ആടുജീവിതത്തിലെ ആ സീന്‍ മൂന്നാമത്തെ ടേക്ക് പോയപ്പോഴേക്ക് ബ്ലെസി സാര്‍ വയലന്റായി: പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്
Entertainment
ആടുജീവിതത്തിലെ ആ സീന്‍ മൂന്നാമത്തെ ടേക്ക് പോയപ്പോഴേക്ക് ബ്ലെസി സാര്‍ വയലന്റായി: പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd September 2024, 4:44 pm

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിന് ബ്ലെസി ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് ആടുജീവിതം കാഴ്ചവെച്ചത്. 150 കോടിയിലധികം ചിത്രം കളക്ട് ചെയ്തു.

ചിത്രത്തില്‍ എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ സീനുകളിലൊന്നായിരുന്നു ഫ്‌ളാഷ്ബാക്കിലേക്കുള്ള ട്രാന്‍സിഷന്‍. മരുഭൂമിയിലെ വരള്‍ച്ചയില്‍ നിന്ന് കേരളത്തിലെ പച്ചപ്പ് കാണിക്കുന്ന സീന്‍ ബ്ലെസി എന്ന സംവിധായകന്റെ വിഷന്‍ വിളിച്ചോതുന്നതായിരുന്നു. ആ സീനിന് വേണ്ടി ചെയ്ത തയാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്.

സ്‌പോഞ്ചും, മറ്റ് സാമഗ്രികളുമൊക്കെ പ്രത്യേക രീതിയില്‍ അടുക്കിവെച്ചിട്ടാണ് ആ സീന്‍ എടുത്തതെന്നും ആദ്യത്തെ ടേക്കില്‍ ശബ്ദം ശരിക്ക് കിട്ടാത്തതുകൊണ്ട് രണ്ടാമത് എടുത്തുവെന്ന് പ്രശാന്ത് പറഞ്ഞു. എന്നാല്‍ രണ്ടാമത് എടുത്തപ്പോള്‍ ക്യാമറ ജെര്‍ക്കായെന്നും മൂന്നാമത്തെ ടേക്കില്‍ സ്‌പോഞ്ച് പൊട്ടിപ്പോയെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. ഇതോടെ ബ്ലെസി വയലന്റായെന്നും അരമണിക്കൂര്‍ കൊണ്ട് എല്ലാം ശരിയാക്കിയെന്നും പ്രശാന്ത് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആടുജീവിതത്തിലെ ആ ട്രാന്‍സിഷന്‍ സീന്‍ സിമ്പിളായി എടുക്കാന്‍ പറ്റുന്ന ഒന്നായിരുന്നു. സ്‌പോഞ്ചിന്റെ മേലെ കുറച്ച് പച്ചപ്പും ബാക്കി കാര്യങ്ങളുമൊക്കെ അടുക്കിവെച്ചാണ് എല്ലാം ഒരുക്കിയത്. ആദ്യത്തെ ടേക്ക് മര്യാദക്ക് കിട്ടി, പക്ഷേ മോണിറ്ററില്‍ നോക്കിയപ്പോള്‍ സൗണ്ട് ശരിയായില്ല. രണ്ടാമത്തെ ടേക്ക് പോയപ്പോള്‍ ക്യാമറ ജെര്‍ക്കായി അതില്‍ ഷാഡോ കണ്ടു. വീണ്ടും എടുക്കേണ്ടി വന്നു.

മൂന്നാമത്തെ ടേക്ക് പോകുന്നതിനിടക്ക് സ്‌പോഞ്ച് പൊട്ടി വെള്ളം മൊത്തം പരന്നൊഴുകി. ഇത് കൂടിയായപ്പോള്‍ ബ്ലെസി സാറിന്റെ കണ്‍ട്രോള്‍ പോയി. പുള്ളി എല്ലാവരോടും ചൂടായി. പെട്ടെന്ന് ആ സ്‌പോഞ്ചൊക്കെ ഒട്ടിച്ച് എല്ലാം പഴയതുപോലെ സെറ്റ് ചെയ്തുവെച്ചു. അരണിക്കൂര്‍ എങ്ങാണ്ട് അതിന് വേണ്ടി എടുത്തു. അടുത്ത ടേക്ക് പെര്‍ഫെക്ടായി കിട്ടി,’ പ്രശാന്ത് മാധവ് പറഞ്ഞു.

Content Highlight: Art Director Prasanth Madhav about Transition scene in Aadujeevitham and Blessy