ഇന്ത്യയ്ക്ക് വേണ്ടി വി.വി.എസ്. ലക്ഷ്മണ്‍ ചെയ്തത് തന്നെയാണ് അശ്വിനും ചെയ്തത്: അജയ് ജഡേജ
Sports News
ഇന്ത്യയ്ക്ക് വേണ്ടി വി.വി.എസ്. ലക്ഷ്മണ്‍ ചെയ്തത് തന്നെയാണ് അശ്വിനും ചെയ്തത്: അജയ് ജഡേജ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th September 2024, 9:07 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ മത്സരം ആദ്യ ടെസ്റ്റിലെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സാണ് ടീം നേടിയത്.

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ ആര്‍. അശ്വിന്റേയും രവീന്ദ്ര ജഡേജയുടെയും മിന്നും പ്രകടനമാണ് ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയത്. 92 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയാണ് ജഡേജ ക്രീസില്‍ തുടരുന്നത്. എന്നാല്‍ അശ്വിന്‍ 112 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 102 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്.

അശ്വിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇപ്പോള്‍ നേടാന്‍ സാധിച്ചത്. ഇതോടെ മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മുന്‍ താരം വി.വി.എസ്. ലക്ഷ്മണനെപ്പോലെയാണ് അശ്വിന്‍ ബാറ്റ് ചെയ്തതെന്ന് അജയ് ജഡേജ പറഞ്ഞു.

‘ഒന്നാം ഇന്നിങ്സില്‍ ലക്ഷ്മണനെപ്പോലെയാണ് അദ്ദേഹം കളിച്ചത്. വാസ്തവത്തില്‍ ഇന്ത്യക്ക് വേണ്ടി നിരവധി മാച്ച് വിന്നിങ് കളിച്ച വി.വി.എസ്. ലക്ഷ്മണിനെയാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. ടീമിന് വേണ്ടിയും അശ്വിന്‍ അത് തന്നെയാണ് ചെയ്യുന്നത്. ദേശീയ ടീമിനൊപ്പമുള്ള സമയത്തിലുടനീളം ലക്ഷ്മണ്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തു. അശ്വിന് സമാനമായ ബാറ്റിങ് സ്ഥാനമായിരുന്നു അദ്ദേഹത്തിന്,’അജയ് ജഡേജ ജിയോസിനിമയില്‍ പറഞ്ഞു.

മത്സരത്തില്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെ മിന്നും പ്രകടനത്തിലാണ് ഇന്ത്യ തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ജെയ്സ്വാള്‍ 118 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ അടക്കം 56 റണ്‍സ് നേടിയാണ് മടങ്ങിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി.

പിന്നീട് ടീം 28 റണ്‍സില്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനേയും ഇന്ത്യക്ക് നഷ്ടമായി. ഹസന്‍ തന്നെയാണ് ഗില്ലിനെയും പുറത്താക്കിയത്. എട്ട് പന്തില്‍ റണ്‍സൊന്നും നേടാതെയാണ് ഗില്‍ പുറത്തായത്.
സ്‌കോര്‍ 34ല്‍ നില്‍ക്കെ വിരാട് കോഹ്‌ലിയും പുറത്തായി. ആറ് പന്തില്‍ ആറ് റണ്‍സ് നേടിയിരിക്കെ ഹസന്റെ പന്തില്‍ ലിട്ടണ്‍ ദാസിന് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.

 

Content Highlight: Ajay Jadeja Talking About R. Ashwin