national news
കോണ്‍ഗ്രസിന് തിരിച്ചടി; ഫെഡറല്‍ മുന്നണിയോടാണ് താല്‍പര്യമെന്ന് അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 26, 09:49 am
Wednesday, 26th December 2018, 3:19 pm

ലക്‌നൗ: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ പിന്തുണച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഫെഡറല്‍ മുന്നണിയോടാണ് താല്‍പര്യമെന്നും ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടുമെന്നുമാണ് അഖിലേഷ് പറഞ്ഞത്.

ഡിസംബര്‍ 25നോ 26നോ തെലങ്കാന മുഖ്യമന്ത്രിയെ കാണേണ്ടതായിരുന്നു. എന്നാല്‍ തനിക്ക് സമയം അനുവദിച്ചില്ല. ജനുവരി 6നുശേഷം വീണ്ടും അദ്ദേഹത്തോട് സമയം ചോദിക്കുമെന്നും അഖിലേഷ് പറഞ്ഞു.

മധ്യപ്രദേശ് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് ഒരു മന്ത്രിയേയും ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ സഖ്യം സംബന്ധിച്ച തീരുമാനത്തില്‍ അഖിലേഷിനു മുമ്പില്‍ മറ്റു തടസങ്ങളൊന്നുമില്ല.

Also read:ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് അവസാനിപ്പിച്ച് കല്‍ക്കരി ഖനിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കൂ; മോദിയോട് രാഹുല്‍

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ വിശാല മുന്നണിക്കു ബദലായാണ് ചന്ദ്രശേഖര റാവു ഫെഡറല്‍ മുന്നണിക്കു രൂപം കൊടുത്തത്. മുന്നണി രൂപവത്കരണ ശ്രമത്തിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുമായും നവീന്‍ പട്‌നായിക്കുമായും ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.

ബി.എസ്.പി നേതാവ് മായാവതിയുമായും റാവു കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ യു.പി.എ, എന്‍.ഡി.എ മുന്നണികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്കുകൂട്ടലിലാണ് കെ.സി.ആറിന്റെ നീക്കം.