രക്ഷപ്പെടാനുള്ള മാപ്പ്
അനുപമ മോഹന്‍

പബ്ലിക്കില്‍ വന്ന് സ്ത്രീ വിരുദ്ധത പറയുക, പെട്ടെന്ന് തന്നെ മാപ്പു പറയുക ശേഷം തടി തപ്പുക ഈ ഒരു പരിപാടി മലയാള സിനിമയിലെ രണ്ട് നടന്മാര്‍ അടുത്തകാലത്ത് പയറ്റി തെളിഞ്ഞതാണ് . ഇന്നലെ അവനൊപ്പമെന്ന് പരസ്യമായി പറഞ്ഞ മൂറും മി ടൂ വിനെ കുറിച്ച് കളിയാക്കി ചിരിച്ച ധ്യാനുമാണ് ആ രണ്ട് നടന്മാര്‍. അവര്‍ നടത്തിയ അത്ര വിശ്വാസയോഗ്യമല്ലാത്ത മാപ്പുകള്‍ കൊണ്ട് പ്രോബ്ലമാറ്റിക്കായ അവരുടെ പ്രസ്താവനകള്‍ കാന്‍സല്‍ ആയി പോവുന്നതോടൊപ്പം അവര്‍ക്ക് ചില ഗുണങ്ങളും കൂടെ സൊസൈറ്റി ചാര്‍ത്തി കൊടുക്കുന്നുണ്ട്.

‘ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം എന്നത് ട്രെന്‍ഡായി. അവനൊപ്പവും ആള്‍ക്കാര്‍ വേണ്ടേ. ഇതിന്റെ പേരില്‍ വിമര്‍ശനം ഉണ്ടായിക്കോട്ടെ. എനിക്കെതിരെ മീ ടുവോ റേപ്പോ എന്ത് വന്നാലും ഞാന്‍ സഹിക്കും’ എന്നാണു മീഡിയ വണിന് കൊടുത്ത ഇന്റര്‍വ്യൂവില്‍, ഹോം എന്ന സിനിമക്ക് അവാര്‍ഡ് കിട്ടാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് മൂര്‍ ഇന്നലെ പറഞ്ഞത്. അതായത് വിജയ് ബാബു കേസില്‍ മൂര്‍ അബ്യുസര്‍ക്കൊപ്പമാണെന്നു വ്യക്തം. ഈ ഇന്റര്‍വ്യൂ കാണുന്ന ആര്‍ക്കും മനസ്സിലാവുന്ന ഒരു കാര്യം സംസാരത്തിനിടയില്‍ അയാള്‍ക്ക് അറിയാതെ സംഭവിച്ച അപാകതയോ നാക്കുപിഴയൊ ഒന്നുമല്ലത്. മൂറിന്റെ പോയിന്റ് വളരെ വ്യക്തമാണ്. മൂര്‍ വിജയ് ബാബുവിനൊപ്പമാണ്.

ഇനി ധ്യാന്‍ പറഞ്ഞിരുന്ന സ്ത്രീ വിരുദ്ധമായ വിവാദ സ്റ്റേറ്റ്‌മെന്റ് നോക്കാം, പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്.’ അതായത് ഒരു ഇന്റര്‍വ്യൂവില്‍ വന്നിരുന്ന് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കിയ, സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ അഡ്രസ് ചെയ്ത മി ടൂ പോലെ ഒരു മൂവ്‌മെന്റിനെ കുറിച്ച് കോമഡി പറഞ്ഞ് ചിരിച്ച ആളാണ് ധ്യാന്‍ ശ്രീനിവാസന്‍.

ഈ രണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടായതിനു ശേഷം വളരെ പെട്ടെന്ന് തന്നെ രണ്ടു പേരും മാപ്പും പറഞ്ഞിരുന്നു. ആ രണ്ട് മാപ്പുകളും വലിയ രീതിയില്‍ സെലിബ്രേറ്റ് ചെയ്യപെടുകയുമുണ്ടായി. തെറ്റ് പറ്റിപോയ രണ്ടു മനുഷ്യരുടെ ബോധോദയമായി പലരും ഈ മാപ്പിനെ കണക്കാക്കി.

ഇവരുടെ മാപ്പ് വിശ്വാസയോഗ്യമാണോ?

സ്ത്രീ വിരുദ്ധത പറഞ്ഞ മൂര്‍ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്ത്രീകളെ കുറിച്ചും ആണ്‍ബോധത്തെ കുറിച്ചും ഗാര്‍ഹിക പീഡനത്തെക്കുറിച്ചുമെല്ലാം വാചാലനാവുന്നുണ്ട്. പക്ഷെ ഈ മാപ്പ് പറച്ചിലിന് പിന്നില്‍ ആത്മാര്‍ത്ഥമായ ഒരു തിരിച്ചറിവുണ്ടായി എന്ന് കരുതാന്‍ പ്രയാസമാണ്. കാരണം, പറ്റിപ്പോയി, മാപ്പാക്കണം എന്നെല്ലാം പറഞ്ഞുകൊണ്ട് കുറച്ച് മുന്‍പ് പറഞ്ഞ കടുത്ത സ്ത്രീവിരുദ്ധതയെ മായ്ച്ചു കളയാനാണ് മൂര്‍ ശ്രമിച്ചത്.

കമ്മന്റ് ബോക്‌സില്‍ മൂറിന്റെ ആണ്‍ നട്ടെല്ലിന്റെ കരുത്തിനെ കുറിച്ച് തീയും ലവും ഇട്ടവരുടെ അതെ ബോധം തന്നെയാണ് അയാളില്‍ വര്‍ക്ക് ചെയ്തിരുന്നത്. ആദ്യം പറഞ്ഞ കാര്യങ്ങളെയെല്ലാം ക്യാന്‍സല്‍ ചെയ്തുകൊണ്ട് പറ്റിപോയതാണെന്ന പറച്ചില്‍ അയാളിലെ ആണ്‍ബോധം ഇത്രപെട്ടെന്ന് അടങ്ങിയോ എന്ന് സംശയം തോന്നിപ്പിക്കുന്നതാണ്. മൂറിന് അബദ്ധത്തില്‍ പറ്റിപോയ ഒരു സംഭവമായി അത് തോന്നുന്നില്ല. കാരണം അയാളുടെ സ്ത്രീ വിരുദ്ധ വര്‍ത്തമാനം അത്രക്ക് വ്യക്തതയുള്ളതാണ്. പിന്നെ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ് ഞാനല്ല കുറ്റകാരന്‍ എന്റെ ഉള്ളിലെ ആണ്‍ ബോധമാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

ധ്യാനിന്റെ മാപ്പിലേക്ക് വരുമ്പോഴും അതന്റെ സംസാര ശൈലിയാണെന്നും ഞാന്‍ മി ടൂ മൂവ്‌മെന്റിനെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആളാണെന്നും പറഞ്ഞുകൊണ്ട് അയാളും പ്രത്യക്ഷപ്പെട്ടിരുന്നു. പറഞ്ഞ സ്ത്രീ വിരുദ്ധത താന്‍ വളര്‍ന്ന ചുറ്റുപാടിലെ ആണ്‍ബോധങ്ങളില്‍ നിന്നും ഉണ്ടായതാണെന്ന് ധ്യാന്‍ പറയുന്നതില്‍ വസ്തുതയുണ്ടെങ്കിലും, സ്വയം ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയിലാണ് അതും കടന്നുവരുന്നത്.

ഈ മാപ്പ് പറച്ചില്‍ ഇന്‍സിഡന്റിനെ സംബന്ധിച്ച് നമുക്ക് സന്തോഷം തോന്നുന്ന ഒരു കാര്യമുണ്ട്. അതായത് സ്ത്രീ വിരുദ്ധത പറയുന്നവര്‍ മാപ്പ് പറയാന്‍ തയ്യാറാകുന്നുണ്ട്. അത് പോസിറ്റീവ് ആയ ഒരു കാര്യമാണ്. അവരുടെ സ്വന്തം തീരുമാനം ആണെങ്കിലും അതല്ല സൊസൈറ്റിയുടെ നിര്‍ബന്ധം കൊണ്ടാണെങ്കിലും സംഭവം നല്ലതാണ്. കാരണം കുറച്ചു കാലം മുന്‍പ് വരെ സ്ത്രീവിരുദ്ധത പറയുന്നത് ചിലരുടെ അവകാശമാണെന്നും അതില്‍ വലിയ തെറ്റെന്നുമില്ലെന്നും വിശ്വസിച്ചവരായിരുന്നു ഇവിടുത്തെ വലിയ ഒരു കൂട്ടം മനുഷ്യര്‍. അങ്ങനെ സ്ത്രീവിരുദ്ധത പറഞ്ഞ് എളുപ്പത്തില്‍ കയ്യും കഴുകി പോവാമെന്നുള്ള പഴയകാല പരിപാടിക്ക് കര്‍ട്ടന്‍ വീണത് പ്രതീക്ഷ നല്‍കുന്നതാണ്,

പക്ഷെ അതേസമയം, മൂറും ധ്യാനും പറയുന്ന ന്യായീകരണങ്ങളില്‍ അവര്‍ വളര്‍ന്ന സാഹചര്യങ്ങളെയും ഉള്ളിലുള്ള ആണ് ബോധങ്ങളെയും കുറ്റപെടുത്തികൊണ്ട് ഞങ്ങള്‍ക്ക് അറിയാതെ തെറ്റ് പറ്റിപോയതാണെന്ന പോയിന്റ് ആണ് ഊന്നി പറയുന്നത്. ഈ വസ്തുത ഒരു പരിധി വരെ ശരിയാണ്. അതുകരുതി സ്വയം നവീകരിക്കപ്പെടാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. പുസ്തകങ്ങളും സോഷ്യല്‍ മീഡിയയും മനുഷ്യരുമൊക്കെയുള്ള കാലത്തു പണ്ടത്തെ ചില ന്യായീകരണങ്ങള്‍ കൊണ്ട് വരുന്നത് ശരിയല്ല.

മാപ്പ് പറച്ചിലിന്റെ എല്ലാ ഗുണവശങ്ങളെയും അംഗീകരിച്ചുകൊണ്ട് തന്നെ ഒരു കാര്യം കൂടി പറയാനുണ്ട്. ധ്യാനിന്റെയും മൂറിന്റെയും മാപ്പ് അവര്‍ക്ക് സൊസൈറ്റിയില്‍ നിന്നും ചില ഗുണങ്ങളൊക്കെ നേടികൊടുക്കുന്നുണ്ട്.

തെറ്റ് പറ്റി പോയതാണ്, ക്ഷമ ചോദിക്കുന്നുവെന്ന് ഒരാള്‍ പറയുമ്പോള്‍ സ്വാഭാവികമായും അങ്ങനെ ഒരു സ്റ്റാന്റ് എടുക്കുന്നുവരെ അംഗീകരിക്കേ
ണ്ടതുണ്ട്. പക്ഷെ ഇപ്പറഞ്ഞ രണ്ട് മാപ്പു പറച്ചിലുകള്‍ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപെടാനുള്ള ഒരു എളുപ്പ വഴി എന്ന നിലയിലാണ് ഉപയോഗിക്കപ്പെട്ടത്. ഇവരുടെ മാപ്പ് പറച്ചിലോടെ അവര്‍ പറഞ്ഞ സ്ത്രീവിരുദ്ധത കൂടി മാഞ്ഞു പോകുന്ന സ്ഥിതിയാണുണ്ടായത്. അതിലെ അപകടമോ ഭീകരതയോ പിന്നീടൊരിക്കലും ചര്‍ച്ചയാകുന്നില്ല.

പറയേണ്ട സ്ത്രീ വിരുദ്ധത മൊത്തം പറഞ്ഞു കഴിഞ്ഞിട്ട് അവസാനം ഒരു മാപ്പും കൂടെ പറയുമ്പോള്‍ മാപ്പു പറയാനും തെറ്റ് മനസ്സിലാക്കാനുമുള്ള അയാളുടെ നല്ല മനസ്സിന് അല്പം കൂടെ കയ്യടി കിട്ടും. സൊസൈറ്റിയില്‍ നിന്നും വരാന്‍ സാധ്യതയുള്ള എല്ലാ വിമര്‍ശനങ്ങളില്‍ നിന്നും തടിയും തപ്പാം.

ഈ മാപ്പുകള്‍ കൊണ്ട് ഇല്ലാതാകുന്ന കാര്യമല്ല പബ്ലിക്കില്‍ വന്ന് സ്ത്രീപീഡനത്തെയും അതിജീവിതകളെയും കുറിച്ച് മോശമായി സംസാരിക്കുന്നത്. ഇവരുടെ വര്‍ത്തമാനങ്ങളില്‍ ആഴത്തില്‍ പതിഞ്ഞ ആണ്‍ബോധമുണ്ട്. ആ ആണ്‍ബോധങ്ങള്‍ കൂടി ഇല്ലാതാവുകയും, ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടാവുകയും വേണം.

മാപ്പ് പറഞ്ഞതിനേക്കാള്‍ കൂടുതലായി ഇതില്‍ എന്താണ് ഇവര്‍ രണ്ടുപേരും ചെയ്യേണ്ടതെന്ന ചോദ്യം തീര്‍ച്ചയായുമുണ്ട്. ഇനി ഒരിക്കലും ഇത്തരം സ്ത്രീവിരുദ്ധത പറയാതിരിക്കുക എന്നത് മാത്രമാണ് തല്‍ക്കാലം മറുപടി. അതുകൊണ്ട് മാപ്പ് പറച്ചിലോടെ സത്രീവിരുദ്ധതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ടതില്ല.

Content Highlight: Apology of Dhyan Sreenivasan and Moor