'ഒ. രാജഗോപാല്‍ വി.എസിനേയും ഗൗരിയമ്മയേയും പോലെ' ; എ.കെ ബാലന്റെ പ്രസ്താവന വിവാദമാകുന്നു
Kerala News
'ഒ. രാജഗോപാല്‍ വി.എസിനേയും ഗൗരിയമ്മയേയും പോലെ' ; എ.കെ ബാലന്റെ പ്രസ്താവന വിവാദമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th September 2018, 4:38 pm

തിരുവനന്തപുരം: വി.എസ് അച്യുതാനനന്ദനേയും കെ.ആര്‍ ഗൗരിയമ്മയേയും പോലെ സമാദരണീയനായ രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയാണ് ഒ രാജഗോപാല്‍ എന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവന വിവാദമാകുന്നു.

ഒ. രാജഗോപാല്‍ എം.എല്‍.എയുടെ നവതി ആഘോഷത്തിന് തുടക്കം കുറിച്ച് ജന്മഗ്രാമമായ മണപ്പാടം കണ്ണന്നൂരിലെ ശ്രീകാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിര്‍മിച്ച നവതി സ്മൃതി മണ്ഡപത്തിന്റെ സമര്‍പ്പണചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഒ. രാജഗോപാലിനെ വി.എസുമായും ഗൗരിയമ്മയുമായും എ.കെ ബാലന്‍ താരതമ്യം ചെയ്തത്.

വി.എസിനേയും ഗൗരിയമ്മയേയും പോലെ പല കാരണങ്ങളാലും സമാദരണീയനായ രാഷ്ട്രീയപ്രവര്‍ത്തകനാണ് ഒ. രാജഗോപാലെന്നും രാഷ്ട്രീയ വിമര്‍ശനങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുന്ന അദ്ദേഹം വാക്കുകള്‍ കൊണ്ടുപോലും എതിരാളികളെ നോവിക്കാറില്ലെന്നുമായിരുന്നു എ.കെ ബാലന്‍ പറഞ്ഞത്.

എക്കാലത്തും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സൗമ്യതയും വിനയവും കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തപ്പെടട്ടെയെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു.

എ.കെ ബാലന്റെ പ്രസ്താവന വിവാദമായതോടെ കടുത്ത വിമര്‍ശനമാണ് അദ്ദേഹത്തിന് നേരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

കേരളത്തിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്-ജനാധിപത്യ ബോധമുള്ളവരായ വി.എസ്.അച്യുതാനന്ദനെയും കെ.ആര്‍.ഗൗരിയമ്മയെയും കേരളത്തിലെ ബി.ജെ.പി നേതാവുമായി തുലനം ചെയ്യാന്‍ ഒരു മന്ത്രി തന്നെ രംഗത്തെത്തിയത് നന്നായെന്ന പരിഹാസമാണ് ചിലര്‍ ഉയര്‍ത്തുന്നത്.

വിയോജിപ്പുകളും വിമര്‍ശനങ്ങളും വി.എസിനോടും ഗൗരിയമ്മയോടും ഉണ്ട്. ഇഷ്ടക്കേടുകളുമൊക്കെ പല വിഷങ്ങളിലും. എന്നാലും കഴിഞ്ഞകാല കേരള രാഷ്ട്രീയ ചരിത്രത്തിലെ വി.എസിന്റേയും ഗൗരിയമ്മയുടേയും പങ്ക് ഒ. രാജഗോപാലിനെപ്പോലുള്ളവരുടേതിന് തുല്യമായിരുന്നു എന്ന എ.കെ ബാലന്റെ പ്രസ്താവന കാണുമ്പോള്‍ സത്യത്തില്‍ വേദനയല്ല ഭയം തന്നെയാണ് ഉണ്ടാക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ചിലര്‍ പങ്കുവെക്കുന്നത്.

കേരളത്തിലും സംഘപരിവാര്‍ എത്രത്തോളം പിടിമുറുക്കിയിരിക്കുന്നുവെന്ന് മാത്രമല്ല സി.പി.ഐ.എം പ്രമുഖ വക്താക്കള്‍ പോലും അവര്‍ക്ക് നല്‍കുന്ന വിസിബിലിറ്റിയും പ്രധാന്യവും എത്ര അപകടകരമായ വിധം മാറിയിരിക്കുന്നു എന്നു കൂടിയാണ്. ഇടത് സര്‍ക്കാര്‍/ഭരണകൂടം സംഘപരിവാരങ്ങള്‍ക്കു മുമ്പില്‍ ഓഛാനിച്ചു നില്‍ക്കുന്നതിന്റെ പിന്നാമ്പുറവും വ്യത്യസ്തമല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

“”ഒന്നു ശരിയാണ്, ഒ. രാജഗോപാല്‍ സൗമ്യനാണ്, ശാന്തനാണ്, മിതഭാഷിയാണ്. എതിരാളികള്‍ക്കുപ്പോലും വ്യക്തിവിദ്വേഷം തോന്നാന്‍ ഇടയില്ലാത്ത ആളാണ്. ഇന്ന്, ഭൗതികമോഹങ്ങള്‍ ഇല്ലാത്ത ആത്മീയവാദിയാണ്. എന്നാല്‍, വി.എസ് അച്യുതാനന്ദനും കെ.ആര്‍ ഗൗരിയമ്മയും അത്ര സൗമ്യരല്ല. ചിലര്‍ക്കൊക്കെ അവരോട് വ്യക്തി വിദ്വേഷം പോലുമുണ്ട്. പലപ്പൊഴും ദേഷ്യപ്പെടാറുള്ള, എതിരാളികളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന, തികഞ്ഞ ഭൗതികവാദികളായ നേതാക്കളാണ് ഇരുവരും.

പക്ഷേ, ഓര്‍ക്കണം. വ്യക്തിപരമായ തന്റെ സൗമ്യത മുഴുവനും ജീവിതത്തില്‍ ഉടനീളം ഒ. രാജഗോപാല്‍ നിക്ഷേപിച്ചത് വര്‍ഗീയരാഷ്ട്രീയത്തിലാണ്. ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയജീവിതത്തിലുടനീളം അദ്ദേഹം തന്റെ “സൗമ്യതയും ശാന്തതയും”കൊണ്ടു സഞ്ചരിച്ചത് ഹിംസാത്മക മതവാദ രാഷ്ട്രീയത്തിനൊപ്പമാണ്.

വി. എസും ഗൗരിയമ്മയും തങ്ങളുടെ കണിശതയും ഊര്‍ജ്ജവും മുഴുവന്‍ നിക്ഷേപിച്ചത് വര്‍ഗ്ഗരാഷ്ട്രീയത്തിലാണ്.
പോയ എഴുപതു വര്‍ഷങ്ങളില്‍ അവര്‍ തങ്ങളുടെ മാനുഷികമായ എല്ലാ സ്വഭാവ ദൗര്‍ബല്യങ്ങളോടും കൂടിത്തന്നെ സഞ്ചരിച്ചത് ഈ നാട്ടിലെ അടിസ്ഥാനവര്‍ഗ്ഗ രാഷ്ട്രീയത്തിനൊപ്പമാണ്.

ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ പ്രസക്തി തങ്ങള്‍ ജനിച്ചുവളര്‍ന്ന സമൂഹത്തെ ബോധ്യപ്പെടുത്തി അംഗീകാരം നേടിയെടുക്കുന്നതില്‍ വിജയിച്ച നേതാക്കളാണ് വി.എസും കെ.ആര്‍ ഗൗരിയമ്മയും. താന്‍ ജനിച്ചുവളര്‍ന്ന ദേശത്തെ തന്റെ രാഷ്ട്രീയം അത്രയൊന്നും ബോധ്യപ്പെടുത്താന്‍ കഴിയാതെപോയ വ്യക്തിയാണ് രാജഗോപാല്‍.- എം. അബ്ദുള്‍റഷീദ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

“”അധികാരം ഉള്ളപ്പോഴും അല്ലാത്തപ്പോഴും രാഷ്ട്രീയം മടുക്കാത്ത, ഈ വാര്‍ധക്യത്തിലും ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന നേതാക്കളാണ് വി.എസും ഗൗരിയമ്മയും. അവസാന ശ്വാസംവരെ ഈ നാടിന്റെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുമെന്ന് പലകുറി പറഞ്ഞവരാണ്.

തനിക്ക് രാഷ്ട്രീയം മടുത്തുകഴിഞ്ഞെന്നും ഇനിയുള്ള കാലം മോക്ഷമന്ത്രങ്ങളുമായി ആശ്രമജീവിതമാണ് ആഗ്രഹിക്കുന്നതെന്നും തുറന്നു പറഞ്ഞുകഴിഞ്ഞ ജനപ്രതിനിധിയാണ് രാജഗോപാല്‍.

അതുകൊണ്ട്, വിഎസ് അച്യുതാനന്ദനെയും,ഗൗരിയമ്മയെയും പോലെ സമാദരണീയനായ രാഷ്ടീയ പ്രവര്‍ത്തകനാണ് ഒ.രാജഗോപാലെന്ന് ആരു പറഞ്ഞാലും ശരി, പറഞ്ഞയാള്‍ രാഷ്ട്രീയബോധത്തില്‍ “വെറും ബാലന്‍” ആണെന്ന് പറയേണ്ടിവരും.

അതു പറയുന്നത് സി.പി.എം പോലൊരു പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിയംഗം ആണെങ്കിലും ശരി അയാളുടെ കമ്യുണിസ്റ്റ് ബോധത്തെ സംശയിക്കേണ്ടിവരും. “രാഷ്ട്രീയത്തിലെ ധാര്‍മ്മിക പ്രവര്‍ത്തനങ്ങളുടെ ഉത്തമോദാഹരണമാണ് രാജഗോപാല്‍” എന്നൊക്കെ തട്ടിവിടുമ്പോള്‍ അതിനെ ചോദ്യം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

സംഘപരിവാറിന്റെ ചെയ്തികളോട് സമമാണ് ചില ഇടത് സര്‍ക്കാര്‍ നയങ്ങള്‍ എന്ന വിമര്‍ശനത്തോട് പോലും അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന സഖാക്കള്‍ എന്തുകൊണ്ടാണ് എ.കെ ബാലന്റെ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കാത്തത് എന്ന് ചോദ്യമാണ് ഉയരുന്നത്.