Advertisement
Kerala News
'അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികളാണ് വേണ്ടത് '; എല്‍.ഡി.എഫ് ശൈലി മാറ്റിപ്പിടിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 22, 07:06 am
Sunday, 22nd September 2019, 12:36 pm

തിരുവനന്തപുരം:അരൂരിലും കോന്നിയിലും ഹിന്ദുസ്ഥാനാര്‍ത്ഥികളാണ് വേണ്ടതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അരൂരില്‍ ഭൂരിപക്ഷ സമുദായം ഹിന്ദുക്കളാണെന്നും അതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹിന്ദുക്കളെ പരിഗണിക്കണമെന്നതുമാണ് വെള്ളാപ്പള്ളി നടേശന്റെ ആവശ്യം.

സി.പി.ഐ.എമ്മിന്റെ എടാ പോടാ ശൈലിയ്ക്ക് മാറ്റം വരുത്തണം . സംഘടനാപരമായി എല്‍.ഡി.എഫിന് ശക്തിയുണ്ടെങ്കിലും ശൈലി മാറ്റിപിടിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെയും പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കാണ് എല്ലാവരുടെയും കണ്ണുകള്‍. മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തിരക്കുകളിലാണ്. ചൊവ്വാഴ്ച എല്‍.ഡി.എഫ് യോഗം ചേരാനാണ് പാര്‍ട്ടി തീരുമാനം. യു.ഡി.എഫും അടുത്ത രണ്ടു ദിവസങ്ങളിലായി യോഗം ചേരും. ബി.ജെ.പിയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചൂടിലാണ് ഉള്ളത്. പാര്‍ട്ടി കോര്‍ കമ്മിറ്റി ഇന്നു ചേരാനാണ് തീരുമാനം.

ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്,മഞ്ചേശ്വരം,കോന്നി എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് പ്രതീക്ഷയുള്ളത്. അതിനാല്‍ ഇവിടങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. മഞ്ചേശ്വരത്ത് എല്ലാ പാര്‍ട്ടികളും നേരത്തെതന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്നു മുന്നണികളും വലിയ വിജയപ്രതീക്ഷകളാണ് കാത്തുസൂക്ഷിക്കുന്നത്. അരൂരിലാണ് വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

സ്ഥാനാര്‍ത്ഥികളാവാന്‍ സാധ്യതയുള്ളവരെ വച്ചുകൊണ്ടാണ് സി.പി.എമ്മ് കാല്‍നടജാഥകള്‍ നടത്തുന്നത്. കോണ്‍ഗ്രസും വാശേിയേറിയ പ്രചരണത്തിലാണ് ഉള്ളത്

DoolNews Video