണ് ഇത്രകാലം ഒപ്പംനിന്ന പ്രണബിന്റെ സമാനതകളില്ലാത്ത രാഷ്ട്രീയ ചതി.
ജനാധിപത്യവിശ്വാസികളുടെ ചരിത്രപുസ്തകത്തില്‍ പ്രണബ്കുമാര്‍ മുഖര്‍ജി പ്രഗത്ഭനായ ഭരണാധികാരിയോ, പാര്‍ലമെന്റേറിയനോ, പ്രസിഡന്റോ, നയരൂപീകരണത്തില്‍ നിര്‍ണായകമായി ഇടപെട്ട ആളോ ആയിരിക്കില്ല; ഇന്ത്യന്‍ ജനാധിപത്യം അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും നേരിടുന്ന സന്ദര്‍ഭത്തില്‍ ശത്രുവിനൊപ്പംനിന്ന് രാജ്യത്തെ അട്ടിമറിക്കാന്‍ നോക്കിയവരില്‍ പ്രധാനി മാത്രമായിരിക്കും.തീര്‍ച്ച.
റഫറന്‍സ്
1. രാമചന്ദ്രഗുഹ, 2010, ഇന്ത്യ ഗാന്ധിക്കു ശേഷം, ഡി.സി. ബുക്‌സ്, കോട്ടയം.
2. സതീശ് ദേശ്പാണ്ഡെ, 2017, സമകാലിക ഇന്ത്യ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.