Entertainment news
ആ പത്രത്തില്‍ വന്നത് റിവ്യൂ ആയിരുന്നില്ല, ഫുള്‍ കഥയങ്ങ് എഴുതിവെച്ചു; അവരുടെ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ തന്നെ ഇത് പറയണമെന്ന് തോന്നി: അപര്‍ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 09, 04:09 pm
Sunday, 9th October 2022, 9:39 pm

അഭിനയത്തില്‍ കഴിവ് തെളിയിച്ചതിന് പുറമെ തന്റേതായ വ്യക്തിത്വം പ്രകടിപ്പിക്കുന്നതിലും അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിലും വളരെ ബോള്‍ഡായ നടിയാണ് അപര്‍ണ ബാലമുരളി.

സുധ കൊങ്കര ചിത്രം സൂററൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ നിറവിലാണ് ഇപ്പോള്‍ താരം.

മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ഒരു ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെ, അതേ പത്രത്തില്‍ അന്ന് വന്ന ഒരു സിനിമാ റിവ്യൂവിനെ വിമര്‍ശിച്ച് വേദിയില്‍ സംസാരിച്ചതിനെ കുറിച്ച് പറയുകയാണ് ഇപ്പോള്‍ അപര്‍ണ.

പോപ്പര്‍‌സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ഈ ബോള്‍ഡ്‌നെസ്സിന് പിന്നിലെ കാരണം എന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”അത് അമ്മയുടെ കയ്യില്‍ നിന്നായിരിക്കും എനിക്ക് കിട്ടിയിട്ടുണ്ടാവുക. കാരണം അമ്മ പൊതുവേ അങ്ങനെയാണ്. അമ്മ 12 വര്‍ഷമായി ഒരു ആര്‍ടിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. അമ്മ ഒരു അഡ്വക്കേറ്റാണ്. അതുകൊണ്ട് പൊതുവേ ബോള്‍ഡായ ക്യാരക്ടറാണ് അമ്മയുടേത്.

സത്യം പറഞ്ഞാല്‍ അതുകൊണ്ടായിരിക്കും എനിക്ക് അന്നത്തെ ദിവസം തന്നെ ആ പത്രത്തിന്റെ ആളുകളോട് അക്കാര്യം പറയാന്‍ സാധിച്ചത്.

എനിക്ക് ഓര്‍മയുണ്ട്, ആ പത്രത്തില്‍ വന്നത് റിവ്യൂ ആയിരുന്നില്ല, ഫുള്‍ കഥയങ്ങ് എഴുതി വെച്ചിരിക്കുകയായിരുന്നു. പിന്നെയും വേറൊന്തൊക്കെയോ എഴുതിവെച്ച് അത് നിര്‍ത്തി. അത് ആ ചടങ്ങില്‍ വെച്ച് അന്ന് തന്നെ പറയണമെന്ന് എനിക്ക് തോന്നി.

കാരണം ഒരു റിവ്യൂ ചെയ്യുമ്പോള്‍ സിനിമയുടെ കഥ മുഴുവന്‍ എഴുതിയല്ല നമ്മുടെ അഭിപ്രായം ആള്‍ക്കാരിലേക്ക് എത്തിക്കേണ്ടത്. ഇത്രയും റെപ്യൂട്ടഡായ ഒരു പത്രത്തില്‍ ഇങ്ങനെയൊരു റിവ്യൂ വന്നെന്നറിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് ശരിക്കും സങ്കടം തോന്നി.

അത് എന്റെ സിനിമയായിരുന്നില്ല, എന്നാലും എനിക്ക് അത് കണ്ടപ്പോള്‍ നല്ല സങ്കടം തോന്നി. അതുകൊണ്ടാണ് അന്ന് തന്നെ ആ അവസരത്തില്‍ അക്കാര്യം പറയണമെന്ന് തോന്നിയത്,” അപര്‍ണ ബാലമുരളി പറഞ്ഞു.

അതേസമയം, സുധീഷ് ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ‘ഇനി ഉത്തരം’ ആണ് അപര്‍ണയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത സിനിമ. ചിത്രം മികച്ച അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Content Highlight: Aparna Balamurali talks about a movie review published in a prominent newspaper