തിരുവനന്തപുരം: ബി.ജെ.പി അധികാരത്തിലെത്തുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാകുകയാണെന്ന് സംവിധായകന്‍ ആനന്ദ് പട് വര്‍ധന്‍. സിനിമ നിര്‍മ്മിക്കുന്നതിലും കൂടുതല്‍ സമയം താന്‍ കോടതികള്‍ കയറിയിറങ്ങുകയാണെന്നും കോടതിയെ വിവാഹം കഴിച്ച അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര ഡോകുമെന്ററി ഹ്രസ്വചലച്ചിത്ര മേളയില്‍ തന്റെ ഡോക്യൂമെന്ററി ‘വിവേകി’ന്റെ പ്രദര്‍ശനത്തിന് ശേഷമുള്ള ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കുകള്‍ മറികടന്നെത്തിയ ഡോക്യുമെന്ററിക്ക് മേളയില്‍ ഗംഭീര പ്രതികരണമാണ് ലഭിച്ചത്. നിറ കൈയ്യടികളോടെയാണ് കൈരളി തീയേറ്ററില്‍ പ്രേക്ഷകര്‍ ചിത്രത്തെ വരവേറ്റത്.
തന്റെ മുന്‍ ചിത്രങ്ങളുടെ പ്രദര്‍ശനാനുമതിക്ക് ഒറ്റക്കാണ് പോരാടിയതെന്നും വിവേക് പ്രദര്‍ശിപ്പിക്കാന്‍ തന്നോടൊപ്പം നിന്ന് പോരാടിയ ചലച്ചിത്ര അക്കാദമിക്ക് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്ന ഡോക്യുമെന്ററി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഇന്നലെയാണ് കേരള ഹൈക്കോടതി അനുമതി നല്‍കിയത്. പട്വര്‍ധനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഉത്തരവ്.
‘സിനിമ തടയാനുള്ള നീക്കങ്ങള്‍ക്ക് കീഴടങ്ങില്ല. ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാന്‍ മറ്റുവഴികള്‍ നോക്കും. അനുമതി നിഷേധിക്കുന്നതിനായി പറഞ്ഞ കാരണം ക്രമസമാധാനപ്രശ്‌നമാണ്. ക്രമസമാധാനം തകരുമെങ്കില്‍ അത് നിയന്ത്രിക്കേണ്ടത് സര്‍ക്കാരാണ്. അതിന് പകരം ആവിഷ്‌കാര സ്വാതന്ത്ര്യം തടയുകയല്ല വേണ്ടത്.’
കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഡോക്യൂമെന്ററിയുടെ പ്രദര്‍ശനം മേളയുടെ അവസാന ദിവസത്തേക്ക് അക്കാദമി നീട്ടിയിരുന്നു.
മതേതരത്വത്തിനും സ്വതന്ത്ര ചിന്തകര്‍ക്കും നേരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങളാണ് ‘വിവേക്’ ചര്‍ച്ച ചെയ്യുന്നത്. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളില്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്കുള്ള പങ്ക്, മുംബൈ സ്ഫോടനം, ആള്‍കൂട്ട കൊലപാതകങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ 4 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്.
ലോക പ്രശസ്തമായ പല മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായാണ് ഒരു ചലച്ചിത്ര മേളയില്‍ ‘വിവേക്’ പ്രദര്‍ശനത്തിനെത്തുന്നത്.