ഷിംല: ഹിമാചലില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുള്ള ആപ്പിള്‍ കര്‍ഷകരുടെ പ്രതിഷേധം ബി.ജെ.പിക്ക് വെല്ലുവിളിയാകുകയാണ്. വിലക്കയറ്റവും ഉത്പാദന ചെലവും ചൂണ്ടിക്കാട്ടി കര്‍ഷകര്‍ സര്‍ക്കാരിനെതിരെ സമരത്തിലാണ്.
ഹിമാചലിലെ പ്രതിവര്‍ഷ ആപ്പിള്‍ വിപണി 5000 കോടി രൂപയുടേതാണ്. അതായത് സംസ്ഥാന ജി.ഡി.പിയുടെ പതിമൂന്നര ശതമാനം വരും ആപ്പിള്‍ വിപണിയുടെ പങ്ക്. ചെറുകിട കര്‍ഷകര്‍ക്ക് വരെ ആപ്പിള്‍ വിളവെടുത്ത് കഴിഞ്ഞപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനത്തോളം നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.
സംസ്ഥാനത്ത് ആപ്പിളിന്റെ താങ്ങുവില ഉയര്‍ത്താത്തതും, പാക്കിങ് ഉല്‍പന്നങ്ങള്‍ക്കും കീടനാശിനികള്‍ക്കും കുത്തനെ വില ഉയര്‍ന്നതുമാണ് കര്‍ഷകരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള ആപ്പിള്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളാണ് വലിയ തോതിലുള്ള ആപ്പിള്‍ ഇറക്കുമതിക്ക് വഴിയൊരുക്കിയത്.
ഈ സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് 17 കര്‍ഷക സംഘടനകള്‍ മൂന്ന് വര്‍ഷമായി തെരുവില്‍ സമരത്തിലാണ്. ഷിംല, കുളു, കിന്നൗര്‍ ജില്ലകളിലാണ് സംസ്ഥാനത്തെ ആപ്പിള്‍ കൃഷിയുടെ ഭൂരിഭാഗവും. മൂന്ന് ജില്ലകളിലും കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുണ്ട്. ഇത് കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
1990ല്‍ സംസ്ഥാന സര്‍ക്കാരിനെ മറിച്ചിട്ട ചരിത്രമുണ്ട് ഹിമാചലിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക്. അന്നുണ്ടായ കര്‍ഷക പ്രക്ഷോഭത്തിനെതിരെ പൊലീസ് വെടിയുതിര്‍ത്തപ്പോള്‍ മൂന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ടു.
തുടര്‍ന്ന് 1993ല്‍ ബി.ജെ.പിയുടെ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ ശാന്തകുമാറിന് രാജിവച്ച് പുറത്തുപോകേണ്ടി വന്നു. മുപ്പത് വര്‍ഷത്തിനിപ്പുറം കര്‍ഷകര്‍ വീണ്ടും തെരുവിലാണ്.
എന്നാല്‍ കര്‍ഷകരെ കോണ്‍ഗ്രസ് പ്രകോപിപ്പിച്ച് തെരുവിലിറക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. നവംബര്‍ 12നാണ് ഹിമാചലില്‍ വോട്ടെടുപ്പ്. പതിവുപോലെ ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.