ആധുനിക ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസി ഫാന്‍ ഡിബേറ്റില്‍ തന്റെ ഇഷ്ടതാരത്തെ തെരഞ്ഞെടുത്ത് ബ്രസീലിയന്‍ മിഡ് ഫീല്‍ഡറും ഫുള്‍ഹാം താരവുമായ ആന്ദിയാസ് പെരേര. ഇ.എസ്.പി.എന്‍ യു.കെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രണ്ട് താരങ്ങളില്‍ ഒരാളെ ചൂസ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പെരേര ക്രിസ്റ്റ്യാനോയുടെ പേര് പറയുകയായിരുന്നു.
അഭിമുഖത്തിനിടെ നടന്ന ‘റാപിഡ് ഫയര്‍’ ഗെയ്മില്‍ പെരേര ഒന്നും ആലോചിക്കാതെ നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തന്റെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോയുടെ പേര് പറയുകയായിരുന്നു.
അതേസമയം, അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്ക് ശേഷം ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ ഒരിക്കല്‍ കൂടി ഗോട്ട് ഡിബേറ്റ് സജീവമാകുകയാണ്. പോര്‍ച്ചുഗല്‍ ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ അര്‍ജന്റൈന്‍ ലെജന്‍ഡ് ലയണല്‍ മെസിയാണോ ഗോട്ട് എന്നതാണ് ചര്‍ച്ചാ വിഷയം.
ഫിഫ ലോകകപ്പ് 2022ല്‍ മെസി ലോക ചാമ്പ്യനായതോടെ മികച്ച താരം ആരെന്നുള്ള ഡിബേറ്റിന് അറുതി വരുമെന്ന് കരുതിയിരുന്നെങ്കിലും റോണോയുടെ സമീപ കാല പ്രകടനം അതിന് അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് ചേക്കേറിയതിന് ശേഷം തകര്‍പ്പന്‍ ഫോമിലാണ് താരം.
പോര്‍ച്ചുഗലിന്റെ പുതിയ പരിശീലകന്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസിന് കീഴില്‍ മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. യൂറോ 2024നുള്ള ക്വാളിഫയേഴ്സില്‍ എതിരില്ലാത്ത നാലും ആറും ഗോളുകള്‍ക്കാണ് ടീം പോര്‍ച്ചുഗല്‍ ലീച്ചെന്‍സ്റ്റെയ്നിനെയും ലുക്സെബോര്‍ഗിനെയും നിലംപരിശാക്കിയത്.
ഖത്തര്‍ ലോകകപ്പിന് ശേഷവും ഗോള്‍ വേട്ട തുടരുകയാണ് ടീം അര്‍ജന്റീന. കുറസാവോക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചിരുന്നു. എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ആല്‍ബിസെലസ്റ്റയുടെ ജയം. ആദ്യ ഗോള്‍ കണ്ടെത്താന്‍ അര്‍ജന്റീനക്ക് 20 മിനിട്ട് പിന്നിടേണ്ടി വന്നെങ്കിലും 37ാം മിനിട്ടില്‍ തന്നെ മെസി തന്റെ ഹാട്രിക് തികച്ചു.
മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര കരിയറില്‍ നൂറ് ഗോളെന്ന നേട്ടം മെസി സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും മെസി പേരിലാക്കി. മൂന്ന് ഗോളുകള്‍ക്ക് പുറമെ ഒരു അസിസ്റ്റും മെസി സ്വന്തമാക്കിയിരുന്നു.
ഇരുവരുടെയും പ്രായത്തെ വെല്ലുന്ന പ്രകടനം കണ്ട് അന്ധാളിച്ച് നില്‍ക്കുകയാണ് ആരാധകര്‍.