ദല്‍ഹി അക്രമ സമയത്ത് അമിത് ഷാ എവിടെയായിരുന്നു? പ്രതിപക്ഷം രാജി ആവശ്യപ്പെടണം: ശിവസേന
DELHI VIOLENCE
ദല്‍ഹി അക്രമ സമയത്ത് അമിത് ഷാ എവിടെയായിരുന്നു? പ്രതിപക്ഷം രാജി ആവശ്യപ്പെടണം: ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th February 2020, 3:42 pm

മുംബൈ: ദല്‍ഹി അക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. കലാപം രാജ്യതലസ്ഥാനത്തെ നടുക്കിയപ്പോള്‍ അമിത് ഷാ എവിടെയായിരുന്നെന്ന ശിവസേന ചോദിക്കുന്നു.

ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് വീടുകള്‍ തോറും കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്യാനും റാലികള്‍ നടത്താനും സമയം കണ്ടെത്തിയ അമിത് ഷായ്ക്ക് ഇപ്പോള്‍ ദല്‍ഹിയിലെത്താന്‍ സമയമില്ല. നിരവധി പേര്‍ കൊല്ലപ്പെട്ടതും വ്യാപകമായി അക്രമങ്ങള്‍ നടന്നതും അമിത് ഷാ കണ്ടില്ല എന്നത് ആശ്ചര്യകരമാണെന്നും സാമ്‌നയിലൂടെ ശിവസേന പറയുന്നു.

‘കോണ്‍ഗ്രസോ മറ്റ് ഏതെങ്കിലും പാര്‍ട്ടിയോ ആണ് കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നതെങ്കില്‍ ബി.ജെ.പി ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെടുമായിരുന്നു. അവര്‍ അതിന് വേണ്ടി സമരങ്ങളും നടത്തുമായിരുന്നു.’ സാമ്‌നയില്‍ പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് ദല്‍ഹി പൊലീസന്നെ കാര്യവും സാമ്‌ന ആവര്‍ത്തിച്ചു പറയുന്നു. അക്രമസമയത്ത് ദല്‍ഹി പൊലീസ് നിഷ്‌ക്രിയമായിരുന്നെന്ന് വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാലിപ്പോള്‍ ബി.ജെ.പി അധികാരത്തിലിരിക്കുകയും പ്രതിപക്ഷം ശക്തമല്ലാത്തതിനാലും അത്തരത്തിലൊന്നും സംഭവിക്കുന്നില്ല. എങ്കിലും സോണിയ ഗാന്ധി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടെന്നും സാമ്‌ന ചൂണ്ടിക്കാണിക്കുന്നു.

‘അക്രമം തുടങ്ങി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചിട്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ദോവല്‍ തെരുവിലിറങ്ങിയിട്ടും എന്താണ് കാര്യം? എല്ലാം തകര്‍ന്നുപോയതിന് ശേഷമാണോ ഇടപെടേണ്ടത്?’ സാമ്‌ന ചോദിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അക്രമ സമയത്ത് അമിത് ഷാ ദല്‍ഹിയില്‍ ഇല്ലാതിരുന്നതിനെ പ്രതിപക്ഷം പാര്‍ലമെന്റില്‍ ചോദ്യം ചെയ്യണമെന്നും സാമ്‌ന ആവശ്യപ്പെട്ടു. ‘ദല്‍ഹി കലാപത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം ചെയ്താല്‍ പ്രതിപക്ഷത്തെയും രാജ്യദ്രോഹികളെന്ന് വിളിക്കുമോ?’ സാമ്‌ന ചോദിക്കുന്നു.

ദല്‍ഹി അക്രമത്തില്‍ ഇതുവരെ 43 പേരാണ് കൊല്ലപ്പെട്ടത്. ഇരുന്നൂറിലേറെ പേര്‍ പരുക്കുകളോടെ വിവിധ ആശുപത്രികളിലുണ്ട്.