മഅ്ദനിയുടെ തടങ്കലും, അണ്ണാക്കില്‍ പുഴുത്ത കര്‍ണാടക രാഷ്ട്രീയവും
Opinion
മഅ്ദനിയുടെ തടങ്കലും, അണ്ണാക്കില്‍ പുഴുത്ത കര്‍ണാടക രാഷ്ട്രീയവും
സുലൈമാന്‍ പഴയങ്ങാടി
Friday, 23rd February 2018, 11:14 pm

അ്ദനി- ആ പേരുയര്‍ത്തുന്ന ഒരു ചോദ്യത്തിന് കിടയറ്റ നിയമ വാഴ്ചയെന്നഹങ്കരിക്കുന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥപോലും ഉത്തരം പറയാനാവാതെ മുട്ടിടിച്ചു തല കുനിച്ച് നില്‍ക്കേണ്ട ഗതികേടിനെ എന്ത് വിളിക്കാം ?

ജസ്റ്റിസ് ലോയയുടെ ദുരുഹ മരണം മൂടിവെക്കാന്‍ പരമോന്നത കോടതിയുടെ തുറന്ന കോലായില്‍ നിയമ വാഴ്ചയുടെ കാവല്‍ക്കാരന്‍ തന്നെ കുഴി കുത്താന്‍ നോക്കിയപ്പോള്‍ അത് തടയാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ
എല്ലാ കീഴ്വഴക്കങ്ങളെയും അതിര്‍ലംഘിച്ചു തടയാന്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉള്‍പ്പടെയുള്ള സഹ ജഡ്ജിമാര്‍ക്ക് കോടതി വളപ്പില്‍ ഒച്ച വെക്കേണ്ടി വന്നുവെങ്കില്‍, നമ്മുടെ നീതിന്യായ പരാമ്പര്യത്തിന്റെ ചെളി പുതഞ്ഞ മേല്‍ക്കുപ്പായം ഏതു ഗംഗ പ്രവാഹത്തില്‍ അലക്കി തേച്ചാലും അലക്കി എത്ര വിലകൂടിയ അത്തര്‍ പൂശിയാലും രക്ഷയില്ലാത്ത വിധം മലിനമാണ് എന്നതല്ലേ നമ്മോടു പറയുന്നത്?

ഇവിടെയാണ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഉള്‍പ്പെട്ട ബംഗലൂരു സ്‌ഫോടനക്കേസു നാലുമാസം കൊണ്ട് വിധി തീര്‍പ്പാക്കണം എന്ന പരമോന്നത നീതി പീഠത്തിന്റെ വിധിയുടെ “അനര്‍ത്ഥം” നാം വായിച്ചെടുക്കേണ്ടത്. ഏതൊരു കോടതി വിധിയും നടപ്പാക്കുന്നതില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ശുഷ്‌കാന്തിയില്ലായ്മയെ ഒന്ന് കണ്ണുരുട്ടിപ്പേടിപ്പിക്കാന്‍ പോലും ശേഷിയില്ലാത്തവിധം നീതിന്യായ വ്യവസ്ഥയും നീതിനിര്‍വഹണ സംവിധാനവും അഴിമതിയുടെയും സ്വജനപക്ഷ പാതിത്വത്തിന്റെയും ചെളിക്കുളത്തില്‍ നീന്തി ക്ഷീണിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയാന്‍ കളി അറിയാവുന്ന എല്ലാ കളിക്കാരെയും രംഗത്തിറക്കി കളിച്ചിട്ടും നാണംകെട്ട ബംഗലൂരു സ്‌ഫോടനക്കേസ് കാതു കൂര്‍പ്പിച്ച്
കേള്‍ക്കണമെന്നില്ല.

 

കാലിക്കടത്തിന്റെ പേരില്‍ നിര്‍ബാധം തുടരുന്ന ആള്‍ക്കൂട്ട കൊലകളെ തടയാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുമുള്ള സുപ്രീംകോടതി വിധിയുടെ ഗതിയെന്തായി എന്ന് പരിശോധിച്ചാല്‍ മതി. നിരപരാധിത്വം തെളിയിക്കാനല്ല, തെളിയിക്കാനുള്ള അവസരത്തിന് വേണ്ടി നിരന്തര നിയമപോരാട്ടം നടത്തേണ്ടി വരുന്ന ലോക ചരിത്രത്തില്‍ തന്നെ കേട്ട് കേള്‍വിയില്ലാത്ത വിധം ഒരു സ്വേച്ഛാധിപത്യ ഭരണകൂടവും പരീക്ഷിച്ചിട്ടില്ലാത്ത നാണംകെട്ട പരീക്ഷണം മഅ്ദനിയെ ഉപയോഗിച്ച് നടത്തിയതിന്റെ “ജനാധിപത്യ” പെരുമ ഇനി ഈ കേസിലൂടെ നമുക്ക് സ്വന്തമാക്കാം.

മികച്ച ജനാധിപത്യ രാജ്യമെന്ന വിശേഷണത്തില്‍ ഭ്രമിച്ചു നീതി നിര്‍വഹണത്തില്‍ വിശ്വാസമര്‍പ്പിച്ച് പോയ പൗരന്റെ നാഡി ഞരമ്പുകള്‍ മരവിച്ച് പോകുന്ന നിസ്സംഗതയാണ് ജനാധിപത്യത്തിനു കാവല്‍ നില്‍ക്കുന്നവരില്‍ നിന്നും ഉണ്ടാകുന്നത് എന്നതാണ് ഈ കേസിന്റെ ഏറ്റവും വലിയ ദുരന്തം. “മഅ്ദനി” നിലപാടുകള്‍ക്ക് നാടുവാഴികള്‍ നല്‍കുന്ന ശിക്ഷയാണെങ്കില്‍, ജനാധിപത്യ ഗീര്‍വാണക്കാര്‍ വിമത ശബ്ദങ്ങള്‍ക്ക് നല്‍കുന്നത് മുന്നറിയിപ്പാണ്.

ആ ശിക്ഷ അതീവ സന്തോഷത്തോടെ ഏറ്റുവാങ്ങി തന്റെ നിലപാടുകളോട് സ്വന്തം ജീവിതം കൊണ്ട ആത്മാര്‍ഥത അടയാളപ്പെടുത്തുമ്പോള്‍ അതിന്റെ നന്മയെ അദ്ദേഹം മുന്നോട്ടു വെച്ച അടിസ്ഥാന വര്‍ഗ-അവര്‍ണ പക്ഷ- കീഴാള
രാഷ്ട്രീയത്തിനു കൃത്യതയോടെ വളമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ നിഷ്പ്രയാസം പരാജയപെടാവുന്ന ഉശിരു മാത്രമാണ് ശത്രുക്കള്‍ക്കുള്ളത്. ഇവിടെ രാഷ്ട്രീയ പക്വത കാട്ടേണ്ടത് മഅ്ദനിയുടെ അനുയായികളാണ്. ഈയടുത്ത ദിവസങ്ങളില്‍ അവരില്‍ നിന്നുണ്ടാവുന്ന അനാവശ്യ ബഹളങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചില എടുത്തു ചാട്ടങ്ങളെ വില കൊടുത്തു വാങ്ങുന്ന അപകടം എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

 

സെല്‍ഫി ഭ്രമം ബാധിച്ച ടീനേജ് പിള്ളേരുടെ കുസൃതിയായി ആസ്വദിക്കുന്നവര്‍ക്കു ഒരു കൗതുകമായി കണ്ടു തമസ്‌കരിക്കപ്പെട്ടേക്കാവുന്ന സാമാജികരുടെ കൂടെയുള്ള ക്ലോസപ്പ് ഗ്രൂപ്പ് ഫോട്ടോകള്‍ എന്ത് നീതിയാണ് അവരുടെ നേതാവിന് നല്‍കാന്‍ പോകുന്നത്?തനിക്കും കെട്ടിയോള്‍ക്കും കുട്ട്യോള്‍ക്കും വേണ്ടി മാത്രം ഓടി നടക്കുന്ന നേതാക്കള്‍ക്കു വിയര്‍പ്പു തുടക്കാനുള്ള കീറക്കടലാസു കിട്ടി എന്നല്ലാതെ മഅ്ദനിയുടെ ജയില്‍ വാസത്തോളം തന്നെ പഴക്കമുള്ള ഈ നിവേദന സമര്‍പ്പണങ്ങള്‍ ഇതുവരെ അദ്ദേഹത്തിന് നേടി കൊടുത്തതു എന്താണ്?

രാജ്യം മുഴുവന്‍ കാവി ഭീകരതക്കെതിരെ ജനവികാരമുയരുമ്പോള്‍ തന്റെ പുഷ്‌കല കാലം മുഴുവന്‍ കാവി ഭീകരതയോടു സന്ധിയില്ലാസമരം ചെയ്തു പോരാട്ടപാതയില്‍ ഉറച്ച് നില്‍ക്കുന്ന മഅ്ദനിയുടെ വിശ്വാസ്യതയുടെ പ്രതലം മാത്രം ചവിട്ടി നില്‍ക്കുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടി ഏറ്റവും കുറഞ്ഞത് വിപരീതചര്‍ച്ചകള്‍ക്ക് ഇടം നല്‍കാതെയെങ്കിലും സൂക്ഷിക്കേണ്ടിയിരിക്കുന്നു. സംഘപരിവാര്‍ പിന്തുടരുന്ന രാഷ്ട്രീയം സ്വാതന്ത്രാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് നടപ്പാക്കിയ രാഷ്ട്രീയം തന്നെ എന്ന് കുറ്റപ്പെടുത്തുമ്പോഴും അങ്ങനെ കുറ്റപ്പെടുത്താനുള്ള രാഷ്ട്രീയമെങ്കിലും നിലനിര്‍ത്താന്‍ ശ്രദ്ധിച്ചുള്ളതാവുന്ന നീക്കമല്ലേ നമുക്ക് ഇപ്പോള്‍ നല്ലതു? മഅ്ദനിയെ വെച്ച് സിദ്ധരാമയ്യയും കോണ്‍ഗ്രസ്സും കളിക്കുന്ന മൃദു ഹിന്ദുത്വ രാഷ്ട്രീയത്തെ മനുഷ്യത്വ ഹീനമെങ്കിലും അനിവാര്യമായ രാഷ്ട്രീയ ആയുധം എന്ന നിലപാടാകും അഭികാമ്യം.

അവര്‍ണ രാഷ്ട്രീയം എന്നത് ജനാധിപത്യ വേഷമണിഞ്ഞ ബ്രാഹ്മണിക്കല്‍ ആര്യാധികാര രാഷ്ട്രീയമായി മഅ്ദനി പറയുമ്പോഴും നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന ശത്രുക്കളില്‍ നിന്നും താരതമ്യേന അപകടം കുറഞ്ഞ ശത്രുവിനോട് ഒരു മൃദുസമീപനം കൊണ്ട് എന്താണിത്ര നഷ്ടം?

ഏതാണ്ട് വിചാരണ പൂര്‍ത്തിയായ കേസില്‍ വിധി പറയാന്‍ അനുകൂലമായ സാഹചര്യമല്ല ഇന്ന് കര്‍ണാടക പ്രോസിക്യൂഷനെ നിയന്ത്രിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാരിനുള്ളത് എന്ന് മനസ്സിലാക്കാന്‍ കേവലം എല്‍.പി സ്‌കൂള്‍ രാഷ്ട്രീയം പഠിച്ചാല്‍ മതിയായിരുന്നിട്ടും പി.ഡി.പി അനുയായികളെ കനലില്‍ ചവിട്ടിച്ച് തുള്ളിക്കുന്ന നിഗൂഢ ശക്തികള്‍ ആരാണ്?ന്യായമായും നിരപരാധി എന്ന് വിധിക്കേണ്ടി വന്നാല്‍ ആ വിധിയെ ഏതൊക്കെ രീതിയില്‍ ദുര്‍ വ്യാഖ്യാനം ചെയ്യപ്പെടും എന്ന് നിരീക്ഷിച്ചറിയാന്‍ ആരാണ് തടസ്സം.

ഒരു വിധിതീര്‍പ്പുണ്ടാവുകയും മഅ്ദനി കുറ്റ വിമുക്തനാവുകയും ചെയ്യുമെന്നുറപ്പുള്ള പശ്ചാത്തലം മുതലെടുത്ത രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാന്‍ സംഘികള്‍ കുഴിച്ച കുഴിയില്‍ വീഴ്ത്താന്‍ ആരെങ്കിലും ശ്രമിക്കുകയാണോ ?അതോ മഅ്ദനി പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ ശാക്തീകരണത്തിന്റെ മറവില്‍ നിരാപരാധിയായ മഅദനിയെ വീണ്ടും എന്തിനു തടവിലിട്ടു എന്ന വൈകാരിക ചര്‍ച്ചയുണ്ടാക്കി രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കാനുള്ള മത രാഷ്ട്രവാദികളുടെ ശ്രമങ്ങള്‍ക്ക് ആരെങ്കിലും ചട്ടുകമായി മാറുന്നുണ്ടോ? എന്തായാലും പി.ഡി.പി രാഷ്ട്രീയത്തിന് ഒരു ഗുണവും ചെയ്യാത്ത, എന്നാല്‍ കാവി ഭരണം തിരിച്ചു വന്നാല്‍ ഇപ്പോള്‍ അനുഭവിക്കുന്ന നാമമാത്ര സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ടുത്തിയേക്കാവുന്ന അനവസരത്തിലുള്ള ഈ അമിതാവേശം ആപത്താണെന്നു പറയാതെ വയ്യ.

എത്രയൊക്കെ നീതി നിഷേധം നേരിടേണ്ടി വന്നാലും കാവി രാഷ്ട്രീയാധികാരം തടയാന്‍ സമര്‍പ്പിക്കപ്പെട്ട മഅദനി എന്ന മഹാമനുഷ്യന്റെ ജീവിതം ശത്രുക്കളുടെ കുതന്ത്രങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അപരാധമാവും. നിലവിലെ കര്‍ണാടക രാഷ്ട്രീയ സാഹചര്യത്തില്‍ ഭാവിയില്‍ അപകടം ചെയ്‌തേക്കാവുന്ന അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കാതെ, ഉദ്യോഗസ്ഥ അതിക്രമം തടായാനുള്ള സൗഹാര്‍ദ്ദാന്തരീക്ഷം സൃഷ്ടിക്കുന്നതല്ലേ ബുദ്ധി? തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വഴിമുടക്കികളായി നിന്നവര്‍ എന്ന വൈരാഗ്യ ബുദ്ധി സൃഷ്ടിക്കാന്‍ കഴിയും എന്നതില്‍ കവിഞ്ഞ ഒരു നേട്ടവും ഉണ്ടാക്കാന്‍ പോന്നതല്ല ഇന്നത്തെ കോലാഹലവും വെല്ലുവിളിയും എന്നത് പൂര്‍വകാല അനുഭവം കൊണ്ട് പഠിക്കാത്തവര്‍ എന്ന് ആളുകളെ കൊണ്ട് പറയിക്കുന്നതിനു പകരം ഇത്രയും കാലം പിന്തുടര്‍ന്നുവന്ന നിയമ പോരാട്ടം തന്നെ തുടരുന്നതല്ലേ നല്ലത്?

ജസ്റ്റിസ് ചെലമേശ്വര്‍

 

“എന്ത് കൊണ്ട് മഅ്ദനി മാത്രം?” എന്ന സെക്യുലര്‍ തലപ്പാവുകാരുടെ ചോദ്യമാണ് ഇവിടെ കൂടുതല്‍ ക്രൂരമാകുന്നത്. അതിന്റെ ഉത്തരം മഅ്ദനി തന്നെ പലയാവര്‍ത്തി പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളുടെ നേരര്‍ത്ഥം പ്രചരിപ്പിക്കപ്പെട്ടു എന്നതിനപ്പുറം അതിന്റെ അര്‍ത്ഥ വ്യാപ്തിയെ ചികഞ്ഞു പുറത്തിടാനുള്ള ധിഷണ അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമില്ല എന്നതാണ് ഇന്നും മഅദനി വേട്ടക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ഒരു ഇരയുടെ വിലാപം മാത്രമായി ഒതുങ്ങി നില്‍ക്കാന്‍ ഇടയാക്കുന്നത്.

താന്‍ ആരോടാണ് ഏറ്റുമുട്ടുന്നത് എന്ന് കൃത്യമായി അറിഞ്ഞു കൊണ്ടു തന്നെയാണ് മഅ്ദനി ബാക്കി വന്ന ശ്വാസത്തിലും പ്രതിരോധം തീര്‍ക്കുന്നത് എങ്കില്‍ തങ്ങളുടെ നേതാവ് പറയുന്ന രാഷ്ട്രീയമെന്ത്? അദ്ദേഹത്തിന്റെ ശത്രുക്കള്‍ ആര്? എന്ന് കൃത്യമായി നിരീക്ഷിച്ചറിയാന്‍ ബുദ്ധിവൈഭവമുള്ള ഒരാളും അതിലില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇന്നത്തെ കോലാഹല അഭ്യാസം. ആസന്നമായ ഈ തെരെഞ്ഞെടുപ്പ് വേളയില്‍ സംഘികളെ തുരത്തി അധികാര തുടര്‍ച്ചയുണ്ടാക്കാന്‍ ഏറെ പ്രയാസപ്പെടുന്ന സിദ്ധരാമയ്യക്ക് മുന്നില്‍ മഅ്ദനി വളരെ വിലപ്പെട്ട ഒരിക്കലും കൈമോശം വന്നു കൂടാത്ത ആയുധമാണ് എന്ന ശരിയെ മനസ്സിലാക്കുന്നതാവണം അനുയായികളുടെ ബുദ്ധി.

എട്ടാമത്തെ വര്‍ഷത്തിലും ചുമത്തപ്പെട്ട കേസില്‍ ഒരു തരിമ്പു പങ്കാളിത്തം പോലും തെളിയിക്കാനാവശ്യമായ ഒന്നും കോടതിയില്‍ ബോധ്യപ്പെടുത്താനാവാത്ത പശ്ചാത്തലത്തില്‍ ഏറ്റവും മൃദുവായ കോടതി ഭാഷയില്‍ നിരപരാധി എന്നെങ്കിലും വിധി തീര്‍പ്പാക്കേണ്ടി വരും എന്നതിനേക്കാള്‍ വലിയ പ്രതിസന്ധി ഇനി സിദ്ധരാമയ്യയെ തേടിയെത്താനില്ല. അങ്ങിനെ സംഭവിച്ചാല്‍ ഹിന്ദുത്വ വികാരം കാവി രാഷ്ട്രീയത്തിന് ഏറെ ഗുണകരമാവുകയും സിദ്ധരാമയ്യ നിലം പരിശാവുകയും ചെയ്യുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.

താരതമ്യേന അപകടം കുറഞ്ഞ ഒരു രാഷ്ട്രീയ പശ്ചാത്തലം കീഴ്‌മേല്‍ മറിയുകയും ഫലത്തില്‍ മഅ്ദനി ഇത്രയും കാലം ആരെയാണോ പ്രതിരോധിച്ചത് ,അവര്‍ക്കു അവരുടെ ശത്രു പട്ടികയിലെ ഏറ്റവും എണ്ണപ്പെടുന്നയാളെ യാതൊരു വിചാരണയുടെയും പിന്‍ബലമില്ലാതെ തന്നെ കാപിറ്റല്‍ പണിഷ്‌മെന്റിനു വിധിക്കുകയും ചെയ്യാം .

ഏറെ പരീക്ഷിക്കപ്പെട്ട ആളാണ് മഅ്ദനി എന്നത് ഒരു ഒരു പേര്‍ഷ്യന്‍ ഖിസ്സ ആസ്വദിക്കുന്ന ലാഘവത്തില്‍ ആരൊക്കെയോ പറയുന്നത് കേള്‍ക്കുകയും കിട്ടിയ അവസരത്തില്‍ ഒറ്റശ്വാസത്തില്‍ അത് അക്ഷരത്തെറ്റ് കൂടാതെ പകര്‍ത്തി പറയുകയും ചെയ്യുക എന്നതൊഴിച്ചാല്‍ നേതാക്കളുടെ പത്രസമ്മേളനം പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന വസ്തുതയും നാം കാണാതിരുന്നു കൂടാ.

അത്തരം മാധ്യമ തമസ്‌കരണത്തെ തോല്‍പിക്കാന്‍ അവര്‍ക്കെതിരെ കുതിര കയറുക എന്ന വഴി പടുകിഴവന്‍ സാമ്പ്രദായിക
പ്രസ്ഥാനങ്ങളെ അനുകരിക്കലായി വല്ലാതെ തരംതാണ് പോവുകയാണ്. പകരമായി മഅ്ദനിയുടെ രാഷ്ട്രീയം വിറപ്പിക്കുന്നതാരെയാണ്, മഅ്ദനിയെ വെച്ച് പരീക്ഷണങ്ങള്‍ നിരന്തരം നടത്തുന്നതാരാണ് എന്ന് മനസ്സിലാക്കണമെങ്കില്‍ വില കുറഞ്ഞ സെല്‍ഫിസ്റ്റുകളുടെ “ജന സേവന” ഞെളിയല്‍ രാഷ്ട്രീയത്തില്‍നിന്നും പുറത്തു കടന്ന് പരിസരം നോക്കി പഠിക്കുകയാണ് ചെയ്യേണ്ടത്.

ഭരിക്കുന്നതാരോ ആവട്ടെ തീരുമാനങ്ങള്‍ ബ്യുറോ ക്രസിയുടെതാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് മഅ്ദനി അകപ്പെട്ട ചക്രവ്യൂഹത്തിന്റെ ആഴം അറിയാന്‍ കഴിയൂ .. തന്റെ അസാന്നിധ്യത്തില്‍ ചുമതലയേല്പിക്കപ്പെട്ട നേതൃത്വത്തിന്റെ , യാതൊരു തത്വദീക്ഷയുമില്ലാത്ത, രാഷ്ട്രീയത്തില്‍ ഋതുഭേദങ്ങള്‍ ക്കനുസരിച്ച് മാറി മറിയുന്ന നിലപാടുകള്‍ ഒന്ന് മാത്രം മതി നമ്മുടെ രാഷ്ട്രീയ ദൗര്‍ബല്യങ്ങളെ മണത്തു നോക്കി ശത്രുക്കള്‍ക്കു കുരുക്കിന്റെ ഇഴയടുപ്പം തീരുമാനിക്കാന്‍. സര്‍വായുധ സജ്ജരായ ശത്രുവിന് പോലും മഅ്ദനി വിഷയം അണ്ണാക്കില്‍ പുഴുത്ത് നില്‍ക്കുന്ന ഈ തെരെഞ്ഞെടുപ്പ് കാലത്ത് വാര്‍ത്തയില്‍ ഇടം നേടാന്‍ അനാവശ്യ പ്രകോപനങ്ങളും കോപ്രായങ്ങളും മാറ്റിവച്ചു മോദി -പിണറായി ഭരണത്തില്‍ ദൈനംദിനം രൂക്ഷമാകുന്ന ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തുകയാണ് വേണ്ടത്. അതാവും മഅ്ദനിയുടെ രാഷ്ട്രീയവും താല്പര്യവും.