ഇങ്ങനത്തെ വിഗ്ഗും മേക്കപ്പും ബാലെയില്‍ പോലും കാണില്ല
Entertainment
ഇങ്ങനത്തെ വിഗ്ഗും മേക്കപ്പും ബാലെയില്‍ പോലും കാണില്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th March 2024, 11:21 am

1986ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത സിനിമയാണ് തങ്കമണി. ദിലീപ് നായകനായെത്തിയ ചിത്രം മോശം തിരക്കഥ കൊണ്ടും, അഭിനേതാക്കളുടെ മോശം പെര്‍ഫോമന്‍സ് കൊണ്ടും ആദ്യദിനം തന്നെ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. യഥാര്‍ത്ഥ സംഭവത്തില്‍ അല്പം ഫിക്ഷന്‍ കൂടി ഉള്‍പ്പെടുത്തിയാണ് രതീഷ് ഈ ചിത്രം അണിയിച്ചൊരുക്കിയത്.

സിനിമയിലെ ടെക്‌നിക്കല്‍ മേഖലക്കും വന്‍ വിമര്‍ശനമാണ് വന്നത്. അതില്‍ പ്രധാനം സിനിമയുടെ മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റാണ്. ഡ്രാമാറ്റിക് രീതി വിട്ട് ഇന്ന് റിയലിസത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ് മലയാളസിനിമ. ആര്‍ട്ടിസ്റ്റുകളുടെ മേക്കപ്പില്‍ ഉള്‍പ്പെടെ റിയലിസ്റ്റിക്ക് രീതി കൊണ്ടുവരാനാണ് മലയാള സിനിമ ശ്രമിക്കുന്നത്. എന്നാല്‍ തങ്കമണിയിലേക്കെത്തുമ്പോള്‍ നായകന്റെ പ്രായം കുറക്കാന്‍ ഉപയോഗിച്ച മേക്കപ്പ് കാണുമ്പോള്‍ അരോചകമായി തോന്നും.

1980കളില്‍ നടക്കുന്ന കഥയില്‍ നായകനും മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കും കൊടുത്തിരിക്കുന്ന വിഗ്ഗും അങ്ങേയറ്റം ബോറാണ്. പഴയകാല സിനിമകളിലും രാജാപാര്‍ട്ട് നാടകങ്ങളിലും കണ്ടുശീലിച്ച തരത്തിലുള്ള വിഗ്ഗ് ഇന്നത്തെ കാലത്ത് സിനിമകളില്‍ കാണുമ്പോള്‍ അരോചകമായാണ് തോന്നിയത്. ദിലീപിന്റെ പഴയകാലത്തെ ഗെറ്റപ്പിനും പ്രായമായ ഗെറ്റപ്പിനും കൊടുത്ത ഹെയര്‍സ്റ്റൈല്‍ കാണുമ്പോള്‍ മലയാളസിനിമ മാറിയത് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ അറിഞ്ഞിട്ടില്ലേ എന്ന് തോന്നിപ്പോകും.

ദിലീപ് കഴിഞ്ഞാല്‍ സിനിമയിലെ ഏറ്റവും മോശം അപ്പിയറന്‍സുള്ളത് മനോജ്.കെ. ജയനാണ്. മണി പീറ്റര്‍ എന്ന കഥാപാത്രത്തിന് രണ്ട് കാലഘട്ടത്തിലും കൊടുത്തിരിക്കുന്ന മേക്കപ്പും വിഗ്ഗും കണ്ടാല്‍ സഹതാപം തോന്നിപ്പോകും. ഒരു കഥാപാത്രത്തിന് ഈയടുത്ത് ലഭിച്ച ഏറ്റവും മോശം മേക്കപ്പാണ് മണി പീറ്റര്‍ എന്ന കഥാപാത്രത്തിന് കൊടുത്തിരിക്കുന്നത്. മുറിവ് പൊള്ളല്‍ എന്നിവക്ക് കൊടുക്കുന്ന മേക്കപ്പും അമച്വര്‍ നിലവാരത്തിലുള്ളതാണ്. തിരക്കഥയും പെര്‍ഫോമന്‍സും ചില സിനിമയില്‍ മോശമാണെങ്കിലും ടെക്‌നിക്കല്‍ മേഖലയെങ്കിലും നന്നാകാറുണ്ട്. എന്നാല്‍ തങ്കമണിയുടെ കാര്യത്തില്‍ സകല മേഖലയും പരാജയമായിരിക്കുകയാണ്.

Content Highlight: Amateur level makeup and hairstyling in Thankamani movie