മേനോന്‍ എന്റെ വാലായോ ജാതി പേരായോ കാണുന്നില്ല; ഞാനതില്‍ വിശ്വസിക്കുന്നില്ല: അനൂപ് മേനോന്‍
Entertainment
മേനോന്‍ എന്റെ വാലായോ ജാതി പേരായോ കാണുന്നില്ല; ഞാനതില്‍ വിശ്വസിക്കുന്നില്ല: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th August 2024, 7:58 pm

താന്‍ ഹ്യുമാനിറ്റിയില്‍ മാത്രം വിശ്വസിക്കുന്ന ആളാണെന്ന് പറയുകയാണ് അനൂപ് മേനോന്‍. മേനോന്‍ എന്നത് താനൊരു പേരായിട്ട് മാത്രമാണ് കാണുന്നതെന്നും അതിനെ വാലായിട്ടോ ജാതി പേരായിട്ടോ കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു. മേനോന്‍ എന്നത് പേരില്‍ നിന്ന് കട്ട് ചെയ്യാന്‍ തോന്നിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍.

‘ഹ്യുമാനിറ്റിയില്‍ മാത്രം വിശ്വസിക്കുന്ന ആളാണ് ഞാന്‍. അനൂപ് മേനോന്‍ എന്ന പേരില്‍ മേനോന്‍ എന്നത് ഞാനൊരു പേരായിട്ട് മാത്രമാണ് കാണുന്നത്. ഞാന്‍ അത് വാലായിട്ടോ ജാതി പേരായിട്ടോ കാണുന്നില്ല. അത് കട്ട് ചെയ്യാനും എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല എന്നതാണ് കാര്യം.

ഞാന്‍ കല്യാണം കഴിച്ചത് മറ്റൊരു ജാതിയില്‍ നിന്നാണ്. എനിക്ക് അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. ഒരു പരമ്പരാഗത വിവാഹ രീതിയില്‍ ആയിരുന്നില്ല എന്റെ വിവാഹം നടന്നത്. അങ്ങനെയുള്ള സൊസൈറ്റല്‍ റൂളുകളൊന്നും എന്നെ ഒരു കാലത്തും ബാധിച്ചിട്ടില്ല. പിന്നെ കമ്യൂണിസത്തേക്കാള്‍ ഏറെ ഞാന്‍ വിശ്വസിക്കുന്നത് ഹ്യുമാനിസത്തിലാണ്. ദൈവ സങ്കല്‍പത്തിലാണെങ്കിലും മത സങ്കല്‍പത്തിലാണെങ്കിലും എനിക്ക് അത്രയും നിശിദ്ധമായ കാഴ്ച്ചപ്പാടാണ് ഉള്ളത്.

ഞാന്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നുണ്ട്. അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കില്‍ പ്രാര്‍ത്ഥിക്കട്ടെ, അതൊന്നും ഒരിക്കലും തെറ്റല്ല. ഇപ്പോള്‍ ദൈവ ഭയം എന്ന സാധനമില്ലെങ്കില്‍ നമ്മളൊക്കെ ബാര്‍ബേറിയന്‍സായി പോകും. വലിയ പ്രവാചകന്മാരൊക്കെ നമ്മള്‍ കാടന്മാരായി പോവാതിരിക്കാനാകും ഇത് ഉണ്ടാക്കിയത്. എന്തിനെയെങ്കിലും പേടിക്കണ്ടേ,’ അനൂപ് മേനോന്‍ പറഞ്ഞു.


Content Highlight: Anoop Menon Talks About Menon In His Name