സുരാജ്
ജൊഹനാസ്ബര്‍ഗ്: അട്ടിമറി മോഹങ്ങളുമായി സോക്കര്‍ സിറ്റിയില്‍ കളിക്കാനിറങ്ങിയ മെക്‌സിക്കോയെ 3-1 ന് തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് കിരീടത്തിലേക്ക് ഒരുപടികൂടി അടുത്തു. ഫ്രീ സ്റ്റേജ് സ്റ്റേഡിയത്തില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ കിരീടപ്രതീക്ഷയുമായെത്തിയ കപ്പല്ലോയുടെ കുട്ടികളെ ജര്‍മനി ഗോള്‍മഴകൊണ്ടു മൂടി. ജൂലൈ 3 ന് നടക്കുന്ന ക്വാര്‍ട്ടറില്‍ അര്‍ജന്റീനയും ജര്‍മനിയും ഏറ്റുമുട്ടും
പിടിച്ചുകെട്ടാനാളില്ലാതെ അര്‍ജന്റീന
മെക്‌സിക്കോയുടെ ആക്രമണത്തോടെയായിരുന്നുകളി തുടങ്ങിയത്. പത്തുമിനിറ്റിനുള്ളില്‍ തന്നെ മികച്ച രണ്ടുഷോട്ട് അര്‍ജന്റീനയുടെ ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. അപകടം മണത്ത അര്‍ജന്റീന പ്രത്യാക്രമണം തുടങ്ങി. 26 ാംമനിറ്റില്‍ മെസി തൊടുത്ത ഷോട്ട് ടെവസ് തലകൊണ്ട് ചെത്തി പോസ്റ്റിലിട്ടു. 33 ാം മിനിറ്റില്‍ ഹിഗ്വേയിന്‍ ലോകകപ്പിലെ തന്റെ നാലാം ഗോള്‍ കണ്ടെത്തി. മെക്‌സിക്കന്‍ ഡിഫന്‍ഡര്‍ ഒസാറിയയുടെ പാസ് പിടിച്ചെടുത്ത് മുന്നേറിയ ഹിഗ്വേയ്ന്‍ ഗോളിയെയും മറികടന്ന് പന്ത് വലയിലെത്തിച്ചു.
52 ാം മിനുറ്റില്‍ ഈ ലോകകപ്പിലെ സുന്ദരമായ ഗോള്‍ പിറന്നു. മെക്‌സിക്കന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് വെട്ടിത്തിരിഞ്ഞ് ടെവസ് തൊടുത്ത കനത്ത ഷോട്ട് ഗോളിയെ മറികടന്ന് ഇടതുമുലയില്‍ കയറി. 71 ാം മിനുറ്റില്‍ സാവിയര്‍ ഹൊര്‍ണോണ്ടസാണ് മെക്‌സിക്കോയുടെ ആശ്വാസഗോള്‍ നേടിയത്. ഗോളടിച്ചില്ലെങ്കിലും ഇത്തവണയും മെസി തന്നെയാണ് ടീമിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
ജര്‍മന്‍ ഗോള്‍മഴയില്‍ ഇംഗ്ലണ്ട് മുങ്ങി
കളിക്കാനിറങ്ങുമ്പോള്‍ ജര്‍മനി പോലും ഇത്തരമൊരു വിജയം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കിരീടമോഹങ്ങളുമായെത്തിയ കപ്പല്ലോയുടെ കുട്ടികളെ ജര്‍മനി 4-1 ന് തകര്‍ക്കുകയായിരുന്നു. മികച്ച കളി കാഴ്ച്ചവെച്ചെങ്കിലും ഭാഗ്യവും റഫറിയും ജര്‍മനിക്കൊപ്പമായിരുന്നു.
ഇംഗ്ലണ്ടിന്റെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. ലംമ്പാര്‍ഡിന്റെ മികച്ച ഷോട്ട് ഗോള്‍ബാറിനു തട്ടിത്തെറിച്ചു. എന്നാല്‍ കളിയുടെ ഗതിക്കെതിരായി ക്ലോസ് ആദ്യഗോളും ലോകപ്പിലെ തന്റെ പന്ത്രണ്ടാം ഗോളും നേടി. ഉടനേ തന്നെ പൊഡോള്‍സ്‌കി ടീമിന്റെ രണ്ടാംഗോളും നേടി. ആദ്യപകുതി അവസാനിക്കാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കേ ലമ്പാര്‍ഡിന്റെ ഷോട്ട് വലയ്ക്കുള്ളില്‍ കടന്നെങ്കിലും റഫറി അനുവദിച്ചില്ല.
ഗോളിനായി ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട് പ്രതിരോധം മറന്നു. അതിന്റെ ഫലം ജര്‍മനിക്ക് ലഭിച്ചു. തോമസ് മുള്ളറിന്റെ രണ്ട് ഗോളുകളോടെ ഇംഗ്ലണ്ട് പരാജയം സമ്പൂര്‍ണ്ണമായി.
ക്വാര്‍ട്ടറിലേക്ക് കണ്ണുനട്ട് കാനറികളും ഓറഞ്ചുപടയും
ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തിയ ബ്രസീലും ഹോളണ്ടും ഇന്ന് കളിക്കാനിറങ്ങും. ബ്രസീലിന് ചിലിയും ഹോളണ്ടിന് സ്ലോവേക്യയുമാണ് എതിരാളികള്‍. ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ബ്രസീലിന് ചാമ്പ്യന്‍മാര്‍ക്കു ചേര്‍ന്ന പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ശക്തമായ മുന്നേറ്റവും ഉറച്ച പ്രതിരോധവുമുള്ള ബ്രസീലിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ചിലിക്ക് നന്നേ വിയര്‍ക്കേണ്ടിവരും.
ലോകകപ്പിലെ തങ്ങളുടെ ചരിത്രം മാറ്റിയെഴുതാനാണ് ഹോളണ്ടിന്റെ ശ്രമം. മികച്ച താരങ്ങളുണ്ടായിട്ടും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ഹോളണ്ടിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇറ്റലിയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറിലെത്തിയ സ്ലോവേക്യയുടെ പ്രതീക്ഷകളും ഉയരങ്ങളിലാണ്.