കമല-ബൈഡന്‍ സംവാദം; കമലയെ തെരഞ്ഞെടുപ്പില്‍ ബോയ്‌കോട്ട് ചെയ്യാനൊരുങ്ങി അമേരിക്കയിലെ യുദ്ധവിരുദ്ധ സംഘടനകള്‍
World News
കമല-ബൈഡന്‍ സംവാദം; കമലയെ തെരഞ്ഞെടുപ്പില്‍ ബോയ്‌കോട്ട് ചെയ്യാനൊരുങ്ങി അമേരിക്കയിലെ യുദ്ധവിരുദ്ധ സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2024, 5:50 pm

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള ആദ്യ സംവാദത്തില്‍ ഇസ്രഈലിനെ പിന്തുണച്ച ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെതിരെ അമേരിക്കയിലെ യുദ്ധവിരുദ്ധ സംഘടനകള്‍ രംഗത്ത്. ഗസയ്‌ക്കെതിരായ യുദ്ധത്തില്‍ ഇസ്രഈലിന് പിന്തുണ നല്‍കുന്ന കാലത്തിടത്തോളം ഹാരിസിന് വോട്ടുചെയ്യില്ലെന്ന് പറയുന്ന പ്രമേയത്തില്‍ പെന്‍സില്‍വാനിയയിലുടനീളമുള്ള വ്യക്തികളുടെ ഒപ്പുകള്‍ ശേഖരിക്കാനാണ് ഈ സംഘം ലക്ഷ്യമിടുന്നത്.

കമലാ ഹാരിസ് എപ്പോഴും ഇസ്രഈലിനെ വെറുക്കുന്നുവെന്ന് പറഞ്ഞ ട്രംപ് അവര്‍ അധികാരത്തില്‍ എത്തിയാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇസ്രഈല്‍ ഇല്ലാതാവുമെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിന് മറുപടിയായി താന്‍ എന്നും ഇസ്രഈലിനെ സപ്പോര്‍ട്ട് ചെയ്തിരുന്നെന്നും ട്രംപ് അമേരിക്കന്‍ ജനതയെ വിഭജിക്കുവാന്‍ ശ്രമിക്കുകയാണെന്നുമാണ് കമല തിരിച്ചടിച്ചത്.

ബന്ദിമോചനം-വെടിനിര്‍ത്തല്‍ കരാര്‍ എങ്ങനെ നടപ്പിലാക്കും എന്ന മോഡറേറ്ററുടെ ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് കമല ഹാരിസ് ഇസ്രഈലിനെ പിന്തുണച്ചത്. ‘ ഇസ്രഈലിന് സ്വയം പ്രതിരോധിക്കാന്‍ അവശകാശമുണ്ട്. പക്ഷെ അത് എങ്ങനെയെന്നത് പ്രധാനമാണ്. ആദ്യം നമുക്ക് നാം എങ്ങനെയാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്ന് നോക്കാം, ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഹമാസ് എന്ന് ഭീകരസംഘടന 12,00 ഇസ്രഈലികളെ കൊന്നൊടുക്കി. അവരില്‍ പലരും യുവാക്കളാണ്.

അവരെല്ലാവരും ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. അതിനാല്‍ തീര്‍ച്ചയായും ഇസ്രഈലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ യുദ്ധത്തില്‍ നിരപരാധികളായ ഒട്ടനവധി ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുകയുണ്ടായി, അവരുടെ അമ്മമാര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. ഈ യുദ്ധം അവസാനിച്ചാല്‍ മതിയാവൂ.

അതും എത്രയും പെട്ടെന്ന് തന്നെ. അത് അവസാനിപ്പിക്കാനായി വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യമാണ്, ബന്ദി മോചനവും സാധ്യമാക്കണം. അതിനായി ഞങ്ങള്‍ ഇനിയും പ്രവര്‍ത്തിക്കും,’ കമലാ ഹാരിസ് പറഞ്ഞു.

എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു പ്രസംഗം നടത്താന്‍ നെതന്യാഹു അമേരിക്കന്‍ കോണ്‍ഗ്രസില്‍ എത്തിയപ്പോള്‍ കമല നെതന്യാഹുവിനെ കാണാന്‍ പോലും തയ്യാറായില്ല എന്ന് പറഞ്ഞ ട്രംപ് കമല ഇസ്രഈലിനെ വെറുക്കുന്നുണ്ട് എന്നാരോപിക്കുകയായിരുന്നു.

പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയിലുള്ള എന്‍.സി.സി സെന്ററില്‍ വെച്ച് നടന്ന സംവാദം എ.ബി.സി ന്യൂസ് ആണ് സംഘടിപ്പിച്ചത്.

സംവാദത്തില്‍ ട്രംപിനെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ ആയുധമാക്കി കമല ഹാരിസ് സംസാരിച്ചപ്പോള്‍ ഗര്‍ഭഛിത്രം, ക്യാപിറ്റല്‍ ആക്രമണം എന്നിവ മുന്‍നിര്‍ത്തി ശക്തമായ സംവാദമാണ് നടന്നത്. സംവാദത്തിന് പിന്നാലെ കമല ഹാരിസിനെ പിന്തുണച്ച് പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് രംഗത്തെത്തിയിരുന്നു.

Content Highlight: Anti-war organizers mobilise against Kamala Harris after the presidential debate