ഒരുകാലത്ത് കേരളത്തിന്റെ നെല്ലറയെന്നറിയപ്പെട്ട പാരമ്പര്യമാണ് കുട്ടനാടിനുള്ളത്. വര്‍ഷങ്ങള്‍ക്കിപ്പുറം കൃഷി വെറും 23 പാടശേഖരങ്ങളിലായി ചുരുങ്ങിയപ്പോഴും, വിത്തും മറ്റു വസ്തുക്കളും മറ്റിടങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടിവന്നപ്പോഴും തളരാതെ പിടിച്ചു നിന്ന കുട്ടനാട്ടിലെ കര്‍ഷകസമൂഹത്തെയാകെ ബാധിച്ചിരിക്കുകയാണ് കേരളം കണ്ട മഹാപ്രളയം.
പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും, കുട്ടനാട്ടിലെ എല്ലാ നെല്‍പ്പാടങ്ങളും വെള്ളത്തിനടിയിലാണ്. പലരും വീടുകളിലേക്കു തിരിച്ചുപോകാനാരംഭിച്ചിട്ടും കര്‍ഷകത്തൊഴിലാളികള്‍ വഴിമുട്ടി നില്‍ക്കുകയാണ്. വെള്ളമിരച്ചുകയറിയപ്പോള്‍ പാടശേഖരങ്ങളില്‍ മട തകര്‍ന്നതാണ് കുട്ടനാടന്‍ ഗ്രാമങ്ങളിലെ പ്രധാന പ്രതിസന്ധി.
പരസ്പരം ചേര്‍ന്നു കിടക്കുന്ന പാടങ്ങളിലൊന്നില്‍ മടവീണാല്‍ മറ്റുള്ളവയിലേക്കും വെള്ളം കയറുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. അടുത്ത തവണ വിതയ്ക്കാനുള്ള വിത്തു പോലും പാടേ നശിച്ചുപോയ നിലയില്‍ പല കൃഷിയിടങ്ങളും നാമാവശേഷമായിപ്പോയി.
കൃഷിഭൂമിയും വീടും പറമ്പും എല്ലാം നഷ്ടപ്പെട്ട കുട്ടനാട്ടിലെ കര്‍ഷകര്‍ എന്നു കരകയറും എന്ന അനിശ്ചിതത്വത്തിലാണ്. മാസങ്ങളോളമെടുത്താലെങ്കിലും വീണ്ടും കൃഷിയിറക്കി നഷ്ടം നികത്താനാകും എന്ന പ്രതീക്ഷയാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്.