Film News
ഫൈറ്റ് ചെയ്തപ്പോൾ വിജയ് സാർ എന്റെ തോളിൽ കയ്യിട്ട് 'ഫോട്ടോ എടുക്കടാ' എന്ന് പറഞ്ഞു: അംജത് മൂസ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 23, 07:52 am
Monday, 23rd October 2023, 1:22 pm

തമിഴ്, മലയാളം ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങൾ അഭിനയിച്ചുകൊണ്ട് മുന്നേറുന്ന അംജത് മൂസ ഒരു കോഴിക്കോട്ടുകാരനാണ്. ജയ്‌ഹിന്ദ്‌, പുലിമുരുകൻ, ഗുണ്ട, സിങ്കം 2 തുടങ്ങിയ ചിത്രത്തിൽ ശ്രദ്ധേയമായ വില്ലൻ കഥാപാത്രം അവതരിപ്പിച്ച താരമാണ് അംജത് മൂസ. വില്ലൻ കഥാപാത്രങ്ങൾക്ക് പുറമെ അംജത് ഒരു മാർഷ്യൽ ആർട്സ് പരിശീലകൻ കൂടിയാണ്.

ഇപ്പോഴിതാ വിജയ് നായകനായ ലിയോ എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. വിജയ് ലൊക്കേഷനിൽ ഭയങ്കര സൈലന്റ് ആണെന്നും എല്ലാ കാര്യങ്ങളും നന്നായി ഫോക്കസ് ചെയ്യുമെന്നും അംജത് പറഞ്ഞു.

തന്റെ ഫൈറ്റ് കണ്ടതിന് ശേഷം വിജയ് തന്റെ തോളിൽ കയ്യിട്ട് കെട്ടിപിടിച്ച് ഫോട്ടോ എടുത്തിരുന്നെന്നും താരം കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കുരുവി സിനിമയുടെ ലൊക്കേഷനിൽ വെച്ച് വിജയ് സാറിനെ എനിക്ക് കാണാൻ സാധിച്ചിരുന്നില്ല. ലിയോയുടെ ലൊക്കേഷനിൽ വെച്ചാണ് ഞാൻ ആദ്യമായിട്ട് വിജയ് സാറിനെ കാണുന്നത്. ശരിക്കും ഒരു പ്രഭാവലയം തന്നെ പറയാം. അദ്ദേഹത്തിനെ കാണുമ്പോൾ തന്നെ മനസിലാകും, അദ്ദേഹം ഭയങ്കര ഫോക്കസ് ആണെന്ന്. ലൊക്കേഷനിൽ വന്നുകഴിഞ്ഞാൽ ഭയങ്കര സൈലൻറ് ആണ്.

ഞാൻ നല്ല കിക്ക്സ് ഒക്കെ ചെയ്ത് ഫൈറ്റ് ചെയ്തപ്പോൾ വിജയ് സാർ വന്നിട്ട് എന്റെ തോളിൽ കയ്യിട്ട് കെട്ടിപിടിച്ചിട്ട് ‘ഫോട്ടോ എടുക്കടാ’ എന്ന് പറഞ്ഞു. ആ ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കണം. അർജുൻ സാറെ കൂടെയും മറ്റുള്ളവരുടെ കൂടെയുമൊക്കെയുള്ള ഫോട്ടോകളുണ്ട്. ഞാൻ ഇഷ്ടപ്പെടുന്ന ആളുകളുടെ ഫോട്ടോ എന്റെ ഹൃദയത്തിനുള്ളിലുള്ള പൂജാമുറിയിലുണ്ട്. വിജയ് സാറിൻറെ കൂടെയുള്ള ഫോട്ടോ റിലീസിനു ശേഷം കിട്ടുമെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്,’ അംജത് മൂസ പറഞ്ഞു.

Content Highlight: Amjath moosa about a photo with vijay