അവകാശത്തെക്കുറിച്ച് പറയുന്ന പെണ്‍കുട്ടികളെ മരിച്ചവരായി കണക്കാക്കുന്ന വീട്ടുകാരണവന്‍മാര്‍ തന്നെയാണ് സിനിമയിലും
Notification
അവകാശത്തെക്കുറിച്ച് പറയുന്ന പെണ്‍കുട്ടികളെ മരിച്ചവരായി കണക്കാക്കുന്ന വീട്ടുകാരണവന്‍മാര്‍ തന്നെയാണ് സിനിമയിലും
വിഷ്ണു വിജയന്‍
Tuesday, 13th October 2020, 9:39 am

ഇടവേള ബാബു പറഞ്ഞതില്‍ എന്താണ് തെറ്റ്..! ഇങ്ങനെയും ചില നിലവിളി ഇതിനിടയില്‍ കാണാന്‍ കഴിയും.

‘ഭാവന 2020യുടെ 2 ആം ഭാഗത്തില്‍ കാണില്ല. അവര്‍ ‘അമ്മ’യില്‍ നിന്ന് രാജിവെച്ചു പോയതല്ലേ. മരിച്ചു പോയവരെ തിരിച്ചു കൊണ്ടു വരാന്‍ നമുക്കാവില്ലല്ലോ’ ഇടവേള ബാബു ഈ പറഞ്ഞതില്‍ പലര്‍ക്കും തെറ്റൊന്നും തോന്നില്ല,

വീട്ടിലെ പെണ്‍കുട്ടികള്‍ അവരുടെ അവകാശത്തെ കുറിച്ച് നിവര്‍ന്ന് നിന്ന് പറഞ്ഞാല്‍, അതിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാന്‍ തിരുമാനിച്ചാല്‍ അവര്‍ മരിച്ചു പോയതിന് തുല്യമായി പ്രഖ്യാപിക്കുന്ന ചില കെട്ട കാരണവന്‍മാരുടെ ഭാഷ കേട്ടാല്‍, ആ പാട്രായാര്‍ക്കി സിസ്റ്റത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് ഒരു തെറ്റും തോന്നില്ല, അതാണ് ഇടവേള ബാബുവിന്റെ വാക്കിലും അവര്‍ക്ക് ഒന്നും തോന്നാത്തത്.

രണ്ടു വര്‍ഷം മുന്‍പ് നടിയുടെ പേരിലുള്ള വിവാദം കത്തി നില്‍ക്കുന്ന നേരത്ത് മഴവില്‍ അഴകില്‍ അമ്മ എന്ന പ്രോഗ്രാമില്‍ കുറെ നടിമാരും മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളും ചേര്‍ന്ന്, ‘കൈക്കൂട്ടം വാട്‌സ്ആപ്പ് കൂട്ടായ്മയുടെ സ്ത്രീ ശാക്തീകരണം’ എന്ന പേരില്‍ ഒരു ഷോ നടത്തിയിരുന്നു. ഈ സംഘടന വെച്ച് പുലര്‍ത്തുന്ന സ്വഭാവം അക്ഷരാര്‍ത്ഥത്തില്‍ വെളിവാക്കുന്ന പ്രോഗ്രാമായിരുന്നു ഇത്.

സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന സ്ത്രീകളെ പരിഹസിച്ച് കൊണ്ട് സ്ത്രീകളെ കൊണ്ട് തന്നെ ഒരു പ്രോഗ്രാം ചെയ്യുന്നു,
സ്വന്തമായി നിലപാടില്ലാത്ത എന്താണ് തങ്ങളുടെ അവകാശങ്ങളെന്ന് യാതൊരു തരം ബോധ്യവുമില്ലാത്ത സ്ത്രീകളുടെ അവകാശം ചൂഷണം ചെയ്താണ് ഇവരൊക്കെ ഇത്രയും കാലം നിലനിന്നു പോന്നിരുന്നത്.

മലയാളി ആണധികാര മനോഭാവത്തിന്റെ പ്രത്യക്ഷ രൂപം തന്നെയാണ് ഈ സംഘടന. അതുകൊണ്ടാണ് പലര്‍ക്കും ഇപ്പോഴും രാജി വെച്ച സ്ത്രീകളോട് പൊരുത്തപ്പെടാന്‍ കഴിയാത്തതും.

സ്ത്രീകളുടെ അവകാശങ്ങളോ, ജനാധിപത്യ മര്യാദയോ എന്തെന്ന് യാതൊരു ധാരണയും ഇല്ലാത്ത കുറേ ആണുങ്ങള്‍ ഭരിക്കുന്നൊരു ഇടം അത് മാത്രമാണ്, അതിന്റെ പേര് ചുരുക്കി ‘അമ്മ’ എന്ന് ഉപയോഗിക്കുന്നത് തന്നെ ‘അമ്മ’ എന്ന പദത്തോട് ചെയ്യുന്ന അനീതിയാണ്.

അനീതിയുടെ അസമത്വത്തിന്റെ അതിലേറെ അഹന്തയുടെ അടിത്തറയില്‍ നിലകൊള്ളുന്ന ഒരു സിസ്റ്റത്തെ ബ്രയ്ക്ക് ചെയ്യുക അതിനോട് കലഹിച്ചു കൊണ്ട് അതില്‍ നിന്ന് സ്വയം മാറി നടക്കുന്ന എന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amma issue; still girls who talk about their rights are considered as dead