ഹൈദരാബാദ്: ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റുവാങ്ങി. കേരളത്തില്‍ നിന്ന് പോയ ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കേരളത്തില്‍ നിന്നുള്ള നാലുപേര്‍ ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തിലെത്തിയത്. ആറുമണിയോടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളും ജില്ലാ കേന്ദ്രത്തിലെത്തുകയായിരുന്നു.
ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്വം.
കുഞ്ഞ് തിരുവനന്തപുരത്തെത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല.
വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റേയും ഡി.എന്‍.എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
ഒക്ടോബര്‍ 14 നാണ് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പുറത്തായത്. തന്റെ വീട്ടുകാര്‍ തന്നെയാണ് കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമ പറയുന്നത്.