Entertainment
രജിനികാന്തും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ; എന്തുകൊണ്ട് ആ ലെവലിലേക്ക് ചിന്തിക്കുന്നില്ല: അല്‍ഫോണ്‍സ് പുത്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 08, 09:51 am
Monday, 8th July 2024, 3:21 pm

നൂറോ നൂറ്റിയമ്പതോ നാള്‍ തിയേറ്ററിലോടുന്ന സിനിമ വേണമെന്ന് ചിന്തിക്കാതെ വേള്‍ഡ് ലെവലിലേക്ക് എന്തുകൊണ്ടാണ് ചിന്തിക്കാത്തതെന്ന് ചോദിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. രജിനികാന്തും മമ്മൂട്ടിയും ഒന്നിച്ച ദളപതി റിലീസ് ചെയ്ത സമയത്ത് വലിയ വരവേല്‍പ്പാണ് ലഭിച്ചതെന്നും അങ്ങനെയൊരു സിനിമ ഇന്ന് വന്നാലും വലിയ വിജയമാകുമെന്നും അല്‍ഫോണ്‍സ് പറയുന്നു. കുമുദം എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമന്ത ഇന്റര്‍നാഷണല്‍ റേഞ്ചില്‍ പോകേണ്ട താരമാണ്. അവരെ വെച്ച് ഹോളിവുഡ് ലെവലിലുള്ള ഒരു സ്റ്റണ്ട് സിനിമ ചെയ്യണം. അതുപോലെ ശ്രുതി ഹാസനെയും അത്തരം സിനിമകളില്‍ കൊണ്ടുവന്നാല്‍ നന്നാകും. പക്ഷെ നമ്മള്‍ ആ ലെവലിലേക്ക് ചിന്തിക്കുന്നില്ല.

നൂറോ നൂറ്റിയമ്പതോ നാള്‍ തിയേറ്ററില്‍ ഓടുന്ന സിനിമ വേണമെന്ന് ചിന്തിക്കാതെ വേള്‍ഡ് ലെവലിലേക്ക് എന്തുകൊണ്ടാണ് ചിന്തിക്കാത്തത്. ഉദാഹരണത്തിന് രജിനി സാറും മമ്മൂട്ടി സാറും ഒരുമിച്ച് അഭിനയിച്ച ദളപതി സിനിമയെടുക്കുക, ആ പടം റിലീസ് ചെയ്ത സമയത്ത് വലിയ വരവേല്‍പ്പാണ് ലഭിച്ചത്.

അവര്‍ ഇപ്പോള്‍ ഒരുമിച്ച് അഭിനയിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ച് നോക്കൂ. അതിനും വലിയ വരവേല്‍പ്പ് ലഭിക്കും. ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ സാറും രജിനി സാറും ഒരുമിച്ചപ്പോള്‍ എന്തായിരുന്നു അവസ്ഥയെന്ന് ആലോചിച്ചു നോക്കു.

ആ സിനിമ സൂപ്പറായിരുന്നില്ലേ. ഇതുപോലെ ഒരു കോമ്പിനേഷനില്‍ വന്നാല്‍ നന്നായിരിക്കും. ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രി തന്നെ സൂപ്പറാകും. പുറത്തുനിന്ന് നോക്കുന്നവര്‍ തങ്ങളുടെ ഇന്‍ഡസ്ട്രിയേക്കാള്‍ ഇവരുടെ ഇന്‍ഡസ്ട്രി കൊള്ളാമല്ലോയെന്ന് ചിന്തിക്കും,’ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.


Content Highlight: Alphonse Puthran Talks About A Movie With Rajinikanth And Mammootty