Advertisement
Nation Lockdown
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കയ്പ് കഷായം, എങ്കിലും അനുസരിക്കണം; വേണ്ടത് ഉദാരമായ സാമ്പത്തിക പാക്കേണ് ആണെന്നും എ.കെ ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 14, 06:03 am
Tuesday, 14th April 2020, 11:33 am

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കയ്പ് കഷായമാണെങ്കിലും രാജ്യം അത് അനുസരിക്കുക തന്നെ വേണമെന്ന് എ.കെ ആന്റണി.  മഹാരാഷ്ട്ര, തമിഴ്‌നാട്, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോവുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അനുസരണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാളത്തെ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ ഉദാരമായി സാമ്പത്തിക ആശ്വസ പാക്കേജ് കൂടി പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കില്‍ രാജ്യത്ത് ലോക് ഡൗണ്‍ നീളുംതോറും സാധാരണ ജനങ്ങളുടെ ദുരിതം കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിക്കുമെന്നും അപ്പോള്‍ ലോക്ഡൗണ്‍ മൂലം ഉണ്ടാകുന്നതിനെക്കാള്‍ ഗുരുതരമായ ദുരന്തങ്ങള്‍ രാജ്യത്ത് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ലോക്ഡൗണ്‍ മേയ് 3 വെര നീട്ടുന്നതായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യം 19 ദിവസം കൂടി സമ്പൂര്‍ണമായും അടച്ചിടുമെന്നും ലോക് ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നാളെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നാളെ മുതല്‍ ഒരാഴ്ചത്തേക്ക് രാജ്യത്ത് കടുത്ത നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഏപ്രില്‍ 20 ന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ അവലോകനം ചെയ്യേണ്ടതുണ്ടെന്നും രോഗവ്യാപനം കുറയുന്ന ഇടങ്ങളില്‍ ഏപ്രില്‍ 20 ന് ശേഷം ഉപാധികളോടെ ഇളവുകള്‍ നല്‍കുമെന്നും സാഹചര്യം മാറിയാല്‍ ഇളവുകല്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, മുതിര്‍ന്നവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണം, ആരോഗ്യപ്രവര്‍ത്തകരെ മാനിക്കണം, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം, പ്രതിരോധ ശേഷികൂട്ടുക, പാവപ്പെട്ടവരെ സഹായിക്കുക, ജീവനക്കാരെ പിരിച്ചു വിടരുത് തുടങ്ങിയ ഏഴ് നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്.സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം അണിയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ